തെലങ്കാനയില്‍ കെസിആറിന് കനത്ത തിരിച്ചടി; നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍
തെലങ്കാനയില്‍ മുഖ്യമന്ത്രി ചന്ദ്രശേര്‍ റാവുവിനും അദ്ദേഹത്തിന്റെ തേൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി(ബിആര്‍എസ്) പാര്‍ട്ടിക്കും കനത്ത തിരിച്ചടി നല്‍കി നേതാക്കള്‍ കൂട്ടത്തോടെ കോണ്‍ഗ്രസില്‍. മുൻ നിയമസഭാംഗങ്ങളും മന്ത്രിമാരും ഭാരവാഹികളും ഉൾപ്പെടെ 35ലധികം നേതാക്കളാണ് ഇന്നു ഡല്‍ഹി എഐസിസി ആസ്ഥാനത്തെത്തി കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെയും മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ബിആർഎസ് പ്രവർത്തകർ കോൺഗ്രസിൽ ചേർന്നത്.
മുൻ എംപി പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി, മുൻ മന്ത്രി ജുപള്ളി കൃഷ്ണ റാവു, മുൻ എംഎൽഎമാരായ പനയം വെങ്കിടേശ്വര്‌ലു, കോരം കനകയ്യ, കോട്ട റാം ബാബു തുടങ്ങിയവരാണ് പാര്‍ട്ടി വിട്ട പ്രമുഖര്‍. നിലവിലെ എംഎല്‍എ നർസ റെഡ്ഡിയുടെ മകൻ രാകേഷ് റെഡ്ഡിയും കോൺഗ്രസിൽ ചേർന്നു. പട്നയിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത യോഗത്തില്‍ നിന്നു ബിആര്‍എസ് വിട്ടുനിന്ന് ദിവസങ്ങള്‍ക്കകമാണ് നേതാക്കള്‍ പാര്‍ട്ടിയെ കൈവിട്ടത്. സംസ്ഥാനത്ത് ഈ വർഷം അവസാനം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തയാറെടുക്കുന്ന ബിആര്‍എസിന് ഇതു കനത്ത തിരിച്ചടിയാകും.
എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ സാന്നിധ്യത്തിൽ ജൂലൈ ആദ്യവാരം തെലങ്കാനയിലെ ഖമ്മത്തിൽ നടക്കുന്ന പൊതുറാലിയിൽ വച്ച് ബിആർഎസിലെ നേതാക്കൾ ഔദ്യോഗികമായി കോൺഗ്രസിൽ ചേരും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഖമ്മത്തിൽ നിന്നുള്ള ബിആർഎസ് എംപിയായിരുന്നു പൊങ്കുലേട്ടി ശ്രീനിവാസ് റെഡ്ഡി.
സംസ്ഥാനത്ത് പാർട്ടിയുടെ മുഖ്യ എതിരാളികളാണ് കോൺഗ്രസും ബിജെപിയും എന്ന് ചൂണ്ടിക്കാട്ടിയാണ് പട്നയിലെ പ്രതിപക്ഷ പാർട്ടികളുടെ മഹാസഖ്യത്തിൽ ബിആർഎസ് പങ്കെടുക്കാതിരുന്നത്. ബിഹാർ മുഖ്യമന്ത്രിയും ജെഡിയു അധ്യക്ഷനുമായ നിതീഷ് കുമാർ വിളിച്ച യോഗത്തിൽ രാജ്യത്തെ പതിനഞ്ചോളം പ്രതിപക്ഷ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തിരുന്നു.