നിയമവിരുദ്ധമായി അണ്ഡവില്‍പ്പന; സ്വകാര്യ ആശുപത്രികള്‍ക്ക് പൂട്ടിടാന്‍ തമിഴ്‌നാട്

നിയമവിരുദ്ധമായി അണ്ഡവില്‍പ്പന; സ്വകാര്യ ആശുപത്രികള്‍ക്ക് പൂട്ടിടാന്‍ തമിഴ്‌നാട്

നിയമവിരുദ്ധ കച്ചവടം നടത്തിയ പട്ടികയില്‍ കേരളത്തിലെയും ആന്ധ്രപ്രദേശിലെയും സ്വകാര്യആശുപത്രികളും.
Updated on
2 min read

നിയമവിരുദ്ധമായി അണ്ഡവില്‍പ്പന നടത്തിയ തമിഴ്നാട്ടിലെ സ്വകാര്യ ആശുപത്രികള്‍ക്ക് നേരെ നടപടിയെടുക്കാന്‍ ഒരുങ്ങി തമിഴ്‌നാട് സര്‍ക്കാര്‍. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ അണ്ഡം വില്‍പ്പന നടത്തിയ തമിഴ്നാട്ടിലെ നാല് സ്വകാര്യ ആശുപത്രികള്‍ക്ക് എതിരെയാണ് നടപടി. ആശുപത്രികള്‍ അടച്ച് പൂട്ടുമെന്ന് തമിഴ്‌നാട് ആരോഗ്യമന്ത്രി എംഎ സുബ്രഹ്‌മണ്യന്‍ വ്യക്തമാക്കി.

ഈറോഡ് സ്വദേശിനിയായ പതിനാറ് വയസ്സുകാരിയുടെ അണ്ഡം അനധികൃതമായി വില്‍പന നടത്തിയെന്ന സംഭവത്തിലാണ് നടപടി. ഈ സംഭവത്തില്‍ തമിഴ്‌നാട്ടിലെ നാല് ആശുപത്രികള്‍ക്ക് പുറമെ കേരളത്തിലെയും ആന്ധ്രയിലെയും ഒരോ ആശുപത്രികളും ഉള്‍പ്പെട്ടിട്ടുണ്ടെന്നും തമിഴ്‌നാട് ആരോഗ്യമന്ത്രി ചൂണ്ടിക്കാട്ടി.

കഴിഞ്ഞ ജൂണില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനാല്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ ഇരയാണ് വീണ്ടും ചൂഷണത്തിന് ഇരയായത്.

കഴിഞ്ഞ ജൂണില്‍ അമ്മയുടെ ആണ്‍ സുഹൃത്തിനാല്‍ പീഡിപ്പിക്കപ്പെട്ട സംഭവത്തിലെ ഇരയാണ് വീണ്ടും ചൂഷണത്തിന് ഇരയായത്. പീഡനക്കേസുമായി ബന്ധപ്പെട്ട അന്വേഷണമാണ് വലിയ നിയമവിരുദ്ധ പ്രവര്‍ത്തനം പുറത്തെത്തിച്ചത്. പ്രായം തെറ്റായി നല്‍കി പല സ്വകാര്യ ആശുപത്രികള്‍ക്കും ഇവര്‍ അണ്ഡവില്‍പ്പന നടത്തിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തുകയായിരുന്നു.

ഈറോഡിലും സേലത്തും ശാഖകളുള്ള സുധ ഹോസ്പിറ്റല്‍, പെരുന്തുറയിലെ രാമപ്രസാദ് ഹോസ്പിറ്റല്‍, ഹൊസ്സുറിലെ വിജയ് ഹോസ്പിറ്റല്‍, തിരുവനന്തപുരത്തെ ശ്രീകൃഷ്ണ ആശുപത്രി, തിരുപ്പതിയിലെ മാതൃത്വ ഹോസ്പിറ്റല്‍ എന്നിവയാണ് പട്ടികയിലുള്ള ആറ് ആശുപത്രികള്‍.

