Today In History : 1920 ഒക്ടോബർ 17- 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി'യുടെ രൂപീകരണ ദിനം

Today In History : 1920 ഒക്ടോബർ 17- 'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി'യുടെ രൂപീകരണ ദിനം

കമ്മ്യൂണിസ്റ്റ് ഇന്റർനാഷണലിന്റെ രണ്ടാം സമ്മേളനത്തിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണം നടക്കുന്നത്
Updated on
1 min read

1917ലെ റഷ്യൻ വിപ്ലവം ആഗോള സമൂഹത്തെ വലിയ തോതിൽ സ്വാധീനിച്ചിരുന്ന കാലം. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിനെതിരെ പോരാടിയിരുന്ന ഇന്ത്യയിലെ വിപ്ലവകാരികൾക്കും റഷ്യ ഒരു പ്രചോദനമായി. അക്കാലത്ത് ഇന്ത്യയിൽ നിന്ന് നാട് കടത്തപ്പെട്ട പല നേതാക്കളും ലെനിനുമായും ബോൾഷെവിക് പാർട്ടിയുമായും ബന്ധം പുലർത്തിയിരുന്നു. അതായിരുന്നു 1913-14ൽ ഗദ്ദർ പാർട്ടിയുടെ രൂപീകരണത്തിലേക്ക് നയിച്ചതും. പിന്നീട് 1920ൽ നടന്ന കമ്മ്യൂണിസ്റ്റ് തേർഡ് ഇന്റർനാഷണലിന്റെ രണ്ടാം ലോക കോൺഗ്രസിലാണ് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ രൂപീകരണത്തിന് കളമൊരുങ്ങുന്നത്.

പാർട്ടിയുടെ നടപടി ക്രമങ്ങൾ പൂർത്തിയാകുന്നതിന് മേൽനോട്ടം വഹിച്ചത് കോമിന്റേൺ രൂപം കൊടുത്ത 'സ്മാൾ ബ്യൂറോ' എന്ന ഉപസമിതി ആയിരുന്നു. പിന്നീട് സെപ്റ്റംബറിൽ സാമ്രാജ്യത്വത്തിനെതിരെ പോരാടുക എന്ന ലക്ഷ്യത്തോടെ സോവിയറ്റ് യൂണിയനിലെ ബാക്കുവിൽ കിഴക്കേഷ്യൻ ജനതയുടെ ആദ്യ കോൺഗ്രസ് സംഘടിപ്പിച്ചു. ഇതിന് പിന്നാലെയാണ് ഒക്ടോബർ 17ന് താഷ്കെന്റിൽ വെച്ച് കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ പിറവി കൊണ്ടത്. എം എൻ റോയ്, എവ്‌ലിൻ റോയ്-ട്രെന്റ്, അബാനി മുഖർജി, റോസ ഫിറ്റിങ്ങൊവ്, മുഹമ്മദ് അലി, മുഹമ്മദ് ഷഫീഖ്, ആചാര്യ എന്നിവരായിരുന്നു സ്ഥാപക അംഗങ്ങൾ. പാർട്ടിയുടെ സെക്രട്ടറിയായി ഷഫീഖിനെയും സോഷ്യലിസ്റ്റ് തുർക്കിസ്ഥാൻ ആസ്ഥാനമായുള്ള പാർട്ടി ബ്യൂറോയുടെ സെക്രട്ടറിയായി റോയിയെയും മിനിറ്റ്സിൽ ഒപ്പിട്ട ചെയർമാനായി ആചാര്യയെയും തിരഞ്ഞെടുത്തു.

'ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടി' എന്ന പേരായിരുന്നു ആദ്യ യോഗത്തിൽ തീരുമാനിക്കപ്പെട്ടത്. ഉദ്‌ഘാടന യോഗത്തിൽ തന്നെ കോമിന്റേണിന്റെ തത്വങ്ങൾ അംഗീകരിക്കുകയും 'ഇന്ത്യയുടെ സാഹചര്യങ്ങൾക്ക് അനുയോജ്യമായ' തരത്തിൽ ഭേദഗതികൾ കൊണ്ടുവരാനും തീരുമാനമെടുത്തു. വിദേശത്തുള്ള അവരുടെ പ്രവർത്തനങ്ങൾ ഇന്ത്യയ്ക്കുള്ളിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രൂപീകരണത്തിന് ഉത്തേജനം നൽകി. തുടർന്ന് ഇന്ത്യയിലെ പ്രസ്ഥാനം മാർക്സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്ട്രീയത്തിലേക്ക് തിരിയുകയും ബോംബെ, കൽക്കട്ട, മദ്രാസ്, ലാഹോർ, കാൺപൂർ എന്നിവിടങ്ങളിൽ 1921ന്റെ അവസാനത്തിലും 1922 ലുമായി ചെറിയ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകൾ സംഘടിപ്പിക്കുകയും ചെയ്തു.

logo
The Fourth
www.thefourthnews.in