ആറ് മാസത്തിനിടെ കൊല്ലപ്പെട്ടത് നാല് ഖലിസ്ഥാൻ ഭീകരർ, ആക്രമണങ്ങള്‍ എല്ലാം ഇന്ത്യയ്ക്ക് പുറത്ത്
ഇന്ത്യന്‍ ചരിത്രത്തിലെ കറുത്ത അധ്യായമാണ് ഇന്ദിരാ ഗാന്ധി വധം. പ്രധാനമന്ത്രി ആയിരുന്ന ഇന്ദിരാഗാന്ധിയെ കൊലപ്പെടുത്തിയ ഖലിസ്ഥാനി തീവ്രവാദികളുടെ പേര് രാജ്യത്ത് വീണ്ടും ഉയർന്നുകേട്ടത് കർഷക സമരക്കാലത്താണ്. ഭിന്ദ്രൻവാല രണ്ടാമനായി സ്വയമവതരിച്ച അമൃത്‌പാൽ സിങിന്റെ വരവോടെ മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഖലിസ്ഥാൻ വാദം വീണ്ടും രാജ്യത്ത് സജീവ ചർച്ചയായി. ഖലിസ്ഥാന്‍ വാദം വീണ്ടും തലപൊക്കുന്നതിനിടെ വിവിധ രാജ്യങ്ങളിലായി 4 ഖലിസ്ഥാൻ ഭീകരരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. രാജ്യത്ത് ഖലിസ്ഥാനികള്‍ നിശ്ശബ്ദരായിരുന്നെങ്കിലും യുകെ, കാനഡ, പാകിസ്താൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ പലപ്പോഴായി ശക്തമായി സാന്നിധ്യം തെളിയിച്ചു.
തീവ്ര നിലപാടുകള്‍ കൈക്കൊണ്ടുവന്നിരുന്ന സംഘടനയായിരുന്നു വാരിസ് പഞ്ചാബ് ദേ. നടനും ആക്ടിവിസ്റ്റുമായ ദീപ് സിദ്ധുവായിരുനന്നു എന്ന സംഘടനയുടെ തലവന്‍. അപ്രതീക്ഷിതമായി ദീപ് സിദ്ധു മരിച്ചതിന് പിന്നാലെയാണ് അമൃത്പാൽ സിങ് സംഘടനയുടെ നേതൃത്വത്തിലേക്ക് എത്തുന്നത്. പിന്നാലെ, സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമായി.
അമൃത്പാൽ സിങിന്റെ അനുയായികളെ പോലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെ സംഘടന അതിന്റെ തനി സ്വഭാവം കാണിച്ചു. അജ്ലാന പോലീസ് സ്റ്റേഷന്‍ ആക്രമിച്ച സംഘടന നിയമ വ്യവസ്ഥയെ തന്നെ വെല്ലുവിളിച്ചു. ഇതിന് പിന്നാലെ അമൃത്പാല്‍ പോലീസിന്റെ കണ്ണിലെ കരടായത്. പോലീസ് തേടിയിറങ്ങിയതോടെ രണ്ട് മാസത്തോളം ഒളിവിൽ കഴിഞ്ഞിരുന്ന അമൃത്പാലിനെ ഏപ്രിൽ 23നാണ് പഞ്ചാബ് പോലീസ് അറസ്റ്റ് ചെയ്യുന്നതും തുടർന്ന് അസമിലെ ദിബ്രുഗഡ് സെൻട്രൽ ജയിലിലേക്ക് മാറ്റുന്നതും.
അമൃത്പാൽ സിങിനായുളള തിരച്ചിൽ നടന്നിരുന്ന സമയത്ത് സിഖ് സമൂഹം ശക്തമായ ഇന്ത്യയ്ക്ക് പുറത്തെ മേഖലയില്‍ വലിയ പ്രതിഷേധങ്ങളാണ് ഉയര്‍ന്നത്. വാഷിങ്ടണിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലും യുകെയിലും കാനഡയിലെ ഇന്ത്യന്‍ എംബസിക്ക് മുന്നിലും ഖലിസ്ഥാൻ വാദികളുടെ പ്രതിഷേധം അരങ്ങേറി. ഇതിന് പിന്നാലെയാണ് യുകെ, കാനഡ, പാകിസ്താൻ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ഖലിസ്ഥാനി നേതാക്കൾ കൊല്ലപ്പെട്ടത്.
ഹര്‍ദീപ് സിങ് നിജ്ജാർ
ഈ കഴിഞ്ഞ ദിവസമാണ് ഖാലിസ്ഥാൻ ടൈഗർ ഫോഴ്‌സ് മേധാവിയും ഗുരു നാനാക് സിഖ് ഗുരുദ്വാര സാഹിബുമായ ഹര്‍ദീപ് സിങ് നിജ്ജാർ കാനഡയിലെ ഗുരുദ്വാരയുടെ പാർക്കിംഗ് സ്ഥലത്ത് വച്ച് വെടിയേറ്റ് മരിച്ചത്. ജലന്ധര്‍ സ്വദേശിയായ ഹര്‍ദീപ് സിങ് നിജ്ജാർ രാജ്യത്ത് എൻഐഎ രജിസ്റ്റർ ചെയ്ത വിവിധ കേസുകളിൽ പ്രതിയായിരുന്നു. എൻഐഎ ഇദ്ദേഹത്തിന്റെ തലയ്ക്ക് 10 ലക്ഷം രൂപയാണ് പാരിതോഷികമായി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, ഞായറാഴ്ച വൈകുന്നേരം വീട്ടിലേക്ക് മടങ്ങുമ്പോൾ അജ്ഞാതരായ രണ്ടുപേർ അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നു.
