'ഐ ആം ഗൗരി' എന്ന കാമ്പയിനില്‍ നിന്ന്
'ഐ ആം ഗൗരി' എന്ന കാമ്പയിനില്‍ നിന്ന്

ഗൗരി ലങ്കേഷ് - നീതിയുടെ രക്തസാക്ഷിത്വത്തിന് ഇന്ന് അഞ്ചാണ്ട്

കേസ് ഇപ്പോഴും വിചാരണ ഘട്ടത്തിലാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.
Updated on
2 min read

പ്രശസ്ത മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ടത് അഞ്ച് വര്‍ഷം മുന്‍പ് ഇതേ ദിവസമായിരുന്നു. വിദ്വേഷത്തിനും വര്‍ഗീയതയ്ക്കുമെതിരെ സംസാരിച്ചതിനും എഴുതിയതിനും, ഭരണകൂടം പുറമ്പോക്കിലേക്ക് തള്ളിയവര്‍ക്ക് വേണ്ടിയും നിലകൊണ്ടതിനും ഹിന്ദുത്വ തീവ്രവാദികള്‍ വിധിച്ച ശിക്ഷയായിരുന്നു അത്.

2017സെപ്തംബര്‍ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് വര്‍ഗീയ ഭീകരര്‍ വെടിവെച്ചിട്ടത്

നരേന്ദ്ര ധാബോൽക്കറെയും എംഎം കൽബുർഗിയേയും ഗോവിന്ദ് പന്‍സാരയേയും പോലെ ഭൂരിപക്ഷ വര്‍ഗീയ വാദികള്‍ ഗൗരിയേയും വകവരുത്തുകയായിരുന്നു. കേസ് ഇപ്പോഴും വിചരണ ഘട്ടത്തിലാണ്. ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവര്‍ക്കെതിരെ ശിക്ഷ ഉറപ്പാക്കാന്‍ കഴിയുമോ എന്നത് കണ്ടറിയേണ്ടതാണ്.

2017സെപ്തംബര്‍ 5ന് ജോലി കഴിഞ്ഞ് മടങ്ങിയ ഗൗരിയെ രാജരാജേശ്വരി നഗറിലെ വീടിനു മുമ്പില്‍വെച്ചാണ് വര്‍ഗീയ ഭീകരര്‍ വെടിവെച്ചിട്ടത്. രണ്ട് വെടിയുണ്ടകള്‍ അവരുടെ നെഞ്ചിലും മറ്റൊന്ന് പിന്‍വശത്തും കൊണ്ടു. ബൈക്കിലെത്തിയ രണ്ട് പേരാണ് ആക്രമം നടത്തിയതെന്ന് നിഗമനത്തിലാണ് സിസിടിവി പരിശോധിച്ച അന്വേഷണ സംഘം.

ഗൗരി ലങ്കേഷിന്റെ കൊലപാതകം വ്യാപകമായ പ്രതിഷേധത്തിന് കാരണമായി. 'ഐ ആം ഗൗരി' എന്ന പോസ്റ്ററുകള്‍ രാജ്യത്തെ കലാലശങ്ങളിലും തെരുവുകളിലും നിറഞ്ഞു. ഗൗരി ലങ്കേഷ് ഹിന്ദുത്വത്തിനും ചങ്ങാത്ത മുതലാളിത്തത്തിനും ജാതീയതയ്ക്കും എതിരെ നിരന്തരം എഴുതിയ മാധ്യമ പ്രവര്‍ത്തകയായിരുന്നുവെന്നത് കൊണ്ടു തന്നെയായിരുന്നു ഇതിന് കാരണം. ടൈംസ് ഓഫ് ഇന്ത്യയില്‍ ജോലി തുടങ്ങി പിന്നീട് സണ്‍ഡേ മാഗസിനിലും പ്രവര്‍ത്തിച്ചതിന് ശേഷമാണ് ഗൗരി കന്നഡ ടെലിവിഷന്‍ മാധ്യമത്തിലേക്ക് വരുന്നത്.

2000 ത്തിലാണ് 'ലങ്കേഷ് പത്രിക' എന്ന മാസികയുടെ എഡിറ്റോറിയല്‍ ചുമതലയിലെത്തുന്നത്. ഗൗരിയുടെ പിതാവും കര്‍ണാടയിലെ അറിയപെടുന്ന സാമൂഹ്യ സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന ലങ്കേഷിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു ഈ മാസിക. ലങ്കേഷിന്റെ മരണത്തിന് പിന്നാലെയാണ് ഗൗരി മാസികയുടെ ചുമതലയേറ്റെടുത്തത്. പബ്ലിഷറായി സഹോദരന്‍ ഇന്ദ്രജിത്തും ചുമതലേറ്റു.

