ജി 20 ഉച്ചകോടി നാളെ ആരംഭിക്കും : ലോകനേതാക്കൾ ഡൽഹിയിലെത്തി തുടങ്ങി, കനത്ത സുരക്ഷാ വലയത്തിൽ തലസ്ഥാനം
ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന പതിനെട്ടാമത് ജി 20 നേതൃതല ഉച്ചകോടി നാളെ ആരംഭിക്കും. അതിനായി ലോകനേതാക്കൾ ഡൽഹിയിൽ എത്തി തുടങ്ങി. അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ, ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്ക്, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ എന്നിവരടക്കമുള്ള ലോക നേതാക്കൾക്കാണ് അടുത്ത ദിവസം ഡൽഹി ആതിഥേയത്വം വഹിക്കുക. ജി 20 ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷയാണ് രാജ്യ തലസ്ഥാനത്ത് ഏർപ്പെടുത്തിയിരിക്കുന്നത്.
ഇന്ന് വൈകുന്നേരം 6.55ന് എയർഫോഴ്‌സ് വൺ വിമാനത്തിൽ എത്തുന്ന ജോ ബൈഡനെ കേന്ദ്രസഹമന്ത്രി വി കെ സിങ്ങ് സ്വീകരിക്കും. തുടർന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബൈഡനും ഉഭയകക്ഷി ചർച്ച നടത്തും. അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തെത്തിയതിന് ശേഷമുള്ള ബൈഡന്റെ ആദ്യ ഇന്ത്യൻ സന്ദർശനമാണിത്. ഋഷി സുനക് അടക്കമുള്ള നേതാക്കളും ഇന്ന് വൈകുന്നേരത്തോടെ എത്തും. ജി 20 ഉച്ചകോടിയുടെ സമാപനത്തിന് ശേഷം പ്രധാനമന്ത്രി മോദി ഞായറാഴ്ച ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണുമായി കൂടിക്കാഴ്ച നടത്തിയേക്കും. കാലാവസ്ഥാ വ്യതിയാനം, സുസ്ഥിര വികസനം, റഷ്യ-ഉക്രെയ്ൻ യുദ്ധം മൂലമുള്ള സാമ്പത്തിക പ്രതിസന്ധി എന്നിവയെക്കുറിച്ചുള്ള ചർച്ചകൾ ന്യൂഡൽഹിയിൽ നടക്കുന്ന ദ്വിദിന ഉച്ചകോടിയുടെ അജണ്ടയിലുണ്ടാകും. പ്രഗതി മൈതാനിയിൽ പുതുതായി നിർമ്മിച്ച അന്താരാഷ്ട്ര കൺവെൻഷനിലും പ്രദർശന കേന്ദ്രമായ ഭാരത് മണ്ഡപത്തിലും ആയിരിക്കും ദിദ്വിന ഉച്ചകോടി നടക്കുക. രാജ്യത്തിന്റെ സമ്പന്നമായ പൈതൃകവും സാംസ്കാരിക വൈവിധ്യവും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് മണ്ഡപം രൂപകൽപന ചെയ്തിരിക്കുന്നത്.
ജി 20 ഉച്ചകോടി നടക്കുന്ന വേദിയും പ്രതിനിധികൾ താമസിക്കുന്ന ഹോട്ടലുകളും ഉൾക്കൊള്ളുന്ന ന്യൂഡൽഹി പ്രദേശത്ത് കനത്ത സുരക്ഷാ ക്രമീകരണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജി 20 ഉച്ചകോടി നടക്കുന്നതിനാൽ ഇന്ന് രാവിലെ 5 മുതൽ ഞായറാഴ്ച രാത്രി 12 വരെ ഗതാഗതം നിയന്ത്രിക്കും. സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമായി മരുന്നുകൾ ഒഴികെയുള്ള എല്ലാ ഓൺലൈൻ ഡെലിവറി സേവനങ്ങളും തടയും. 50,000 ഉദ്യോഗസ്ഥരും K9 ഡോഗ് സ്ക്വാഡുകളും മൗണ്ടഡ് പോലീസും ഉൾപ്പെടെ നഗരത്തിൽ വിന്യസിച്ചിട്ടുണ്ട്.
ആരൊക്കെ പങ്കെടുക്കും ?
ലോകത്തെ വ്യാവസായികമായി വികസിച്ചതും വളർന്നുകൊണ്ടിരിക്കുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ കൂട്ടായ്മയാണ് ജി-20. ലോകത്തിൻറെ ജി.ഡി.പി.യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നവരാണ് ഈ ഗ്രൂപ്പിലെ അംഗ രാജ്യങ്ങൾ. 2022 ഡിസംബർ 1 മുതൽ ജി 20 അധ്യക്ഷ സ്ഥാനം വഹിക്കുന്നത് ഇന്ത്യയാണ്.
ജോ ബൈഡനും, ഋഷി സുനകിനും പുറമെ കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ,അർജന്റീന പ്രസിഡന്റ് ആൽബെർട്ടോ ഫെർണാണ്ടസ്, ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ്, ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ, ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ്, ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജപ്പാൻ പ്രധാനമന്ത്രി ഫ്യൂമിയോ കിഷിദ, ദക്ഷിണാഫ്രിക്കൻ പ്രസിഡന്റ് റമഫോസ, തുർക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് എർദോഗൻ, സൗദി അറേബ്യ പ്രധാനമന്ത്രി മുഹമ്മദ് ബിൻ സൽമാൻ അൽ സൗദ്, നൈജീരിയൻ പ്രസിഡന്റ് ബോല അഹമ്മദ് ടിനുബു, ആഫ്രിക്കൻ യൂണിയൻ പ്രസിഡന്റ് അസലി അസ്സൗമാനി, ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന, ദക്ഷിണ കൊറിയൻ പ്രസിഡന്റ് യൂൻ സുക് യോൾ, ഈജിപ്ഷ്യൻ പ്രസിഡന്റ് അബ്ദുൽ ഫത്താഹ് എൽ-സിസി, ചൈനീസ് പ്രധാനമന്ത്രി ലീ ക്വിയാങ്, യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, നെതർലൻഡ്സ് പ്രധാനമന്ത്രി മാർക്ക് റുട്ടെ തുടങ്ങിയവരും രണ്ടു ദിവസത്തെ ഉച്ചകോടിയിൽ പങ്കെടുക്കും.
അതേസമയം റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗ് എന്നിവർ ജി 20 യിൽ പങ്കെടുക്കില്ല. ചൈനയെ പ്രതിനിധീകരിച്ച് പ്രധാനമന്ത്രി ലീ ക്വിയാങ് പങ്കെടുക്കും. കോവിഡ് പോസിറ്റീവ് ആയതിനാൽ സ്പാനിഷ് പ്രസിഡന്റ് പെഡ്രോ സാഞ്ചസും ഉച്ചകോടിക്കെത്തില്ല.