അണ്ഡവില്‍പന സംബന്ധിച്ച് തമിഴ്നാട് മെഡിക്കല്‍ ആന്‍ഡ് റൂറല്‍ ഹെല്‍ത്ത് സര്‍വീസസിന്റെ ജോയിന്റ് ഡയറക്ടര്‍ എ വിശ്വനാഥന്റെ നേതൃത്വത്തിലുള്ള അഞ്ചംഗ കമ്മിറ്റിയെ അന്വേഷണത്തിന് നിയോഗിക്കുകയും ഈ കമ്മിറ്റി ജൂലൈ ഏഴിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. പ്രതികളില്‍ നിന്ന് വ്യാജ ആധാര്‍ കാര്‍ഡ് ആശുപത്രികള്‍ സ്വീകരിച്ചുവെന്നും ആവശ്യമായ മറ്റ് രേഖകളൊന്നും പരിശോധിച്ചിരുന്നില്ലെന്നും അന്വേഷണകമ്മിറ്റി കണ്ടെത്തി.

എംഎ സുബ്രഹ്‌മണ്യന്‍
എംഎ സുബ്രഹ്‌മണ്യന്‍

ഇന്ത്യയിലെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് റെഗുലേറ്ററി ആക്ട് പ്രകാരം വിവാഹിതരും ഇരുപത്തിയൊന്നിനും മുപ്പത്തിയഞ്ചിനും ഇടയില്‍ പ്രായമുള്ളവരും ഒരു കുട്ടിയെങ്കിലും ഉള്ളവരുമായ സ്ത്രീകള്‍ക്കേ അണ്ഡം ദാനം ചെയ്യാന്‍ കഴിയുകയുള്ളു. അതും ജീവിതത്തില്‍ ഒരിക്കല്‍ മാത്രമാണ് ഇത് സാധ്യമാവുക.

നാഷണല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അസിസ്റ്റഡ് റീപ്രൊഡക്റ്റീവ് റെഗുലേറ്ററി ആക്ട് പ്രകാരമുള്ള നിര്‍ദേശങ്ങള്‍ പാലിക്കാതെയാണ് തമിഴ്നാട്ടിലെ വില്‍പ്പന നടന്നിരിക്കുന്നത്.

നാല് ആശുപത്രികളിലും നിലവില്‍ ചികില്‍സയിലുള്ള രോഗികളെ പതിനഞ്ച് ദിവസത്തിനകം ഡിസ്ചാര്‍ജ് ചെയ്യാനും അതിന് ശേഷം പൂര്‍ണമായി അടച്ചു പൂട്ടാനുമുള്ള നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. പട്ടികയിലുള്‍പ്പെട്ട കേരളത്തിലെയും ആന്ധ്രാപ്രദേശിലെയും ആശുപത്രികള്‍ക്കെതിരെ നടപടി എടുക്കാന്‍ ആവശ്യപെട്ട് ആരോഗ്യ സെക്രട്ടറിമാര്‍ക്ക് കത്ത് അയക്കുമെന്നും മന്ത്രി അറിയിച്ചു.

മെഡിക്കല്‍ കൗണ്‍സില്‍ ആക്ട് പ്രകാരമാണ് ആശുപത്രികള്‍ക്ക് എതിരായ നടപടി. ആശുപത്രികളില്‍ നിന്ന് അന്‍പത് ലക്ഷം രൂപ വീതം പിഴ ഈടാക്കും. കുറ്റകൃത്യത്തില്‍ ഉള്‍പ്പെട്ട ഡോക്ടര്‍മാര്‍ അടക്കമുള്ളവര്‍ക്ക് പത്ത് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന തരത്തില്‍ നിയമ നടപടി സ്വീകരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുട്ടിയുടെ അമ്മയ്ക്കും ആണ്‍സുഹൃത്തിനും കച്ചവടത്തില്‍ ഉള്‍പ്പെട്ട ഏജന്റിനും എതിരെ കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമം തടയല്‍ നിയമവും ഒപ്പം പോക്സോ വകുപ്പുകള്‍ പ്രകാരവും പോലീസ് കേസ് എടുത്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in