ചംപയ് സോറൻ ബിജെപിയിലേക്ക്; ഓഗസ്റ്റ് 30ന് അംഗത്വം സ്വീകരിക്കും

ചംപയ് സോറൻ ബിജെപിയിലേക്ക്; ഓഗസ്റ്റ് 30ന് അംഗത്വം സ്വീകരിക്കും

ബിജെപി ഝാർഖണ്ഡ് ഘടകത്തിന്റെ ചുമതല വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ചംപയ് സോറന്റെ കൂടുമാറ്റം സ്ഥിരീകരിച്ചത്
Updated on
1 min read

ഝാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെഎംഎം) നേതാവ് ചംപയ് സോറൻ 30നു ബിജെപിയില്‍ ചേരും. ബിജെപി ഝാർഖണ്ഡ് ഘടകത്തിന്റെ ചുമതല വഹിക്കുന്ന അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

"ഝാര്‍ഖണ്ഡ് മുൻ മുഖ്യമന്ത്രിയും രാജ്യത്തെ പ്രമുഖ ആദിവാസി നേതാവുമായ ചംപയ് സോറൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. ചംപയ് സോറൻ ഔദ്യോഗികമായി ഓഗസ്റ്റ് 30ന് റാഞ്ചിയില്‍വെച്ച് ബിജെപിയില്‍ ചേരും," ഹിമന്ത ബിശ്വ ശർമ സമൂഹമാധ്യമമായ എക്സില്‍ കുറിച്ചു.

ജെഎംഎമ്മിന്റെ മറ്റൊരു നേതാവായ ലോബിൻ ഹെബ്രോമും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായിരുന്നു. ചംപയ് സോറനെ ബിജെപി പാർട്ടിയിലേക്ക് ക്ഷണിച്ചിരുന്നു.

"ചംപയ് ജി ബിജെപിയില്‍ ചേരണമെന്ന് ഞാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു. അദ്ദേഹമൊരു വലിയ നേതാവാണ്. ബിജെപിയില്‍ ചേരുന്നതിനെക്കുറിച്ച് അദ്ദേഹം ആലോചിക്കണം. നേരിട്ടും അല്ലാതെയും അദ്ദേഹവുമായി പല സന്ദർഭങ്ങളില്‍ ഞാൻ ആശയവിനിമയം നടത്തിയിരുന്നു. പക്ഷേ, ഒരിക്കലും രാഷ്ട്രീയപരമായ ചർച്ചകളുണ്ടായിട്ടില്ല," ചംപയ് സോറന്റെ ബിജെപി പ്രവേശനം സ്ഥിരീകരിച്ചതിനു മുൻപ് ഹിമന്ത ബിശ്വ ശർമ എക്സില്‍ കുറിച്ചു.

ചംപയ് സോറൻ ബിജെപിയിലേക്ക്; ഓഗസ്റ്റ് 30ന് അംഗത്വം സ്വീകരിക്കും
കൊല്‍ക്കത്ത ബലാത്സംഗക്കൊല: സഞ്ജയ് റോയ് മുൻപും സ്ത്രീകളെ പീഡിപ്പിച്ചതായി റിപ്പോർട്ട്

ജെഎംഎമ്മില്‍നിന്ന് ചംപയ് സോറൻ കഴിഞ്ഞദിവസം രാജി പ്രഖ്യാപിച്ചിരുന്നു. പാര്‍ട്ടി വിട്ടെങ്കിലും താന്‍ ബിജെപിയിലേക്കു പോകില്ലെന്നും പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്നും അതു സംബന്ധിച്ച് രണ്ടാഴ്ചയ്ക്കകം പ്രഖ്യാപനം ഉണ്ടാകുമെന്നുമായിരുന്നു അന്ന് വ്യക്തമാക്കിയത്.

''ഇത് എന്റെ ജീവിതത്തിലെ പുതിയ അധ്യായമാണ്. ഞാന്‍ രാഷ്ട്രീയം ഉപേക്ഷിക്കുന്നില്ല. എനിക്ക് പിന്തുണയുമായി നിരവധിപേരാണ് പിന്നിലുള്ളത്. പഴയ അധ്യായം(ജെഎംഎം) അവസാനിച്ചു. ഇനി പുതിയ പാര്‍ട്ടിയില്‍,'' പിടിഐയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ചംപയ് സോറന്‍ വ്യക്തമാക്കി. ന്യൂഡല്‍ഹിയില് നിന്ന് തന്റെ സ്വഗ്രാമത്തില്‍ തിരിച്ചെത്തിയ ശേഷമായിരുന്നു ജെഎംഎം വിടുന്നതായുള്ള പ്രഖ്യാപനം അദ്ദേഹം നടത്തിയത്.

ഭൂമിതട്ടിപ്പു കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) അറസ്റ്റു ചെയ്ത ഝാർഖണ്ഡ് മുക്തി മോർച്ച (ജെഎംഎം) നേതാവും മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ ജാമ്യം ലഭിച്ച് പുറത്തിറങ്ങിയപ്പോഴാണ്, അറസ്റ്റിനു ശേഷം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത ചംപയ് സോറൻ രാജിവെയ്ക്കുന്നത്.

താൻ പാർട്ടിയിൽനിന്നു അവഹേളനം നേരിട്ടതായി ചംപയ് സോറൻ എക്‌സിൽ എഴുതിയത് വലിയ വാര്‍ത്താ ശ്രദ്ധ നേടിയിരുന്നു. ജൂലൈ മൂന്നിനാണ് ചംപയ് സോറൻ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു രാജിവെയ്ക്കുന്നത്. അതിനും മൂന്നു ദിവസം മുൻപ് തന്നെ മുഖ്യമന്ത്രി എന്ന രീതിയിലുള്ള തന്റെ ഔദ്യോഗിക പരിപാടികൾ പാർട്ടി റദ്ദാക്കിയിരുന്നുവെന്നും മുഖ്യമന്ത്രി സ്ഥാനത്തു നിന്ന്തന്നെ പുറത്തക്കുകയാണെന്ന് അറിയിച്ചില്ലെന്നും ചംപയ് സോറൻ കുറിപ്പിൽ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in