മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദി ബിജെപി വിട്ടു; സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് പിന്നാലെ കര്‍ണാടകത്തില്‍ പൊട്ടിത്തെറി

മുന്‍ ഉപമുഖ്യമന്ത്രി ലക്ഷ്മണ്‍ സവദി ബിജെപി വിട്ടു; സ്ഥാനാര്‍ത്ഥിപ്പട്ടികയ്ക്ക് പിന്നാലെ കര്‍ണാടകത്തില്‍ പൊട്ടിത്തെറി

ജഗദീഷ് ഷട്ടറിനെ അനുനയിപ്പിക്കാന്‍ നദ്ദ
Updated on
2 min read

നിയമസഭാ തിരഞ്ഞെടുപ്പിന് ഒന്നാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചതിന് പിന്നാലെ കര്‍ണാടക ബിജെപിയില്‍ പൊട്ടിത്തെറി. യെദ്യൂരപ്പ മന്ത്രിസഭയില്‍ ഉപമുഖ്യമന്ത്രിയായിരുന്ന മുതിര്‍ന്ന ബിജെപി നേതാവ് ലക്ഷ്മണ്‍ സവദി പാര്‍ട്ടി വിട്ടു. നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ടിക്കറ്റ് നിഷേധിച്ചതിനെത്തുടര്‍ന്നാണ് പാര്‍ട്ടി അംഗത്വം രാജി വച്ചത്. ബെലഗാവിയിലെ അത്താനി മണ്ഡലത്തില്‍ സവദിക്കു പകരം പഴയ കോണ്‍ഗ്രസ് വിമതനായ മഹേഷ് കുംത്തഹള്ളിക്കാണ് ബിജെപി ഇത്തവണ സീറ്റ് നല്‍കിയത്.

ബിജെപി നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ത്തിയാണ് സവദിയുടെ രാജി പ്രഖ്യാപനം. തന്റെ നേതാവായിരുന്ന യെദ്യൂരപ്പയടക്കം തന്നോട് നീതി കാട്ടിയില്ലെന്ന് രാജി അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സവദി കുറ്റപ്പെടുത്തി. പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വം രാജിവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.


ബെലഗാവി നോര്‍ത്തില്‍ ടിക്കറ്റ് കിട്ടാത്ത അനില്‍ ബനേകിന് വേണ്ടി അനുയായികള്‍  പ്രതിഷേധിച്ചപ്പോള്‍
ബെലഗാവി നോര്‍ത്തില്‍ ടിക്കറ്റ് കിട്ടാത്ത അനില്‍ ബനേകിന് വേണ്ടി അനുയായികള്‍ പ്രതിഷേധിച്ചപ്പോള്‍

2018 ല്‍, കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായിരുന്ന മഹേഷ് കുംത്തഹള്ളിയോട് അത്താനിയില്‍ സവദി പരാജയപ്പെട്ടിരുന്നു. ജെഡിഎസ് - കോണ്‍ഗ്രസ് സഖ്യ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കുംതഹള്ളി ബിജെപിയിലേക്ക് കൂറുമാറിയതോടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് വരികയും ഇതേ മണ്ഡലത്തില്‍ അദ്ദേഹം ബിജെപി ടിക്കറ്റില്‍ മത്സരിച്ചു ജയിക്കുകയുമായിരുന്നു. 2018 ല്‍ തോറ്റ ലക്ഷ്മണ്‍ സവദിയെ ഒഴിവു വന്ന സീറ്റില്‍ (എംഎല്‍സി) ഉപരിസഭാംഗമാക്കിയായിരുന്നു യെദ്യൂരപ്പ ഉപമുഖ്യമന്ത്രിയാക്കിയത്. ഇത്തവണ തിരഞ്ഞെടുപ്പില്‍ ഉറപ്പായും അത്താനിയില്‍ ടിക്കറ്റ് നല്‍കുമെന്ന് വാഗ്ദാനവും നല്‍കിയിരുന്നു. ആ ഉറപ്പ് പാലിക്കാതെയാണ് ചൊവ്വാഴ്ച ബിജെപി യുടെ സ്ഥാനാർത്ഥിപ്പട്ടിക പുറത്തിറക്കിയത്.