അവതാർ സിങ് ഖണ്ഡ
ഈ മാസം 15നാണ് ഖലിസ്ഥാൻ നേതാവ് അവതാർ സിങ് ഖണ്ഡ ലണ്ടനില്‍ മരിച്ചതായുള്ള റിപ്പോർട്ട് പുറത്ത് വരുന്നത്. അമൃത്പാൽ സിങ്ങിന്റെ അടുത്ത അനുയായി ആയിരുന്ന അവതാർ സിംഗ് ഖണ്ഡ ലണ്ടനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിൽ നടന്ന പ്രതിഷേധത്തിന്റെ മുഖ്യ സൂത്രധാരനായിരുന്നു. ഈയിടെയാണ് ടെർമിനൽ ക്യാൻസർ ബാധിച്ച് ബർമിംഗ്ഹാമിലെ സാൻഡ്‌വെൽ ആശുപത്രിയിൽ ഖാണ്ഡയെ പ്രവേശിപ്പിച്ചത്. എന്നാൽ, അദ്ദേഹം മരിച്ചത് വിഷബാധ മൂലമായിരുന്നു. ഖണ്ഡയുടെ മരണത്തിന് പിന്നാലെ ഇന്ത്യൻ സുരക്ഷാ ഏജൻസികളാണ് അദ്ദേഹത്തിന്റെ മരണത്തിന്റെ കാരണക്കാരെന്ന് ആരോപിച്ച് ഖാലിസ്ഥാൻ അനുകൂലികള്‍ രംഗത്തെത്തിയിരുന്നു.
പരംജിത് സിങ് പഞ്ചാവാര്‍
മേയ് ആറിനാണ് ഖാലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്‌സ് തലവനും ഭീകരവാദിയുമായ പരംജിത് സിങ് പഞ്ചാവാര്‍ പാകിസ്താനിലെ ലാഹോര്‍ ടൗണില്‍ വച്ച് വെടിയേറ്റ് മരിക്കുന്നത്. ഹര്‍ദീപ് സിങ് നിജ്ജാർ കൊല്ലപ്പെട്ടതുമായി പരംജിത് സിങിന്റെ കൊലയ്ക്കും സമാനതകളുണ്ടായിരുന്നു. ലാഹോറിലെ സൂര്യകാന്തി സൊസൈറ്റിയിലെ വീടിനടുത്തുള്ള പതിവ് പ്രഭാത നടത്തത്തിനിടെയാണ് ബൈക്കിലെത്തിയ രണ്ട് അജ്ഞാതരായ ആയുധധാരികളാൽ അദ്ദേഹം വെടിയേറ്റ് കൊല്ലപ്പെടുന്നത്. എന്നാല്‍ ആരാണ് കൊലപാതകത്തിനു പിന്നിലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സിഖ് കലാപം, കൊലപാതകം, മയക്കുമരുന്ന്, ആയുധക്കടത്ത് എന്നിവയിൽ പങ്കുണ്ടായിരുന്നു വ്യക്തിയാണ് പരംജിത് സിങ്.
ഹര്‍മീത് സിംഗ്
ജനുവരിയിലാണ് ഖലിസ്ഥാന്‍ ലിബറേഷന്‍ ഫോഴ്‌സിന്റെ (കെ എല്‍ എഫ്) പ്രമുഖ നേതാവ് ഹര്‍മീത് സിംഗ് പാകിസ്താനില്‍ കൊല്ലപ്പെടുന്നത്. മയക്കുമരുന്ന് കള്ളക്കടത്ത് ഉള്‍പ്പടെയുള്ള കാര്യങ്ങളിലെ സാമ്പത്തിക തര്‍ക്കവുമായി ബന്ധപ്പെട്ട് ഒരു പ്രാദേശിക ഗുണ്ടാ സംഘം ഹര്‍മീതിനെ കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് വിവരം. ലാഹോറിലെ ദേരാ ചഹല്‍ ഗുരുദ്വാരക്ക് സമീപത്തു വച്ചായിരുന്നു കൊലപാതകം. പാകിസ്താനില്‍ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതില്‍ സജീവ പങ്കുവഹിച്ചിരുന്ന ഹര്‍മീത് നിരവധി കേസുകളില്‍ ഇന്ത്യ തേടിക്കൊണ്ടിരിക്കുന്ന പ്രതിയായിരുന്നു. അമൃത്‌സറിലെ ചെഹര്‍ത നിവാസിയായ ഇയാൾ, ഡോക്ടറേറ്റ് നേടിയതിനെ തുടര്‍ന്ന് പിഎച്ച്ഡി എന്ന അപര നാമത്തിലും അറിയപ്പെട്ടിരുന്നു. രണ്ട് പതിറ്റാണ്ടായി പാകിസ്താനിലാണ് ഇയാള്‍ താമസിച്ച് വന്നിരുന്നത്. 2016-2017 കാലഘട്ടത്തിൽ പഞ്ചാബിൽ നടന്ന ആർഎസ്എസ് നേതാക്കളുടെ കൊലപാതകങ്ങളിലും ഇയാൾക്ക് പങ്കുണ്ടെന്ന് ആരോപണം ഉയര്‍ന്നിരുന്നു.