മണിപ്പൂരിൽ വീണ്ടും സംഘർഷം; രണ്ട് മരണം, സൈനികനുൾപ്പടെ 50 പേർക്ക് പരുക്ക്
മണിപ്പൂരിൽ വീണ്ടും സംഘർഷം. തെങ്‌നൗപാൽ ജില്ലയിലെ പല്ലലിൽ സുരക്ഷാ സേനയും മെയ്തി വിഭാഗവും തമ്മിലുണ്ടായ സംഘർഷത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു. ഒരു സൈനികനുൾപ്പെടെ 50 പേർക്ക് പരുക്കേറ്റു. മെയ്തി സമുദായത്തിൽപ്പെട്ട നൂറുകണക്കിന് ആളുകൾ ഗ്രാമങ്ങളിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചതാണ് സംഘർഷത്തിൽ കലാശിച്ചത്.
വെടിവയ്പിന്റെ വാർത്ത പരന്നതോടെ, കമാൻഡോ യൂണിഫോം ധരിച്ച മീരാ പൈബിസും അറംബൈ ടെങ്കോൾ മിലിഷ്യൻമാരും ഉൾപ്പെടെയുള്ള മെയ്തി വിഭാഗത്തിലുള്ള ഒരു കൂട്ടം ആളുകൾ സുരക്ഷാ ബാരിക്കേടുകൾ തകർത്ത് ഗ്രാമത്തിലേക്ക് കടക്കാൻ ശ്രമിച്ചു. തുടർന്ന് ജനക്കൂട്ടത്തെ സുരക്ഷാ സേനാംഗങ്ങൾ തടഞ്ഞു. സൈന്യം തടയാൻ ശ്രമിച്ചതോടെ, പോലീസ് യൂണിഫോം ധരിച്ച ചിലരും ജനക്കൂട്ടത്തിന്റെ ഒരു ഭാഗവും വെടിയുതിർത്തു. തുടർന്നാണ് സൈനിക മേജറിന് വെടിയേൽക്കുന്നത്. ഉദ്യോഗസ്ഥനെ ഹെലികോപ്റ്ററിൽ ലെയ്‌മഖോങ്ങിലെ സൈനിക ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ മറ്റ് മൂന്ന് പോലീസുകാർക്കും പരുക്കേറ്റു.
ഏതാനും ദിവസങ്ങളായി പല്ലലിൽ സംഘർഷാവസ്ഥ നിലനിന്നിരുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാൻ സുരക്ഷാ സേന കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിച്ചതിനെ തുടർന്ന് 45 ലധികം സ്ത്രീകൾക്ക് പരുക്കേറ്റതായി അധികൃതർ അറിയിച്ചു. രാവിലെയുണ്ടായ വെടിവയ്പാണ് ഒരാളുടെ മരണത്തിലേക്ക് നയിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
സ്ഥിതിഗതികൾ ഇപ്പോഴും സംഘർഷഭരിതമാണെന്നും വെടിവയ്പ് താൽക്കാലികമായി നിർത്തിയതായും അധികൃതർ അറിയിച്ചു. ബുധനാഴ്ച ബിഷ്ണുപൂർ ജില്ലയിലെ ഫൗഗക്‌ചാവോ ഇഖായിൽ ആയിരക്കണക്കിന് പ്രതിഷേധക്കാർ ഒത്തുകൂടി സൈനിക ബാരിക്കേഡുകൾ ഭേദിക്കാൻ ശ്രമിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഈ സംഭവം. പ്രതിരോധ നടപടിയുടെ ഭാഗമായി മണിപ്പൂരിലെ അഞ്ച് താഴ്‌വര ജില്ലകളിലും സമ്പൂർണ കർഫ്യൂ ഏർപ്പെടുത്തിയിരുന്നു.
മെയ് 3ന് മണിപ്പൂരിൽ വംശീയ കലാപം പൊട്ടിപ്പുറപ്പെട്ടതിന് ശേഷം 160ലധികം ആളുകൾ കൊല്ലപ്പെടുകയും നൂറുകണക്കിന് പേർക്ക് പരുക്കേൽക്കുകയും ചെയ്തു.