19.5 ബില്യണ്‍ ഡോളറിന്റെ വേദാന്ത ചിപ്പ് പ്ലാനില്‍ നിന്ന് ഫോക്സ്‌കോണ്‍ പിന്മാറി
രാജ്യത്ത് സെമികണ്ടക്ടര്‍ നിര്‍മിക്കാനുള്ള സംയുക്ത സംരംഭത്തില്‍ നിന്നു പിന്മാറി തായ്‌വാന്‍ കമ്പനിയായ ഫോക്‌സ്‌കോണ്‍. ഉരുക്ക് സ്റ്റീല്‍ നിര്‍മാതാക്കളായ വേദാന്ത കമ്പനിയുമായി ചേര്‍ന്ന് 19.5 ബില്യണ്‍ ഡോളറിന്റെ(ഒന്നരലക്ഷം കോടിരൂപ) പദ്ധതിയാണ് ഫോക്‌സ്‌കോണ്‍ പ്രഖ്യാപിച്ചിരുന്നത്. ഇതില്‍ നിന്നാണ് പിന്മാറിയിരിക്കുന്നത്.
ഇന്ത്യന്‍ സെമികണ്ടക്ടര് മേഖലയില്‍ നിന്ന് പൂര്‍ണമായും വേര്‍പിരിയുന്നില്ലെന്നും ഇന്ത്യന്‍ ഗവണ്‍മെന്റിന്റെ ആഭ്യന്തര ചിപ്പ് നിര്‍മ്മാണ ശ്രമങ്ങളെ ഇപ്പോഴും പിന്തുണയ്ക്കുന്നുണ്ടെന്നും ഫോക്സ്‌കോണ്‍ പ്രസ്താവനയില്‍ പറയുന്നു. എന്നാല്‍ സംയുക്ത സംരംഭവുമായി കമ്പനിക്ക് ഇനി ഒരു ബന്ധവും ഉണ്ടായിരിക്കില്ലെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഗുജറാത്തില്‍ ചിപ്പും ഡിസ്പ്ലേ പ്രൊഡക്ഷന്‍ പ്ലാന്റുകളും നിര്‍മ്മിക്കാന്‍ കഴിഞ്ഞ വര്‍ഷമായിരുന്നു ഫോക്സ്‌കോണും വേദാന്തയും കരാര്‍ ഒപ്പിട്ടത്. ഒരു വര്‍ഷത്തിലേറെയായി ഫോക്സ്‌കോണും വേദാന്തയും ഒരു മികച്ച ചിപ്പിനായുള്ള ആശയം യാഥാര്‍ത്ഥ്യത്തിലാക്കാന്‍ കഠിനമായി പരിശ്രമിച്ചിക്കുന്നെന്നും പ്രസ്താവനയില്‍ പറയുന്നു.
'ഇന്ത്യയുടെ സെമികണ്ടക്ടര്‍ വികസനത്തിന്റെ ദിശയെക്കുറിച്ച് ഫോക്സ്‌കോണിന് ആത്മവിശ്വാസമുണ്ട്. ഗവണ്‍മെന്റിന്റെ 'മെയ്ക്ക് ഇന്‍ ഇന്ത്യ'യെ ഞങ്ങള്‍ ശക്തമായി പിന്തുണയ്ക്കുന്നത് തുടരുകയും പങ്കാളികളുടെ ആവശ്യങ്ങള്‍ നിറവേറ്റുന്ന പ്രാദേശിക വൈവിധ്യം സ്ഥാപിക്കുകയും ചെയ്യും,' ഫോക്‌സ്‌കോണ്‍ പ്രസ്താവനയില്‍ പറഞ്ഞു.
ഫോക്‌സോണിന്റെ പിന്മാറ്റം ഇന്ത്യക്ക് തീരാ നഷ്ടമാണെന്നും പദ്ധതി മഹാരാഷ്ട്രയിൽ പൂർണ്ണമായും പ്രായോഗികമായിരുന്നെന്നാണ് ആദിത്യ താക്കറെ പറഞ്ഞത്. 'ഇത് ഇന്ത്യയ്ക്ക് വലിയ നഷ്ടമാണ്. ഇന്ന് നമ്മൾ കാണുന്നത് ഇന്ത്യയിലെ യുവാക്കൾക്കും തൊഴിൽ രഹിതർക്കും ആഗോള അവസരം നഷ്‌ടപ്പെട്ടു,'' അദ്ദേഹം പറഞ്ഞു.
എന്നാല്‍ വേദാന്തയുമായുള്ള സംയുക്ത സംരംഭത്തില്‍ നിന്ന് പിന്മാറാനുള്ള ഫോക്സ്‌കോണിന്റെ തീരുമാനം ഇന്ത്യയുടെ സെമികണ്ടക്ടര്‍ ഫാബ്രിക്കേഷന്‍ ലക്ഷ്യങ്ങളെ ബാധിക്കില്ലെന്നാണ് കേന്ദ്ര ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ പറഞ്ഞു. രണ്ട് കമ്പനികള്‍ക്കും ഇപ്പോഴും ഇന്ത്യയില്‍ കാര്യമായ നിക്ഷേപമുണ്ടെന്നും തൊഴിലവസരങ്ങളും വളര്‍ച്ചയും സൃഷ്ടിക്കുന്ന മൂല്യവത്തായ നിക്ഷേപകരാണ് ഇരുവരെന്നും അദ്ദേഹം പറഞ്ഞു.
'രണ്ട് സ്വകാര്യ കമ്പനികള്‍ പങ്കാളികളാകാന്‍ തീരുമാനിക്കുന്നു അല്ലെങ്കില്‍ പിന്മാറാന്‍ പോകുന്നു എന്ന കാര്യത്തില്ഡ സര്‍ക്കാര്‍ ഇടപെടേണ്ടതില്ല. എന്നാല്‍ ലളിതമായി പറഞ്ഞാല്‍ അതിനര്‍ത്ഥം രണ്ട് കമ്പനികള്‍ക്കും ഇപ്പോള്‍ ഇന്ത്യയില്‍ അവരുടെ തന്ത്രങ്ങള്‍ സ്വതന്ത്രമായും സെമികോണ്‍ ഇലക്ട്രോണിക്‌സില്‍ തുടരാന്‍ സാധിക്കും,'' ശ്രീ ചന്ദ്രശേഖര്‍ ട്വീറ്റ് ചെയ്തു.
ഫോക്സ്‌കോണിനെ പരാമര്‍ശിക്കാത്ത ഒരു പ്രസ്താവനയില്‍ മറ്റ് പങ്കാളികളുമായി മുന്നോട്ട് പോകുമെന്ന് വേദാന്ത പറഞ്ഞു. ''ഞങ്ങള്‍ ഞങ്ങളുടെ സെമികണ്ടക്ടര്‍ ടീമിനെ വളര്‍ത്തുന്നത് തുടരും, കൂടാതെ ഒരു പ്രമുഖ ഇന്റഗ്രേറ്റഡ് ഡിവൈസ് മാനുഫാക്ചററില്‍ (ഐഡിഎം) നിന്ന് 40എന്‍എം പ്രൊഡക്ഷന്‍-ഗ്രേഡ് സാങ്കേതികവിദ്യയ്ക്കുള്ള ലൈസന്‍സ് ഞങ്ങള്‍ക്കുണ്ട്. 'ആഗോള സെമികണ്ടക്ടര്‍ വിതരണ ശൃംഖലയുടെ സ്ഥാനം മാറ്റുന്നതില്‍ ഇന്ത്യ നിര്‍ണായകമാണ്്,'' കമ്പനി പറഞ്ഞു.