പാകിസ്താന് വേണ്ടി ചാരപ്രവര്‍ത്തനം: ബ്രഹ്‌മോസ് എയറോസ്‌പേസ് മുന്‍ എഞ്ചിനീയര്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ
പാകിസ്താനിലെ രഹസ്യാന്വേഷണ ഏജന്‍സി ഐഎസ്‌ഐയ്ക്കായി ചാരപ്രവര്‍ത്തനം നടത്തിയ സംഭവത്തിൽ ബ്രഹ്‌മോസ് എയറോസ്‌പേസ് മുന്‍ എഞ്ചിനീയര്‍ക്ക് ജീവപര്യന്തം ശിക്ഷ. നാഗ്പൂര്‍ ജില്ലാ കോടതിയാണ് എഞ്ചിനീയറായിരുന്ന നിഷാന്ത് അഗര്‍വാളിന് ശിക്ഷ വിധിച്ചത്. ഔദ്യോഗിക രഹസ്യ നിയമം, ക്രിമിനല്‍ നടപടി ചട്ടത്തിലെ 235ാം വകുപ്പ്, ഐടി നിയമത്തിലെ വകുപ്പ് 66 (എഫ്) എന്നിവ പ്രകാരം നിഷാന്തിന് 14 വര്‍ത്തെ ജീവപര്യന്തവും 3000 രൂപ പിഴയും ചുമത്തിയിട്ടുണ്ടെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം വി ദേശ് പാണ്ഡെ.
നാഗ്പൂരിലെ ബ്രഹ്‌മോസ് എയറോസ്‌പേസ് മിസൈല്‍ കേന്ദ്രത്തിലായിരുന്നു നിഷാന്ത് അഗര്‍വാള്‍ ജോലി ചെയ്തത്. സാങ്കേതിക ഗവേഷണ വിഭാഗത്തില്‍ ജോലി ചെയ്യവേയാണ് 2018ല്‍ ഇദ്ദേഹം അറസ്റ്റിലാകുന്നത്. സൈനിക വിദഗ്ദരുടെയും ഉത്തര്‍പ്രദേശിലെയും മഹാരാഷ്ട്രയിലെയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെയും സംയുക്ത പ്രവര്‍ത്തനത്തിലൂടെയാണ് നിഷാന്തിനെ അറസ്റ്റ് ചെയ്തത്.
ബ്രഹ്‌മോസ് മിസൈലിനെക്കുറിച്ചുള്ള തന്ത്രപ്രധാനമായ സാങ്കേതിക വിവരങ്ങള്‍ ഐഎസ്‌ഐക്ക് കൈമാറിയെന്നാണ് നിഷാന്തിനെതിരെരായ കുറ്റം. നാലു വര്‍ഷമായി ബ്രമോസിലെ എഞ്ചിനീയറായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ഏപ്രിലില്‍ ബോംബെ ഹൈക്കോടതിയിലെ നാഗ്പൂര്‍ ബെഞ്ച് നിഷാന്തിന് ജാമ്യം നല്‍കിയിരുന്നു. നേഹ ശര്‍മ, പൂജ രഞ്ജന്‍ എന്നീ രണ്ട് ഫേസ്ബുക്ക് അക്കൗണ്ടുകളിലൂടെയാണ് നിഷാന്ത് പാകിസ്ഥാന്‍ രഹസ്യാന്വേഷണ പ്രവര്‍ത്തകരുമായി ബന്ധപ്പെട്ടത്.
കുരുക്ഷേത്രയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ പഠിച്ച നിഷാന്ത് ഡിഫന്‍സ് റിസര്‍ച്ച് ആന്‍ഡ് ഡെവലപ്‌മെന്റ് ഓര്‍ഗനൈസേഷന്റെ യംഗ് സയന്റിസ്റ്റ് അവാര്‍ഡ് ജേതാവ് കൂടിയാണ്.