സ്ത്രീകൾക്ക് സൗജന്യ ബസ് യാത്ര; കർണാടക സർക്കാരിന്റെ 'ശക്തി' പദ്ധതിക്ക് നാളെ തുടക്കം
കർണാടകയിൽ കോൺഗ്രസ് സർക്കാരിന്റെ അഞ്ചിന തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നായ സ്ത്രീകൾക്കുള്ള സൗജന്യ ബസ് യാത്രയ്ക്ക് നാളെ തുടക്കം. ശക്തി പദ്ധതി വിധാൻ സൗധയിൽ രാവിലെ 11 ന് മുഖ്യമന്ത്രി സിദ്ധരാമയ്യയും ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢിയും ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്യും. മന്ത്രിമാരും സാമാജികരും അവരവരുടെ മണ്ഡലങ്ങളിൽ പദ്ധതി ഉദ്‌ഘാടനം ചെയ്യും. വിധാൻ സൗധയ്ക്ക് മുന്നിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ കണ്ടക്ടറായി ബിഎംടിസി ബസിൽ കയറി സ്ത്രീ യാത്രക്കാർക്ക് സൗജന്യ ബസ് ടിക്കറ്റ് നൽകും.
ഏറെ പ്രതീക്ഷയോടെ കർണാടകയിലെ സ്ത്രീജനങ്ങൾ കാത്തിരുന്ന കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിൽ ഒന്നാണ് യാഥാർഥ്യമാകുന്നത്. കർണാടകയ്ക്കകത്ത് എവിടെ വേണമെങ്കിലും സ്ത്രീകൾക്ക് സൗജന്യ യാത്ര വാഗ്ദാനം ചെയ്യുന്നതാണ് പദ്ധതി. വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടിയ കുടുംബങ്ങൾക്ക് ആശ്വാസം പകരാൻ വേണ്ടിയാണ് ക്ഷേമ പദ്ധതി എന്ന നിലയിൽ ഇത് നടപ്പിലാക്കുന്നത്. കർണാടകയിൽ സ്ഥിര താമസക്കാരാണെന്ന് കാണിക്കുന്ന രേഖകൾ കൈവശം ഉള്ളവർക്ക് മാത്രമേ യാത്രാ ഇളവ് ലഭിക്കൂ.
ശക്തി പദ്ധതിയുടെ ഭാഗമായുള്ള സ്മാർട്ട് കാർഡ് ലഭിക്കും വരെ ആധാർ കാർഡ് പോലുള്ള തിരിച്ചറിയൽ രേഖകൾ യാത്രക്കാർ കയ്യിൽ കരുതണം എന്നാണ് നിബന്ധന. കർണാടകയുമായി അതിർത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ 20 കിലോമീറ്റർ ദൂരം സൗജന്യ യാത്രയുടെ പരിധിയിൽ ഉൾപ്പെടുത്തിയതായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഢി അറിയിച്ചു. ആന്ധ്ര, കേരളം, തെലങ്കാന, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി ചേർന്ന് കിടക്കുന്ന പ്രദേശത്താണ് ഈ ഇളവ് ലഭിക്കുക. ബെംഗളൂരു മെട്രോപൊളിറ്റൻ ട്രാൻസ്‌പോർട് കോർപറേഷൻ, കെഎസ്ആർടിസി ബസുകളിൽ സൗജന്യ യാത്ര ലഭിക്കും. എന്നാൽ അന്തർ സംസ്ഥാന ബസ് സർവീസുകളിലും സംസ്ഥാനത്തിനകത്തുള്ള സർക്കാരിന്റെ ആഡംബര ബസുകളിലും (എ സി, വോൾവോ, എക്സ്പ്രസ്സ് ) സൗജന്യ സർവീസ് ലഭിക്കുന്നതല്ലെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ വ്യക്തമാക്കി.
സൗജന്യ യാത്രയുടെ ആനുകൂല്യം സമൂഹത്തിലെ എല്ലാ വിഭാഗം സ്ത്രീകൾക്കും വിവേചന രഹിതമായി ലഭ്യമാക്കാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കർണാടക സർക്കാർ നിർദേശം നൽകിയിട്ടുണ്ട്. ജാതിയുടെയോ മതത്തിന്റെയോ പേരിൽ ആരും മാറ്റി നിർത്തപ്പെടാതിരിക്കാൻ ശ്രദ്ധ നൽകണമെന്ന് ഓരോ ജില്ലയുടെയും ചുമതക്കാരായ മന്ത്രിമാരോടും നിർദേശിച്ചിട്ടുണ്ട്.