വിമര്‍ശനം ഇല്ലാതാക്കാന്‍ കരിനിയമം; യുഎപിഎ കുരുക്കില്‍ 16 മാധ്യമപ്രവര്‍ത്തകര്‍, ഏഴു പേര്‍ ജയിലില്‍

വിമര്‍ശനം ഇല്ലാതാക്കാന്‍ കരിനിയമം; യുഎപിഎ കുരുക്കില്‍ 16 മാധ്യമപ്രവര്‍ത്തകര്‍, ഏഴു പേര്‍ ജയിലില്‍

മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ജൈത്രയാത്ര നടന്നുകൊണ്ടിരിക്കുകയാണ്
Updated on
2 min read

ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചികയില്‍ 161ാം സ്ഥാനത്താണ് നിലവില്‍ ഇന്ത്യയുടെ സ്ഥാനം. മാധ്യമ സ്വാതന്ത്ര്യത്തിന് കൂച്ചുവിലങ്ങിട്ടുകൊണ്ടുള്ള മോദി സര്‍ക്കാരിന്റെ ജൈത്രയാത്ര നടന്നുകൊണ്ടിരിക്കുകയാണ്. അതിലെ നിലവിലെ കണ്ണി ന്യൂസ് ക്ലിക്കാണെന്ന് മാത്രം.

കരിനിയമങ്ങളില്‍ അകപ്പെടുത്തി മാധ്യമപ്രവര്‍ത്തകരെ നിശബ്ദരാക്കാനുള്ള ശ്രമങ്ങള്‍ രാജ്യത്ത് വ്യാപകമായിട്ട് ഒരു ദശാബ്ദം പിന്നിടുന്നു. കഴിഞ്ഞ 13 വര്‍ഷങ്ങള്‍ക്കിടെ 16 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേയാണ് യുഎപിഎ എന്ന കരിനിയമം ചുമത്തിയതെന്ന്‌ ഫ്രീ സ്പീച്ച് കലക്ടീവ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. യുഎപിഎ കുറ്റം ചുമത്തുന്നതിലൂടെ മാധ്യമപ്രവര്‍ത്തകരെ ഭീകരവാദികളായി ചിത്രീകരിക്കാനുള്ള ശ്രമമാണ് നടന്നുകൊണ്ടിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയാനാണ് യുഎപിഎ പ്രാബല്യത്തില്‍ കൊണ്ടുവന്നത്. ജാമ്യമില്ലാത്ത ഈ വകുപ്പ് പ്രകാരം കേസുകള്‍ പതിറ്റാണ്ടുകളോളം നീണ്ടുനില്‍ക്കും. ദേശ വിരുദ്ധ പ്രവര്‍ത്തനങ്ങളും യുഎപിഎ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെടുന്നു. അതിന്റെ അവസാനത്തെ ഉദാഹരണമാണ് ന്യൂസ് ക്ലിക്കിന്റെ എഡിറ്റര്‍ പ്രബീര്‍ പുരകായസ്തയിലൂടെ നാം കണ്ടത്.

