40 സൈനികരുടെ ജീവനെടുത്ത ആക്രമണം; പുൽവാമ ചാവേർ ഭീകരാക്രമണത്തിന് നാല് വയസ്

40 സൈനികരുടെ ജീവനെടുത്ത ആക്രമണം; പുൽവാമ ചാവേർ ഭീകരാക്രമണത്തിന് നാല് വയസ്

ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം അവശേഷിക്കെ നടന്ന ആക്രമണം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴി വച്ചിരുന്നു
Updated on
2 min read

കശ്മീരിലെ പുൽവാമയിൽ 40 സിആർപിഎഫ് സേനാംഗങ്ങളുടെ രക്തസാക്ഷിത്വത്തിനിടയാക്കിയ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓർമകൾക്ക് 4 വയസ്. ജമ്മു കശ്മീരിലെ ദേശീയപാതയിൽ പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനായ ജെയ്ഷെ മുഹമ്മദ് നടത്തിയ ചാവേർ ആക്രമണത്തിലാണ് വയനാട് ലക്കിടി സ്വദേശിയായ വി വി വസന്തകുമാർ ഉൾപ്പെടെയുള്ള സൈനികർക്ക് ജീവൻ നഷ്ടമായത്. ലോക്സഭാ തിരഞ്ഞെടുപ്പിന് രണ്ട് മാസം മാത്രം ബാക്കി നില്‍ക്കെ നടന്ന ഈ ആക്രമണം രാഷ്ട്രീയമായും വലിയ ചർച്ചകൾക്ക് വഴി വെച്ചിരുന്നു.

ഫെബ്രുവരി 14ന് വൈകുന്നേരം മൂന്നേകാലോടെ പുൽവാമ ജില്ലയിലെ അവന്തിപ്പുരയ്ക്ക് സമീപമാണ് ആക്രമണം ഉണ്ടായത്. 2547 സിആർപിഎഫ് ജവാന്മാർ 78 വാഹനങ്ങളിലായി ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് പോവുകയായിരുന്നു. 100 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ നിറച്ച സ്‌കോര്‍പിയോ വാന്‍ ചാവേർ ഈ വാഹനങ്ങളുടെ ഇടയിലേക്ക് ഇടിച്ചുകയറ്റി. പിന്നീടുണ്ടായ ഉഗ്ര സ്‌ഫോടനത്തിൽ കാറും ബസും തിരിച്ചറിയാനാകാത്ത വിധം തകർന്നുപോയി. മൃതദേഹങ്ങൾ ചുറ്റും ചിന്നിത്തെറിച്ച് കിടന്നു.

76–ാം ബറ്റാലിയന്റെ ബസിൽ ഉണ്ടായിരുന്ന 40 സൈനികർ തൽക്ഷണം മരിച്ചു.ഇക്കൂട്ടത്തില്‍ അവധി കഴിഞ്ഞെത്തിയ സൈനികരും ഉണ്ടായിരുന്നു. പിന്നാലെ വന്ന ബസുകളിൽ ഉണ്ടായിരുന്ന സൈനികരില്‍ പലർക്കും ഗുരുതരമായി പരിക്കേറ്റു. ഭീകരാക്രമണത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധം ഉയർന്നു. ഭീകരാക്രമണത്തിലെ ഇന്റിലിജൻസ് വീഴ്ചയെക്കുറിച്ചുള്ള ആരോപണങ്ങളായിരുന്നു അതിൽ പ്രധാനം. രാജ്യത്ത് ഏറ്റവും സുരക്ഷാ ഭീഷണിയുള്ള ദേശീയപാതകളിലൊന്നാണു ജമ്മു– ശ്രീനഗർ പാത. 2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്നയായിരുന്നു പ്രധാനപ്പെട്ട ചോദ്യം

