മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് അന്തരിച്ചു

മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് അന്തരിച്ചു

ഏഴ് തവണ ലോക്‌സഭ അംഗവും നാല് തവണ രാജ്യസഭ അംഗവുമായിരുന്നു
Updated on
1 min read

ബിഹാറില്‍ നിന്നുള്ള മുന്‍ കേന്ദ്രമന്ത്രിയും ആര്‍ജെഡി ദേശീയ അധ്യക്ഷനുമായ ശരദ് യാദവ് അന്തരിച്ചു. ഏഴ് തവണ ലോക്‌സഭ അംഗവും നാല് തവണ രാജ്യസഭ അംഗവും 1999-2004ലെ വാജ്‌പേയി മന്ത്രിസഭയിലെ കേന്ദ്ര കാബിനറ്റ് വകുപ്പ് മന്ത്രിയുമായിരുന്നു. 75 വയസ്സായിരുന്നു. മരണവിവരം മകളാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്. ശാരീരികാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മാസങ്ങളായി ചികിത്സയിലായിരുന്നു.

1974-ല്‍ ജബല്‍പ്പൂരില്‍ നടന്ന ലോക്‌സഭ ഉപതിരഞ്ഞെടുപ്പില്‍ ജയപ്രകാശ് നാരായണന്‍ നിര്‍ദേശിച്ച സ്ഥാനാര്‍ഥിയായാണ് ശരദ് യാദവിന്‍റെ പൊതുപ്രവർത്തനപ്രവേശനം. 1974-ല്‍ ജബല്‍പൂർ ഉപതിരഞ്ഞെടുപ്പിലൂടെ ആദ്യമായി ലോക്‌സഭയില്‍ അംഗമായി. 2005 മുതല്‍ 2017 വരെ ജനതാദള്‍ (യുണൈറ്റഡ്) പാര്‍ട്ടിയുടെ നേതാവായിരുന്നു അദ്ദേഹം.

2018 മെയില്‍ ലോകതാന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു

2017-ല്‍ ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാര്‍ കോണ്‍ഗ്രസ്, ആര്‍ജെഡി പാര്‍ട്ടികള്‍ നേതൃത്വം നല്‍കിയ മഹാഗഡ്ബന്ധന്‍ സഖ്യം വിട്ട് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണിയില്‍ അംഗമായിരുന്നു. എന്നാല്‍ ശരദ് യാദവ് നിതീഷിനൊപ്പം പോകാതിരുന്നതിനെ തുടര്‍ന്ന് കൂറുമാറ്റ നിരോധന നിയമപ്രകാരം അദ്ദേഹത്തിന് രാജ്യസഭാംഗത്വം നഷ്ടപ്പെട്ടു. പിന്നീട് 2018 മെയില്‍ ലോകതാന്ത്രിക് ജനതാദള്‍ എന്ന പാര്‍ട്ടി രൂപീകരിച്ചു. 2022 മാര്‍ച്ച് 20ന് ലാലു പ്രസാദ് യാദവിന്റെ പാര്‍ട്ടിയായ ആര്‍ജെഡിയില്‍ ശരദ് യാദവിന്റെ പാര്‍ട്ടി ലയിച്ചു.

1947 ജൂലൈ 1-ന് മദ്ധ്യപ്രദേശിലെ ഹോഷന്‍ഗ്ഗാബാദ് ജില്ലയിലെ ഒരു കര്‍ഷക കുടുംബത്തില്‍ നന്ദകിഷോര്‍ യാദവിന്റെയും സുമിത്രയുടേയും മകനായാണ് ജനനം. ജബല്‍പൂര്‍ എഞ്ചിനീയറിങ്ങ് കോളേജില്‍ നിന്ന് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിങ്ങില്‍ ബിരുദം നേടിയ ശരദ് യാദവ് ജബല്‍പ്പൂര്‍ റോബര്‍ട്ട്‌സന്‍ കോളേജില്‍ നിന്നും ബിഎസ്സി ബിരുദവും കരസ്ഥമാക്കി. ജയപ്രകാശ് നാരായണന്റെ ജെ പി മൂവ്‌മെന്റില്‍ അംഗമായാണ് ശരദ് യാദവ് തന്‍റെ രാഷ്ട്രീയ ജീവിതമാരംഭിക്കുന്നത്.

logo
The Fourth
www.thefourthnews.in