പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തമിഴ്നാട്ടിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ: രണ്ടാഴ്ചയ്ക്കിടെ നാലാമത്തെ മരണം

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം ആത്മഹത്യ ചെയ്തത് മൂന്ന് വിദ്യാര്‍‌ത്ഥിനികള്‍
Updated on
1 min read

തമിഴ്നാട്ടിൽ വിദ്യാർത്ഥിനികളുടെ ആത്മഹത്യ തുടർക്കഥയാകുന്നു. രണ്ട് ആഴ്ചയ്ക്കിടയിൽ നടക്കുന്ന നാലാമത്തെ സംഭവമാണിത്. ചൊവ്വാഴ്ച ശിവകാശിയിലെ വീട്ടിലാണ് പ്ലസ് വൺ വിദ്യാർത്ഥിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ലെന്നും ആത്മത്യ കുറിപ്പുകൾ കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ മാതാപിതാക്കളായ കണ്ണനും മീനയും പടക്ക നിർമാണശാലയിലെ തൊഴിലാളികളാണ്.

സംഭവ സമയത്ത് വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മാതാപിതാക്കൾ ജോലിക്കും മുത്തശ്ശി കടയിലും പോയിരിക്കുകയായിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. മൃതദേഹം ശിവകാശി സർക്കാർ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

കഴിഞ്ഞ രണ്ട് ദിവസങ്ങളിൽ മാത്രം മൂന്ന് വിദ്യാത്ഥികളുടെ ആത്മഹത്യയാണ് തമിഴ്നാട്ടിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കടലൂർ ജില്ലയിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയെ വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ശിവകാശിയിലെ സംഭവം. മാതാപിതാക്കളുടെ ഐഎഎസ് സ്വപ്നങ്ങൾ നിറവേറ്റാൻ കഴിയാത്തതിനാലാണ് കടലൂരിലെ പെൺകുട്ടി ജീവനൊടുക്കിയത്. തിരുവള്ളൂര്‍ ജില്ലയിലെ കീഴ്‌ചേരി സെന്റ് ആന്റണീസ് പ്ലസ്ടു സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കഴിഞ്ഞദിവസം ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയിരുന്നു

നാല് മരണങ്ങളിൽ ആദ്യത്തേത് ജൂലൈ 13 ന് കള്ളാക്കുറിച്ചി ജില്ലയിലാണ് റിപ്പോർട്ട് ചെയ്തത്. സ്വകാര്യ റസിഡൻഷ്യൽ സ്‌കൂളിലെ വിദ്യാർത്ഥിയുടെ മരണം കലാപത്തിന് വഴിയൊരുക്കിയിരുന്നു. മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ ഉൾപ്പെടെ നിരവധി പേർക്ക് അക്രമത്തിൽ പരിക്കേറ്റു. കേസിൽ, സ്‌കൂൾ പ്രിൻസിപ്പാളും രണ്ട് അധ്യാപകരുമടക്കം അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണ്.

എംകെ സ്റ്റാലിൻ
എംകെ സ്റ്റാലിൻ
തമിഴ്നാട്ടിൽ അടുത്തിടെ നടന്ന സംഭവങ്ങൾ എന്നെ വേദനിപ്പിക്കുന്നു. മാനേജ്‌മെന്റ് സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തെ ഒരു സേവനമായി കണക്കാക്കണം
എം കെ സ്റ്റാലിന്‍

സംസ്ഥാനത്ത് വിദ്യാര്‍ത്ഥി ആത്മഹത്യ തുടരുന്നതില്‍ സര്‍ക്കാരും ആശങ്കയിലാണ്. വിദ്യാർത്ഥികൾക്ക് നേരെ ലൈംഗികവും മാനസികവും ശാരീരികവുമായ അതിക്രമണങ്ങൾ നടത്തുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പറഞ്ഞു. പെൺകുട്ടികൾ ആത്മത്യ ചിന്തകൾ വെടിയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. "തമിഴ്നാട്ടിൽ അടുത്തിടെ നടന്ന സംഭവങ്ങൾ എന്നെ വേദനിപ്പിക്കുന്നു. മാനേജ്‌മെന്റ് സ്ഥാപനങ്ങൾ വിദ്യാഭ്യാസത്തെ ഒരു സേവനമായി കണക്കാക്കണം" സ്റ്റാലിൻ പറഞ്ഞു.

ബിരുദം നേടാൻ മാത്രമാണ് വിദ്യാർത്ഥികൾ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്ക് എത്തുന്നത്. ഏത് സാഹചര്യങ്ങളെയും കൈകാര്യം ചെയ്യാനുള്ള ആത്മവിശ്വാസവും ധൈര്യവും വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിദ്യാർത്ഥികൾക്ക് നൽകണം. പ്രതിബന്ധങ്ങളെ ധൈര്യത്തോടെ വിദ്യാർത്ഥികൾ നേരിടണമെന്നും സ്റ്റാലിൻ കൂട്ടിച്ചേർത്തു.

logo
The Fourth
www.thefourthnews.in