പിന്നാലെ ജയ്‌ഷെ മുഹമ്മദ് ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. പുല്‍വാമ കാകപോറ സ്വദേശി ആദില്‍ അഹമ്മദായിരുന്നു ചാവേര്‍. ചാവേറിന്റെ വീഡിയോയും സംഘടന പുറത്തുവിട്ടിരുന്നു. ആക്രമണത്തിന്റെ 12-ാം ദിനം ഇന്ത്യ തിരിച്ചടിച്ചു. ഫെബ്രുവരി 26ന് പുലര്‍ച്ചെ, ഇന്ത്യന്‍ വ്യോമസേനയുടെ ജെറ്റുകള്‍ പാകിസ്താനിലെ ഖൈബര്‍ പ്രവിശ്യയിലെ ബാലാകോട്ട് ജയ്‌ഷെ മുഹമ്മദ് ക്യാമ്പില്‍ പ്രത്യാക്രമണം നടത്തി.

2547 സിആർപിഎഫ് ജവാൻമാരെ 78 വാഹനങ്ങളിൽ ഇതുവഴി കൊണ്ടുപോയപ്പോൾ പാലിക്കേണ്ടിയിരുന്ന സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ചിരുന്നോ എന്ന ചോദ്യം ഉയർന്നു വന്നു

ആക്രമണത്തിന്റെ ആറാം നാൾ അന്വേഷണം കശ്മീർ പോലീസിൽ നിന്ന് എൻഐഎ ഏറ്റെടുത്തു. ഭീകരാക്രമണത്തിന് ഉപയോഗിച്ച സ്ഫോടകവസ്തു, പാകിസ്താന്റെ പങ്ക്, ഭീകരർക്ക് പ്രദേശവാസികളിൽനിന്നു ലഭിച്ച പിന്തുണ, ഇന്റലിജൻസ് വീഴ്ച തുടങ്ങിയവയാണ് എൻഐഎ മുഖ്യമായും അന്വേഷിച്ചത്. ഒടുവിൽ ഭീകരാക്രമണത്തിന്റെ പിന്നിൽ പ്രവർത്തിച്ചയാളെ കണ്ടെത്തി. ഇരുപത്തിമൂന്ന് വയസ്സ് മാത്രം പ്രായമുള്ള ഇലക്ട്രീഷ്യനായ മുദ്ദസിർ അഹമ്മദ് ഖാൻ എന്നയാളാണ് ആക്രമണം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയത്. ഇയാൾ പിന്നീട് സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു.

ജെയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹര്‍ ഉള്‍പ്പെടെ 19 പേര്‍ക്കെതിരെ 2020 ഓഗസ്റ്റില്‍ ദേശീയ അന്വേഷണ ഏജന്‍സി 13,500 പേജുള്ള കുറ്റപത്രം പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ചു. കൂടെ ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസ്ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കാന്‍ ഇന്ത്യയുടെ വിപുലമായ നയതന്ത്ര ശ്രമങ്ങള്‍ ആരംഭിച്ചു. യുഎന്‍ സെക്യൂരിറ്റി കൗൺസിലിന്റെ 1267 സമിതിയില്‍ യുഎസ്, യുകെ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളില്‍ മുന്നോട്ടുവെച്ച നിര്‍ദേശത്തിന്മേലുള്ള സാങ്കേതിക നിയന്ത്രണം ചൈന പിന്‍വലിച്ചതോടെ 2019 മെയ് 1ന് അത് യാഥാര്‍ത്ഥ്യമായി.

രാജ്യത്തിന് വേണ്ടി ജീവൻ വെടിഞ്ഞ സേനാംഗങ്ങൾക്കായി ഇന്ന് ഡൽഹിയിലുൾപ്പെടെ വിവിധയിടങ്ങളിൽ അനുസ്മരണ ചടങ്ങുകൾ നടന്നു. പുൽവാമയിലെ സ്മാരകത്തിൽ സിആർപിഎഫ് പ്രണാമമർപ്പിച്ചു.

logo
The Fourth
www.thefourthnews.in