ഐസി 814 ഹൈജാക്ക്: 'തീരുമാനങ്ങള്‍ എടുക്കുന്നതില്‍ അന്ന് പിഴവുകളുണ്ടായി'; വെളിപ്പെടുത്തി മുൻ റോ ചീഫ്
1999ല്‍ ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി814 റാഞ്ചിയ സംഭവം കൈകാര്യം ചെയ്തതിലും തീരുമാനങ്ങളെടുക്കുന്നതിലും പിഴവുകള്‍ സംഭവിച്ചിരുന്നതായി അന്നത്തെ റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) തലവനായിരുന്ന എ എസ് ദുലത്ത്. ഇന്ത്യ ടുഡെ ടിവിക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു ദുലത്തിന്റെ വെളിപ്പെടുത്തല്‍.
നെറ്റ്ഫ്ലിക്സ് സീരിയസായ 'ഐസി 814 ദി കാണ്ഡഹാർ ഹൈജാക്ക്' റിലീസായതിനു പിന്നാലെയാണ് 1999ല്‍ ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ സംഭവം വീണ്ടും ചർച്ചയായത്. പാകിസ്താൻ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന തീവ്രവാദ സംഘടനയായ ഹർക്കത് ഉൽ മുജാഹിദ്ദീനായിരുന്നു ഹൈജാക്കിനു പിന്നില്‍. അന്ന് കേന്ദ്ര സർക്കാർ സാഹചര്യം കൈകാര്യംചെയ്ത വിധവും അന്വേഷണ ഏജൻസികളുടെ ഇടപെടലും ചോദ്യം ചെയ്യപ്പെടുകയാണിപ്പോള്‍.
"വിമാനം ഇന്ത്യയുടെ പരിധിവിട്ട് പോകില്ലെന്ന് ഉറപ്പാക്കാനുള്ള അവസരം അമൃത്‌സറില്‍ ലാൻഡ് ചെയ്ത സമയത്ത് നമുക്കുണ്ടായിരുന്നു. പക്ഷേ, വിമാനം അമൃത്‌സർ വിട്ടുപോയതോടെ ഒരു സമവായത്തിലെത്തുകയെന്നതല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു. സാധ്യമായ എറ്റവും മികച്ച ഡീലിലാണ് എത്തിയത്. അന്ന് സംഭവം നടന്നപ്പോഴുള്‍പ്പെടെ ഇക്കാര്യങ്ങള്‍ പലതവണ ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്, അമൃത്‌സറില്‍ പിഴവുകള്‍ ഉണ്ടായിട്ടുണ്ട്," ദുലത്ത് കൂട്ടിച്ചേർത്തു.
കാഠ്‌മണ്ഡുവില്‍നിന്ന് ഡല്‍ഹിയിലേക്കുള്ള ഇന്ത്യൻ എയർലൈൻസ് വിമാനമായ ഐസി 814 ഇന്ത്യയുടെ വ്യോമാതിർത്തിയില്‍ പ്രവേശിച്ച ഉടൻ ഹൈജാക്ക് ചെയ്യപ്പെടുകയായിരുന്നു. ഇന്ധനം നിറയ്ക്കുന്നതിനായാണ് വിമാനം അമൃത്‌സറില്‍ ലാൻഡ് ചെയ്തത്. 50 മിനുറ്റായിരുന്നു അമൃത്‌സറില്‍ വിമാനം തുടർന്നത്. ഈ സമയം ഉപയോഗിക്കാൻ പഞ്ചാബ് പോലീസിനോ കേന്ദ്രസേനകള്‍ക്കോ സാധിക്കാതെ പോയെന്നാണ് ഉയരുന്ന വിമർശനം.
"ഞങ്ങളെല്ലാവരും അവിടെയുണ്ടായിരുന്നു. ഒരു തീരുമാനം എടുക്കേണ്ടതായിരുന്നു. ആരുടെയും പേര് ചൂണ്ടിക്കാണിച്ച് കുറ്റപ്പെടുത്താൻ ഞാൻ തയാറല്ല. മറ്റാരെയും പോലെ എനിക്കും ഉത്തരവാദിത്തമുണ്ട്," ദുലത്ത് വ്യക്തമാക്കി.
വിമാനം ഹൈജാക്ക് ചെയ്യപ്പെട്ട സമയം പഞ്ചാബ് ഡിജിപി സരബ്‌ജിത്ത് സിങ്ങുമായി നടത്തിയ ചർച്ചയെക്കുറിച്ചും ദുലത്ത് വെളിപ്പെടുത്തി.
"പഞ്ചാബ് ഡിജിപിയുമായി ദീർഘനേരം സംസാരിച്ചിരുന്നു. മുഖ്യമന്ത്രി പ്രകാശ് സിങ് ബദലിന്റെ നിർദേശം ഡിജിപി പങ്കുവെച്ചു. അമൃത്‌സറില്‍ രക്തച്ചൊരിച്ചില്‍ ആഗ്രഹിക്കുന്നില്ലെന്നായിരുന്നു മുഖ്യമന്ത്രിയുടെ നിലപാട്. ഇതിനോട് ചേർന്നുനില്‍ക്കുന്ന സമീപനമായിരുന്നു കേന്ദ്ര സർക്കാരിന്റെയും. രക്തച്ചൊരിച്ചിലിന്റെ പേരില്‍ ആരും ഒരു തീരുമാനമെടുക്കാൻ തയാറായില്ല, വിമാനം അമൃത്‌സർ വിടാതിരിക്കാൻ പഞ്ചാബ് പോലീസിന് നിർദേശം കൊടുക്കാമായിരുന്നു," ദുലത്ത് പറഞ്ഞു.
അതേസമയം, നെറ്റ്ഫ്ലിക്സ് സീരിയസായ 'ഐസി 814 ദി കാണ്ഡഹാർ ഹൈജാക്ക്' ഹിന്ദു വികാരങ്ങളെ വ്രണപ്പെടുത്തുന്നെന്ന ആരോപണമുയർന്നതോടെ സിനിമകളിലും സീരീസുകളിലും ദേശീയതാത്പര്യംകൂടി പരിഗണിക്കാമെന്ന ഉറപ്പുമായി നെറ്റ്ഫ്ലിക്സ് രംഗത്തെത്തി. കാണ്ഡഹാറിൽ വിമാനം റാഞ്ചിയ തീവ്രവാദികൾക്ക് ഹിന്ദു പേരുകൾ നൽകി എന്നതായിരുന്നു സീരിസിനെതിരെ ഉയർന്ന ആരോപണം.
നെറ്റ്ഫ്ലിക്സ് ഇന്ത്യ പ്രതിനിധികളും വിവര-പ്രക്ഷപേണ മന്ത്രാലയവുമായി ഇന്നലെ നടത്തിയ ചർച്ചയിലാണ് നെറ്റ്ഫ്ലിക്സ് ഇതുസംബന്ധിച്ച് ഉറപ്പുനൽകിയത്. സീരിസിന്റെ തുടക്കത്തില്‍ തന്നെ ഹൈജാക്കര്‍മാരായ തീവ്രവാദികളുടെ യഥാര്‍ഥ പേരുകള്‍ എഴുതിക്കാണിക്കുമെന്നും നെറ്റ്ഫ്ലിക്‌സ് ഇന്ത്യ അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.