ഇംഫാലിൽ വൻ സംഘര്‍ഷം; വെടിയേറ്റ് മരിച്ചയാളുടെ മൃതദേഹവുമായി ജനം തെരുവിൽ, കണ്ണീർവാതകം പ്രയോഗിച്ച് പോലീസ്
മണിപ്പൂരില്‍ വീണ്ടും വൻ സംഘര്‍ഷം. കാങ്‌പോക്‌പി ജില്ലയിൽ രാവിലെ നടന്ന വെടിവയ്പ്പിൽ കൊല്ലപ്പെട്ടയാളുടെ മൃതദേഹം വുമായി ജനം തെരുവിൽ ഇറങ്ങിയതോടെയാണ് വീണ്ടും സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. ജനക്കൂട്ടത്തെ തടയാനും പിരിച്ചുവിടാനും പോലീസ് നിരവധി തവണ കണ്ണീർ വാതകം പ്രയോഗിച്ചു. പ്രതിഷേധക്കാർ റോഡിൽ ടയറുകൾ കൂട്ടിയിട്ട് കത്തിച്ചു.
ബിജെപി ഓഫീസിനും രാജ്ഭവന് മുന്നിലുമാണ് പ്രതിഷേധക്കാരെത്തിയത്. മൃതദേഹം മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ഘോഷയാത്രയായി കൊണ്ടുപോകുമെന്ന് ജനക്കൂട്ടം ഭീഷണിപ്പെടുത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു. അതേസമയം, മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ സുരക്ഷ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.
ഇംഫാല്‍ വെസ്റ്റ്, കാങ്പോക്പി ജില്ലകളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ സായുധ കലാപകാരികളും സൈന്യവും തമ്മിലുണ്ടായ ഏറ്റുമുട്ടലിലാണ് രാവിലെ ഒരാൾ കൊല്ലപ്പെട്ടത്. മേയ്തി വിഭാഗത്തിൽപെട്ടയാളാണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാവിലെ ഹരോഥേല്‍ ഗ്രാമത്തിന് സമീപമുള്ള പ്രദേശത്ത് കലാപകാരികള്‍ പ്രകോപനമില്ലാതെ സൈന്യത്തിനുനേരെ വെടിവയ്ക്കുകയായിരുന്നുവെന്ന് സൈനിക വക്താവ് അറിയിച്ചു.
മണിപ്പൂർ സന്ദർശിക്കാനെത്തിയ രാഹുൽ ഗാന്ധിയെ പോലീസ് തടഞ്ഞത് രാവിലെ സംഘർഷത്തിൽ കലാശിച്ചിരുന്നു. ഇന്ന് രാവിലെ ഇംഫാല്‍ വിമാനത്താവളത്തിലെത്തിയ രാഹുല്‍ ഗാന്ധി റോഡ് മാര്‍ഗം കുക്കി മേഖലയായ ചുരാചന്ദ്പൂരിലേക്ക് പോകാന്‍ ശ്രമിക്കുന്നതിനിടെയാണ് സുരക്ഷാ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി പോലീസ് ഇടപെട്ടത്. രാഹുല്‍ ഗാന്ധിയുടെ വാഹനവ്യൂഹം പോലീസ് തടഞ്ഞതോടെ പ്രതിഷേധവുമായി പ്രദേശവാസികള്‍ രംഗത്തെത്തുകയായിരുന്നു. പിന്നീട് ഹെലികോപ്റ്ററില്‍ ചുരാചന്ദ്പൂരിലേക്ക് തിരിച്ച രാഹുല്‍ ഗാന്ധി കലാപബാധിതരെ താമസിപ്പിച്ച ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ചു.