പഴയ ഫുട്ബോള്‍ താരം ഇന്നത്തെ ഡെലിവറി ഗേള്‍; വൈറലായി വീഡിയോ
വിശക്കുന്നു, എന്തെങ്കിലും കഴിക്കണമെന്ന് തോന്നുന്നു. ഇഷ്ടമുള്ള ഭക്ഷണം ഓണ്‍ലൈനില്‍ ഓർഡർ ചെയ്ത് കഴിക്കുന്നു. വിശക്കുന്നയാള്‍ക്ക് കഥ അവിടെ തീർന്നു. ആ ഭക്ഷണം എത്തിക്കുന്നയാളുടെ കഥ പക്ഷേ അവിടെ തീരണമെന്നില്ല. അങ്ങനെയൊരു ഡെലിവറി ഗേളിന്റെ കഥയാണ് ട്വിറ്ററിലിപ്പോള്‍ ട്രെന്‍ഡിങ്ങായത്. ഫുഡ് ഡെലിവറി ജീവനക്കാരിയായ ഒരു കാല്‍പന്ത് കളിക്കാരിയുടെ കഥ.
പൗലോമി അധികാരി, പശ്ചിമ ബംഗാള്‍ വനിതാ ഫുട്ബോള്‍ ടീം താരം. വനിതകള്‍ കടന്നുവരാന്‍ വിമുഖത കാണിക്കുന്ന കാല്‍പന്ത് കളത്തിലേക്ക് ധൈര്യത്തോടെ കയറിവന്ന പെണ്‍കുട്ടി. 2016 ലെ ലോകകപ്പുള്‍പ്പെടെയുള്ള വിവിധ ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച വനിത ഇന്നൊരു സൊമാറ്റോ ജീവനക്കാരിയാണ് . പൗലോമിയുടെ വീഡിയോ ട്വിറ്ററില്‍ നിരവധിയാളുകളാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്.
ഇതാണ് പൗലോമി അധികാരി മികച്ച ഫുട്ബോള്‍ താരം , നിരവധി ദേശീയ അന്തര്‍ദേശീയ മത്സരങ്ങളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടുണ്ട്. ഇന്നവള്‍ തന്റെ കുടുംബത്തെ പോറ്റാനായി ഓണ്‍ലൈനായി ഫുഡ് ഡെലിവറി ജീവനക്കാരിയായി ജോലിചെയ്യുന്നു, എന്നാണ് വീഡിയോയുടെ അടിക്കുറിപ്പായി എഴുതിയിട്ടുള്ളത് .
സൊമാറ്റോയുടെ ലോഗോയുള്ള വേഷം ധരിച്ച പൗലോമിയെ വീഡിയോയില്‍ കാണാം. താന്‍ അണ്ടര്‍ 16 ലെവലില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുണ്ടെന്നും ടൂര്‍ണമെന്റുകള്‍ കളിക്കാനായി ലണ്ടന്‍, സ്‌കോട്ട്‌ലന്‍ഡ്, ജര്‍മ്മനി, ശ്രീലങ്ക എന്നിവിടങ്ങളില്‍ യാത്ര ചെയ്തിട്ടുണ്ടെന്നും അവര്‍ സംസാരിക്കുന്നുണ്ട്. ചാരുചന്ദ്ര സര്‍വ്വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പൗലി നിലവില്‍ സോമാറ്റോ, സ്വിഗ്ഗി എന്നിവയുടെ ഫുഡ് ഡെലിവറി ഏജന്റായി ജോലി ചെയ്യുന്നു . പ്രതിദിനം ഏകദേശം 300-400 രൂപയാണ് പഴയ കാല്‍പന്തു താരത്തിന്റെ വരുമാനം . വീഡിയോയുടെ ഒടുവിലായി അവള്‍ തന്റെ ഫുട്‌ബോള്‍ കിക്കിംഗ് മികവും പ്രദര്‍ശിപ്പിക്കുന്നുണ്ട് . മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ വീഡിയോയ്ക്ക ലഭിച്ചത് .