നയിക്കാന്‍ മാധ്യമ പ്രവര്‍ത്തകന്‍; ഗുജറാത്തില്‍ ഇസുദാന്‍ ഗഢ്‌വിയെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കി എഎപി
ദൃശ്യ മാധ്യമപ്രവര്‍ത്തകനായ ഇസുദാന്‍ ഗഢ്‌വിയെ ഗുജറാത്തില്‍ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച് ആം ആദ്മി. മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാന്‍ പ്രവര്‍ത്തര്‍ക്കും അനുഭാവികള്‍ക്കും ഇടയില്‍ സംഘടിപ്പിച്ച വോട്ടെടുപ്പില്‍ 73 ശതമാനം വോട്ട് നേടിയാണ് ഗഢ്‌വി പാര്‍ട്ടിയെ നയിക്കാനെത്തുന്നത്. നിലവിൽ പാർട്ടിയുടെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയാണ് ഗഢ്‌വി. പഞ്ചാബില്‍ ഇപ്പോഴത്തെ മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ പാര്‍ട്ടി തിരഞ്ഞെടുത്തത് സമാന രീതിയില്‍ വോട്ടെടുപ്പിലൂടെയായിരുന്നു.
ഡിസംബര്‍ ഒന്ന്, അഞ്ച് തീയതികളിലായി രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. 182 അംഗ സംസ്ഥാന നിയമസഭയുടെ കാലാവധി 2023 ഫെബ്രുവരി 18 ന് അവസാനിക്കും. 4.9 കോടിയിലധികം വോട്ടര്‍മാര്‍ ഇത്തവണ പോളിംഗ് സ്റ്റേഷനുകളിലെത്തും. 4.6 ലക്ഷം കന്നി വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്
ഗ്രാമപ്രദേശങ്ങളില്‍ 34,000 ത്തിലധികം പോളിംഗ് സ്റ്റേഷനുകള്‍ ഉള്‍പ്പെടെ 51,000 പോളിംഗ് സ്റ്റേഷനുകള്‍ സജ്ജീകരിക്കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കുമാര്‍ അറിയിച്ചു. തിരഞ്ഞെടുപ്പിന് മുന്നോടിയായി 160 കമ്പനി കേന്ദ്ര സായുധ പോലീസ് സേനയെ കേന്ദ്രം സംസ്ഥാനത്തേക്ക് വിന്യസിച്ചിട്ടുണ്ട്. വോട്ടിംഗ് സുഗമമാക്കുന്നതിനായി 1274 പോളിംഗ് സ്റ്റേഷനുകള്‍ പൂര്‍ണ്ണമായും സ്ത്രീകളും സുരക്ഷാ ജീവനക്കാരും നിയന്ത്രിക്കും. തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതോടെ സംസ്ഥാനത്ത് ഇന്ന് മുതല്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വരും.
ഭരണകക്ഷിയായ ബിജെപിയും കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും തമ്മിലുള്ള ത്രികോണ മത്സരത്തിനാകും ഇത്തവണ ഗുജറാത്ത് സാക്ഷ്യം വഹിക്കുന്നത്. തീയതി പ്രഖ്യാപിക്കും മുന്‍പ് തന്നെ ഗുജറാത്തില്‍ ബിജെപി പ്രചാരണം ആരംഭിച്ചു കഴിഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയടക്കം പ്രമുഖ നേതാക്കളുടെ നേതൃത്വത്തില്‍ ബഹുജന റാലികളാണ് ബിജെപി സംഘടിപ്പിക്കുന്നത്. ആം ആദ്മി പാര്‍ട്ടിയും ഗുജറാത്തില്‍ തിരഞ്ഞെടുപ്പ് യോഗങ്ങളുമായി സജീവമാണ്. ഡല്‍ഹിക്കും പഞ്ചാബിനും പിന്നാലെ ആം ആദ്മി പാര്‍ട്ടി വിജയസാധ്യത അവകാശപ്പെടുന്ന സംസ്ഥാനമാണ് ഗുജറാത്ത്.