ജയനഗറില്‍ സീറ്റ് നിഷേധിക്കപ്പെട്ട എന്‍ ആര്‍ രമേശിന്റെ അനുയായികളുടെ പ്രതിഷേധം
ജയനഗറില്‍ സീറ്റ് നിഷേധിക്കപ്പെട്ട എന്‍ ആര്‍ രമേശിന്റെ അനുയായികളുടെ പ്രതിഷേധം

പട്ടിക പുറത്തുവിട്ടതിന് പിന്നാലെ സവദിക്ക് വേണ്ടി വലിയ പ്രതിഷേധങ്ങളാണ് വിവിധയിടങ്ങളില്‍ ഉയര്‍ന്നത്. ചൊവ്വാഴ്ച രാത്രിയോടെ തന്നെ സംഘടിച്ച അനുയായികള്‍ കര്‍ണാടക ബിജെപി നേതൃത്വത്തിനെതിരെ മുദ്രാവാക്യങ്ങളുമായി തെരുവിലിറങ്ങി.

ബെലഗാവിക്ക് പുറമെ കിട്ടൂര്‍ കര്‍ണാടക (മുംബൈ-കര്‍ണാടക ) മേഖലയില്‍ ബിജെപിയുടെ ശക്തനായ നേതാവാണ് ലിംഗായത് സമുദായക്കാരനായ സവദി. യെദ്യുരപ്പയുടെ അടുത്ത അനുയായി ആയാണ് സവദി കണക്കാക്കപ്പെടുന്നത്. നിയമസഭയിലിരുന്ന് മൊബൈലില്‍ പോണ്‍ വീഡിയോ കണ്ട കേസില്‍ 2012 ല്‍ സദാനന്ദ ഗൗഡ മന്ത്രിസഭയില്‍നിന്ന് രാജിവയ്ക്കേണ്ടി വന്നിരുന്നു.

മുതിര്‍ന്ന നേതാക്കളായ കെ എസ് ഈശ്വരപ്പക്കും ജഗദീഷ് ഷട്ടറിനും പിറകെ ലക്ഷ്മണ്‍ സവദിയും നേതൃത്വത്തിനെതിരെ തുറന്ന യുദ്ധം പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. പ്രധാന മേഖലകളിലെ സ്വാധീനമുള്ള നേതാക്കള്‍ പിണങ്ങിപ്പിരിയുന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനത്തെ സാരമായി ബാധിക്കും. സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു തൊട്ടു പിന്നാലെ, സീറ്റ് നിഷേധിക്കപ്പെട്ട നിരവധി നേതാക്കളുടെ അനുയായികളാണ് ചൊവ്വാഴ്ച രാത്രി തെരുവില്‍ പ്രതിഷേധവുമായിറങ്ങിയത്. രാം ദുര്‍ഗ, ബെലഗാവി നോര്‍ത്ത് , ജയനഗര്‍ തുടങ്ങിയ ഇടങ്ങളിലാണ് പ്രതിഷേധ പ്രകടനം നടന്നത്.

അതേസമയം പാര്‍ട്ടിക്കെതിരെ മത്സരിക്കുമെന്ന് ഭീഷണി മുഴക്കിയ മുതിര്‍ന്ന നേതാവ് ജഗദീഷ് ഷട്ടറുമായി ദേശീയ അധ്യക്ഷന്‍ കൂടിക്കാഴ്ച നടത്തും. ഷട്ടറിനെ ജെപി നദ്ദ ഡല്‍ഹിയിലേയ്ക്ക് വിളിപ്പിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in