പ്രബീര്‍ പുരകായസ്തയ്ക്കും ന്യൂസ് ക്ലിക്കിന്റെ മാനവവിഭവേശഷി വകുപ്പ് മേധാവി അമിത് ചക്രവര്‍ത്തിക്കും എതിരെ യുഎപിഎ പ്രകാരമുള്ള വകുപ്പ് 13 (നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍),16 (തീവ്രവാദ പ്രവര്‍ത്തനം), 17 (തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഫണ്ട് ശേഖരിക്കുക), 18( ഗൂഢാലോചന), 22 (C) (കമ്പനികളോ ട്രസ്റ്റുകളോ വഴിയുള്ള കുറ്റകൃത്യങ്ങള്‍) തുടങ്ങിയ വകുപ്പകളും ഇന്ത്യന്‍ പീനല്‍ കോഡ് പ്രകാരമുള്ള 153 എ (വിവിധ വിഭാഗങ്ങള്‍ക്കിടയിലെ ശത്രുത പ്രോത്സാഹിപ്പിക്കുക), 120 ബി (ക്രിമിനല്‍ ഗൂഢാലോചന) എന്ന വകുപ്പുകളുമടങ്ങിയ എഫ്‌ഐആറാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇവരെ കൂടാതെ നേഹ ദീക്ഷിത്, പരഞ്‌ജോയ് ഗുഹ താക്കുര്‍ത്ത എന്നിവര്‍ക്കെതിരെയും 153 എ ചുമത്തിയിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരെ കൂടാതെ ഭരണകൂടത്തിനെതിരെ ശബ്ദിച്ച മനുഷ്യാവകാശ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, വിദ്യാര്‍ത്ഥികള്‍, തൊഴിലാളികള്‍, ഗോത്രവര്‍ഗക്കാര്‍ തുടങ്ങി നിരവധിപ്പേരെയാണ് യുഎപിഎയുടെ ഇരുണ്ട നിയമത്തിലൂടെ പൂട്ടാന്‍ മോദി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. യുഎപിഎ കൂടാതെ ജമ്മു കശ്മീരിലെ പൊതു സുരക്ഷാ നിയമം, ഛത്തീസ്ഗഢിലെ ജനസുരക്ഷാ അധിനിയം, ദേശീയ സുരക്ഷാ നിയമം, ഇന്ത്യന്‍ പീനല്‍ കോഡിലെ രാജ്യദ്രോഹക്കുറ്റം പോലുള്ള വ്യവസ്ഥകളും പ്രകാരവും മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ നടപടിയെടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

2020ല്‍ ബിഹൈന്‍ഡ് ബാര്‍സ് എന്ന പേരില്‍ 2010 മുതല്‍ 2020 വരെയുള്ള മാധ്യമപ്രവര്‍ത്തകരുടെ അറസ്റ്റിനെ കുറിച്ചുള്ള ഫ്രീ സ്പീച്ച് കലക്ടീവിന്റെ പഠനത്തില്‍ 154 മാധ്യമപ്രവര്‍ത്തകര്‍ അവരുടെ പ്രൊഫഷണല്‍ ജോലിയുടെ പേരില്‍ അറസ്റ്റിലാകുകയോ, തടവിലാക്കപ്പെടുകയോ, ചോദ്യം ചെയ്യപ്പെടുകയോ, കാരണം കാണിക്കല്‍ നോട്ടീസ് നല്‍കപ്പെടുകയോ ചെയ്തിട്ടുണ്ട്. ഇതില്‍ 40 ശതമാനത്തിലധികവും സംഭവിച്ചത് 2020ലാണ്.

ഫ്രീ സ്പീച്ച് കലക്ടീവിന്റെ റിപ്പോര്‍ട്ട് പ്രകാരം 16 മാധ്യമപ്രവര്‍ത്തകരില്‍ ഏഴ് പേര്‍ ജയിലിലകപ്പെട്ടവരും, എട്ട് പേര്‍ യുഎപിഎ ചുമത്തപ്പെട്ട് ജാമ്യത്തിലിറങ്ങിയവരും, കുറ്റം ചുമത്തപ്പെട്ടിട്ടും അറസ്റ്റ് ചെയ്യപ്പെടാത്ത, വെറുതെ വിട്ട, കുറ്റവിമുകതനാകപ്പെട്ട ആളുകളുമാണ്.

നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ളത് പ്രബീര്‍ പുരകായസ്ഥയാണ്. ശ്രീനഗറില്‍ നിന്നും 2018ല്‍ അറസ്റ്റ് ചെയ്ത കശ്മീര്‍ നരേറ്ററിലെ റിപ്പോര്‍ട്ടര്‍ ആസിഫ് സുല്‍ത്താന്‍, 2022ല്‍ പുല്‍വാമയില്‍ നിന്ന് അറസ്റ്റ് ചെയ്യപ്പെട്ട കശ്മീര്‍വാല എഡിറ്റര്‍ ഫഹദ് ഷാ, 2022ല്‍ അറസ്റ്റ് ചെയ്യപ്പെട്ട കശ്മീര്‍ വാലയിലെ ട്രെയിനീ റിപ്പോര്‍ട്ടര്‍ സജ്ജാദ് ഗുല്‍, 2022ല്‍ അറസ്റ്റ് ചെയ്ത സ്വതന്ത്ര മാധ്യമപ്രവര്‍ത്തകനായ രൂപേഷ് കുമാര്‍, 2023ല്‍ മാര്‍ച്ചില്‍ അറസ്റ്റ് ചെയ്യപ്പെട്ട വന്ദേ മാഗസിന്റെ എഡിറ്റര്‍ ഇര്‍ഫാന്‍ മെഹ്‌രാജ് എന്നിവരാണ് ജയിലില്‍ കഴിയുന്നത്.

2018ലും 2022ലും എഴുത്തുകാരനും ന്യൂസ് ക്ലിക്കിലെ കണ്‍സള്‍ട്ടിങ്ങ് എഡിറ്ററുമായ ഗൗതം നവ്‌ലാഖ വീട്ട് തടങ്കലിലായിരുന്നു. 2020ല്‍ ഇദ്ദേഹം കീഴടങ്ങുകയും ജയിലിലാകുകയും ചെയ്തിട്ടുണ്ട്. സീമ ആസാദ്, വിശ്വ വിജയ്, ഔട്ട്‌ലുക്ക് മാധ്യമപ്രവര്‍ത്തക കെകെ ഷാഹിന, അഴിമുഖത്തിലെ മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദീഖ് കാപ്പന്‍, ദി ഫ്രണ്ടിയര്‍ മണിപ്പൂര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ ലജോള്‍ ചവോബ, ദി ഫ്രണ്ടിയോര്‍ മണിപ്പൂര്‍ ഇംഫാല്‍ എഡിറ്റര്‍ ദിരേന്‍ സദോക്പം, സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍ ശ്യാം മീര സിങ്, ഫോട്ടോജേര്‍ണലിസ്റ്റായ മന്‍ ധര്‍ എന്നിവര്‍ക്കാണ് നിലവില്‍ ജാമ്യം ലഭിച്ചിട്ടുളളത്.

ഫോട്ടോ ജേര്‍ണലിസ്റ്റായ മസ്രത് സഹ്‌റയ്ക്ക് കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. മാധ്യമപ്രവര്‍ത്തകരായ മസ്രത് സഹ്‌റയെ കുറ്റവിമുക്തനാക്കുകയും കമ്രാന്‍ യൂസഫിനെ വെറുത വിടുകയും ചെയ്തു.

വാര്‍ത്താ റിപ്പോര്‍ട്ടുകള്‍, സര്‍ക്കാര്‍ പത്രക്കുറിപ്പുകള്‍, കോടതി ഉത്തരവുകള്‍, എന്നിവയിലൂടെയുള്ള കണക്കുകള്‍ പ്രകാരമാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന് ഫ്രീ സ്പീച്ച് കലക്ടീവ് വ്യക്തമാക്കുന്നു. ജനാധിപത്യത്തില്‍ ഏതൊരു പൗരനുമുള്ള എല്ലാ സ്വാതന്ത്ര്യവും അവകാശങ്ങളും മാധ്യമപ്രവര്‍ത്തകര്‍ക്കുമുണ്ട്. വാര്‍ത്തകളുടെയും വിവരങ്ങളുടെയും സന്ദേശ വാഹകര്‍ കൂടിയാണ് പത്രപ്രവര്‍ത്തകര്‍. അവരെ നിശബ്ദരാക്കുന്നതിലൂടെ വിവരങ്ങള്‍ അറിയാനുള്ള പൗരന്മാരുടെ ജനാധിപത്യം കൂടി ഇല്ലായ്മ ചെയ്യലാണ്. എന്നാല്‍ മോദി ഭരണത്തില്‍ ഇതില്‍ കുറഞ്ഞതൊന്നും പ്രതീക്ഷിക്കാന്‍ വകയില്ല താനും.

logo
The Fourth
www.thefourthnews.in