മാർക്കണ്ഡേയ കട്ജു
മാർക്കണ്ഡേയ കട്ജു

'ഇതിനകം തന്നെ മതിയായ ശിക്ഷ അനുഭവിച്ച് കഴിഞ്ഞു', മഅദനിക്ക് മാപ്പ് നൽകണം: സിദ്ധരാമയ്യക്ക് കത്തയച്ച് ജ. കട്ജു

മാനുഷികത പരിഗണിച്ച് മഅദനിക്ക് മാപ്പ് നൽകാൻ ഗവർണറോട് നിർദേശിക്കണമെന്ന് സുപ്രീംകോടതി മുൻ ജസ്റ്റിസ് സിദ്ധരാമയ്യയോട് കത്തിലൂടെ ആവശ്യപ്പെട്ടു
Updated on
1 min read

ബാംഗ്ലൂർ സ്ഫോടന കേസിൽ വിചാരണ നേരിടുന്ന പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനിക്ക് മാപ്പ് നൽകണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിക്ക് കത്തെഴുതി സുപ്രീംകോടതി മുൻ ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു. ബുധനാഴ്ചയാണ് കട്ജു സിദ്ധരാമയ്യയ്ക്ക് കത്തെഴുതിയത്. മാനുഷിക പരിഗണിച്ച് മഅദനിക്ക് മാപ്പ് നൽകാൻ ഗവർണറോട് നിർദേശിക്കണമെന്ന് സുപ്രീംകോടതി മുൻ ജസ്റ്റിസ് സിദ്ധരാമയ്യയോട് കത്തിലൂടെ ആവശ്യപ്പെട്ടു.

ബെംഗളൂരു സ്‌ഫോടനക്കേസിൽ പ്രതിയാണെന്ന് അനുമാനിച്ചാൽ പോലും ഇപ്പോൾ തന്നെ അദ്ദേഹം മതിയായ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 22 വർഷത്തോളമാണ് മഅദനി ജയിലിൽ കിടന്നത്. 2007ൽ നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയ കോയമ്പത്തൂർ സ്ഫോടനക്കേസിലാണ് ഒൻപത് വർഷത്തോളം അദ്ദേഹത്തിന് കിടക്കേണ്ടി വന്നതെന്നും കട്ജു ചൂണ്ടിക്കാട്ടുന്നു. മാനുഷിക പരിഗണന നൽകാൻ ആറ് കാരണങ്ങളും മുൻ സുപ്രീംകോടതി ജസ്റ്റിസ് കത്തിൽ എടുത്തുപറയുന്നു.

കത്തിന്റെ പൂർണരൂപം

ബഹുമാനപ്പെട്ട കർണാടക മുഖ്യമന്ത്രിക്ക്

കോയമ്പത്തൂർ ബോംബ് സ്‌ഫോടനക്കേസിൽ 1998 മുതൽ 2007 വരെ ജയിൽവാസം അനുഭവിച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ നിരപരാധിത്വം ബോധ്യമായ കോടതി 2007ൽ വെറുതെവിട്ടു. പിന്നീട് 2010-ൽ ബാംഗ്ലൂർ ബോംബ് സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് അദ്ദേഹം വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. ആ കേസിലെ വിചാരണ ഇപ്പോഴും നടന്നുകൊണ്ടിരിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് മഅദനി ആദ്യം ബാംഗ്ലൂരിൽ ജയിലിലായിരുന്നു. ഇപ്പോൾ വീട്ടുതടങ്കലിൽ കഴിയുന്ന അദ്ദേഹം സ്വന്തം സംസ്ഥാനമായ കേരളത്തിലേക്ക് പോകുന്നത് നിരോധിച്ചിരിക്കുകയാണ്.

ഭരണഘടനാ അനുച്ഛേദം 161 നൽകുന്ന അധികാരമുപയോഗിച്ച് മഅദനിക്ക് മാപ്പ് നൽകാൻ കർണാടക ഗവർണറോട് നിർദേശിക്കണമെന്ന് ഞാൻ അഭ്യർത്ഥിക്കുകയാണ്. കേസിന്റെ മെറിറ്റിലേക്ക് കടക്കാതെ തന്നെ, താഴെ പറയുന്ന കാരണങ്ങൾ പരിഗണിച്ച് മാനുഷിക പരിഗണന നൽകണമെന്നാണ് ആവശ്യപ്പെടുന്നത്;

1. അദ്ദേഹം ഇപ്പോൾ തന്നെ 22 വർഷത്തോളം ജയിൽ വാസം അനുഭവിച്ചിട്ടുണ്ട് (2007ൽ നിരപരാധിയാണെന്ന് കോടതി കണ്ടെത്തിയ കോയമ്പത്തൂർ സ്ഫോടന കേസിലാണ് ഒൻപത് വർഷം കിടന്നത്. അതുകൊണ്ട് തന്നെ ഇത് വ്യക്തമായും നിയമവിരുദ്ധമായിരുന്നു)

2. 1992ൽ ഒരു കാൽ നഷ്ടപ്പെട്ട അദ്ദേഹം ഭിന്നശേഷിക്കാരനാണ്. കൂടാതെ അദ്ദേഹത്തിന്റെ വീൽ ചെയറിന്റെ സഹായത്തോടെ മാത്രമേ ചലിക്കാൻ കഴിയു.

3. രണ്ട് വൃക്കകളും തകരാറിലായത് മൂലം ഉടൻ തന്നെ ഡയാലിസിസ് ആരംഭിക്കേണ്ടി വരും

4. അദ്ദേഹം ഭാഗികമായി അന്ധനാണ്, ചികിത്സയിലുമാണ്.

5. ഗുരുതരമായ പ്രമേഹം അദ്ദേഹത്തിന്റെ പല അവയവങ്ങളെയും ബാധിച്ചിട്ടുണ്ട്. ഭാഗികമായി കാഴ്ച നഷ്ടപ്പെടാനും ഇത് തന്നെയാകും കാരണവും

6. അദ്ദേഹത്തിന്റെ പിതാവ് പക്ഷാഘാതം ബാധിച്ച് കിടപ്പിലാണ്.

മഅദനി കുറ്റക്കാരനാണെന്ന് അനുമാനിച്ചാൽ പോലും ഇതിനകം തന്നെ മതിയായ ശിക്ഷ അദ്ദേഹം അനുഭവിച്ച് കഴിഞ്ഞു.

ഷേക്‌സ്പിയറിന്റെ വെനീസിലെ വ്യാപാരിയിലെ 'കാരുണ്യത്തോടെ നീതി നടപ്പാക്കണമെന്ന' പോർട്ടിയയുടെ പ്രസംഗം ഈ സംഭവത്തോട് ബന്ധപ്പെടുത്തി പരാമർശിക്കാൻ ഞാൻ ആഗ്രഹിക്കുകയാണ്.

ജസ്റ്റിസ് മാർക്കണ്ഡേയ കട്ജു, മുൻ ജഡ്ജി, സുപ്രീം കോടതി

31.5.2023

logo
The Fourth
www.thefourthnews.in