പരുക്കേറ്റ സാരസ് കൊക്കിനെ ഒന്നര വര്‍ഷം സംരക്ഷിച്ചു; സുഖപ്പെട്ടപ്പോള്‍ വനംവകുപ്പ് ഏറ്റെടുത്തു, യുവാവിനെതിരെ കേസ്
പരുക്കേറ്റ നിലയില്‍ കണ്ടെത്തിയ സാരസ് കൊക്കിനെ രക്ഷപ്പെടുത്തി പരിപാലിച്ച യുവാവിനെതിരെ കേസ്. ഉത്തര്‍പ്രദേശ് സ്വദേശിയായ ആരിഫ് ഖാന്‍ ഗുര്‍ജറിനെതിരെയാണ് വനംവകുപ്പ് കേസെടുത്തത്. ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന പക്ഷി പദവിയുള്ള സാരസ് കൊക്കിനെ സംരക്ഷിക്കുന്ന ആരിഫ് ഖാനെ കുറിച്ചുള്ള വാര്‍ത്തകള്‍ അടുത്തിടെ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് യുപി വനം വകുപ്പിന്റെ ഇടപെടല്‍. പക്ഷിയെ പിടിച്ചെടുത്ത വനം വകുപ്പ് ഇതിനെ സമസ്പൂര്‍ സങ്കേതത്തില്‍ തുറന്നുവിടുകയും ചെയ്തു.
ഉത്തര്‍ പ്രദേശിന്റെ സംസ്ഥാന പക്ഷിയാണ് സാരസ് കൊക്ക്
വന്യജീവി സംരക്ഷണ നിയമം അനുസരിച്ചാണ് ആരിഫിനെതിരെ വനം വകുപ്പിന്റെ നടപടി. എന്നാല്‍, ഇതില്‍ അസ്വാഭാവികമായി ഒന്നുമില്ലെന്നും ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു. ആരിഫ് ഖാന്റെ മൊഴി രേഖപ്പെടുത്തുന്നതിന് വേണ്ടി ഹാജരാജാന്‍ ആവശ്യപ്പെട്ട് നോട്ടീസ് നല്‍കുകയാണ് ചെയ്തത്. ഇതോടൊപ്പം പക്ഷിയെ അതിന്റെ സ്വാഭാവിക ചുറ്റുപാടിലേക്ക് മാറ്റുകയാണ് ഉണ്ടായത് എന്നും ഉദ്യോഗസ്ഥര്‍ വിശദീകരിക്കുന്നു. ഇണകളായി ജീവിക്കുന്നവയാണ് സാരസ് കൊക്കുകള്‍ എന്നും വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.
അമേഠി ജില്ലയിലെ മാണ്ഡ്ഖ ഗ്രാമത്തില്‍ നിന്നാണ് പരുക്കേറ്റ നിലയില്‍ സാരസ് കൊക്കിനെ ആരിഫ് ഖാന്‍ ഗുര്‍ജറിന് ലഭിച്ചത്. പിന്നീടുള്ള പതിമൂന്ന് മാസത്തോളം അദ്ദേഹം പക്ഷിയെ പരിപാലിച്ച് വരികയായിരുന്നു. ഇതിനിടെ പരുക്കുകള്‍ ഭേദമായതോടെ പക്ഷി ആരിഫ് ഖാനോട് ഇണങ്ങുകയും സന്തത സഹചാരിയാവുകയുമായിരുന്നു.
'വലയില്‍ കുടുങ്ങി കാലൊടിഞ്ഞ നിലയിലായിരുന്നു സാരസ് കൊക്കിനെ കിട്ടിയത്. പക്ഷിയെ വീട്ടിലെത്തിച്ച് പരിപാലിച്ചു. മുറിവില്‍ മഞ്ഞളും, കടുക് എണ്ണയുടെ പേസ്റ്റും പുരട്ടി, കാലില്‍ ഒരു വടി ചേര്‍ത്ത് കെട്ടി. താന്‍ വളര്‍ത്തുന്ന കോഴികള്‍ക്ക് പരുക്കേറ്റാലും ഇത്തരത്തിലാണ് ചെയ്യാറുള്ളത്. പരുക്കില്‍ നിന്ന് മുക്തനായെങ്കിലും പക്ഷി കാട്ടിലേയ്ക്ക് പറന്നു പോകാതെ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. മോട്ടോര്‍ സൈക്കിള്‍ സവാരിക്ക് പോകുമ്പോള്‍ പോലും അത് തന്നെ പിന്തുടരുമായിരുന്നു. സംരക്ഷണം നല്‍കിയെങ്കിലും കൊക്കിനെ ഒരിക്കലും താന്‍ ബന്ധിയാക്കിയിട്ടില്ല'. ആരിഫ് പറയുന്നു.
അതേസമയം, ആരിഫ് ഖാനും- സാരസ് കൊക്കും യുപിയില്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് കൂടി വഴിവച്ചിരിക്കുകയാണ്. വനം വകുപ്പിന്റെ നടപടിയെ അപലപിച്ച് യുപി പ്രതിപക്ഷ നേതാവും സമാജ് വാദി പാര്‍ട്ടി നേതാവുമായ അഖിലേഷ് യാദവ് രംഗത്തെത്തി. വിഷയം പരാമര്‍ശിച്ച് വാര്‍ത്താ സമ്മേളനം നടത്തിയ അദ്ദേഹം യുപി സര്‍ക്കാറിനെയും, ബിജെപിയെയും രൂക്ഷമായ ഭാഷയിലാണ് വിമര്‍ശിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വസതിയില്‍ നിന്ന് മയിലുകളെ കൊണ്ടുപോകാന്‍ ഏതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ധൈര്യമുണ്ടോയെന്നും അഖിലേഷ് ചോദിച്ചു.
നേരത്തെ സാരസ് കൊക്കുമായുള്ള തമ്മിലുള്ള ബന്ധം വാര്‍ത്തയായതിന് പിന്നാലെ അഖിലേഷ് യാദവ് ആരിഫ് ഖാനെ സന്ദര്‍ശിച്ചിരുന്നു. പക്ഷിക്കും ആരിഫ് ഖാനുമൊപ്പമുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു.
തണ്ണീർത്തട മേഖലകളില്‍ സാധാരണയായി കാണപ്പെടുന്നവയാണ് സാരസ് കൊക്കുകള്‍. 1972 ലെ വന്യജീവി സംരക്ഷണ നിയമത്തിലെ ഷെഡ്യൂൾ 3 പ്രകാരം സംരക്ഷിക്കപ്പെടുന്നവയുമാണ് ഇവ. വലിയ ഉയരത്തിൽ പറക്കാൻ സാധിക്കുന്ന പക്ഷികളായ ഇവയ്ക്ക് 150 സെന്റീമീറ്റർ വരെ ഉയരം ഉണ്ടാകാറുണ്ട്.