തിരുപ്പതി ലഡുവിലെ നെയ്‌ക്കൊഴുപ്പ്; വിതരണകമ്പനിയുടെ ലൈസൻസ് റദ്ദ് ചെയ്യാൻ എഫ്എസ്എസ്എഐ, കാരണം കാണിക്കൽ നോട്ടീസയച്ചു
തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദമായ ലഡുവിന് ഉപയോഗിക്കുന്ന നെയ്യിൽ മൃഗക്കൊഴുപ്പ് കണ്ടെത്തിയതിന് പിന്നാലെ വിതരണക്കാരായ എആർ ഡയറിക്ക് നോട്ടീസ് അയച്ച് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്എസ്എസ്എഐ). സ്ഥാപനം മതിയായ മാനദണ്ഡം പാലിക്കുന്നില്ലെന്നും ലൈസൻസ് റദ്ദാക്കാതിരിക്കാനുള്ള കാരണമുണ്ടെങ്കിൽ അറിയിക്കാനും ആവശ്യപ്പെട്ടാണ് കാരണം കാണിക്കൽ നോട്ടീസ്. രാജ്യത്തെ പരമോന്നത ഭക്ഷ്യ സുരക്ഷാ റെഗുലേറ്റർ ഏജൻസിയാണ് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ.
ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യയുടെ അറിയിപ്പ് അനുസരിച്ച്, തിരുപ്പതി ക്ഷേത്രം നിയന്ത്രിക്കുന്ന തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ഗുജറാത്തിലെ സെൻ്റർ ഫോർ അനാലിസിസ് ആൻഡ് ലേണിങ് ഇൻ ലൈവ്‌സ്റ്റോക്ക് ആന്‍ഡ് ഫുഡിലേക്ക് പരിശോധനയ്ക്കായി സാമ്പിളുകൾ അയച്ചിരുന്നു. അതുപ്രകാരം, എ ആർ ഡയറി വിതരണം ചെയ്യുന്ന ഉത്പന്നങ്ങൾ മാനദണ്ഡങ്ങൾ പാലിക്കുന്നില്ല. അതുകൊണ്ടുതന്നെ സ്ഥാപനത്തെ കരിമ്പട്ടികയിൽ പെടുത്തിയെന്നും എഫ്എസ്എസ്എഐ നോട്ടീസിലൂടെ അറിയിച്ചു.
ജഗൻ മോഹൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ തിരുപ്പതി ക്ഷേത്രത്തിലെ പ്രസാദത്തിൽ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവാണ് ആരോപണം ഉന്നയിച്ചത്. പിന്നാലെ നടത്തിയ പരിശോധനയിൽ ഇക്കാര്യം സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. അതേസമയം, നെയ്യിന് പകരം മൃഗക്കൊഴുപ്പ് നൽകിയെന്ന വാദത്തെ തമിഴ്‌നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന എ ആർ ഡയറി നിഷേധിച്ചു.
സെപ്റ്റംബർ മുപ്പത്തിനുള്ളിൽ എ ആർ ഡയറി നോട്ടീസിന് മറുപടി നൽകണമെന്നാണ് നിർദേശം. അല്ലാത്തപക്ഷം ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്നാണ് മുന്നറിയിപ്പ്.