 ഗൗരി ലങ്കേഷ്
ഗൗരി ലങ്കേഷ്

ബെംഗ്ലൂരുവില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള ബാബ ബുധന്‍ ഗിരി എന്ന സൂഫി ആരാധനാലയം പിടിച്ചെടുക്കാനുളള ഹിന്ദുത്വ വാദികളുടെ നീക്കത്തെ എതിര്‍ത്തതോടെ ഗൗരി അവരുടെ ശത്രു പക്ഷത്ത് എത്തുന്നത്. മാവോയിസ്റ്റുകളെ ഏറ്റുമുട്ടല്‍ എന്ന പേരില്‍ കൊലപ്പെടുത്തുന്നതിനെതിരെയും അവര്‍ ശക്തമായ നിലപാടെടുത്തു.

ഇതേ സമയം അവരുടെ സഹോദരന്‍ ബിജെപിയില്‍ ചേര്‍ന്നു. അങ്ങനെയാണ് ഗൗരി ലങ്കേഷ് പത്രികയെന്ന പേരില്‍ പുതിയ പ്രസിദ്ധീകരണം തുടങ്ങുന്നത്. ഇതിലായിരുന്നു പ്രശസ്ത മാധ്യമ പ്രവര്‍ത്തക റാണാ അയൂബിന്റെ, ഗുജറാത്ത് വംശഹത്യയുടെ കാണാപ്പുറങ്ങള്‍ വെളിച്ചെത്ത് കൊണ്ടുവന്ന ഗുജറാത്ത് ഫയല്‍സിന്റെ കന്നഡ തര്‍ജ്ജമ പ്രസിദ്ധീകരിച്ചത്. ഗൗരിയുടെ നടപടികള്‍ ആര്‍എസ്എസ്സിനും മറ്റ് ഹിന്ദുത്വ സംഘടനകള്‍ക്കും വലിയ സ്വാധീനമുള്ള ബെംഗളൂരുവില്‍ നിന്നായിരുന്നു എന്നതും ശ്രദ്ധേയമാണ്.

ഗൗരിയുടെ കൊലപാതക വാര്‍ത്ത കേട്ട് രാജ്യം നടുങ്ങിയപ്പോള്‍ ചില ഹിന്ദുത്വ പ്രൊഫൈലുകള്‍ ആ മരണം ആഘോഷിച്ചു

ഗൗരിയുടെ കൊലപാതക വാര്‍ത്ത കേട്ട് രാജ്യം നടുങ്ങിയപ്പോള്‍ ചില ഹിന്ദുത്വ പ്രൊഫൈലുകള്‍ ആ മരണം ആഘോഷിച്ചു.

കൊലപാതകം നടന്ന സ്ഥലത്തു നിന്നു കിട്ടിയ ബുള്ളറ്റ് കെയ്സാണ് അന്വഷണത്തില്‍ വഴി തിരിവായത്. ബുള്ളറ്റ് കെയ്സിന്റെ ഫോറന്‍സിക് പരിശോധനയില്‍ 2015 ല്‍ കൊല്ലപ്പെട്ട പുരോഗമന സാഹിത്യക്കാരന്‍ എംഎം കൽബുർഗിയുടെ കൊലപാതകത്തിലേക്കാണ്എത്തിച്ചത്. ഗൗരി ലങ്കേഷിന്റെയും കലഭുര്‍ഗിയുടേയും നെഞ്ച് തുളച്ചു കേറിയത് സമാനമായ തോക്കില്‍ നിന്നുതിര്‍ന്ന വെടിയുണ്ടകളായിരുന്നു എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തീവ്ര ഹിന്ദുത്വ സംഘടനയായ സനാതന സനസ്തയുടെ പ്രവര്‍ത്തകരായിരുന്നു പ്രതികള്‍. മതത്തെ സംരക്ഷിക്കാനായിരുന്നു കൊല നടത്തിയെതന്നാണ് ഗൗരിക്ക് നേരെ നിറയൊഴിച്ച പരശു റാം വാക്കമൂര്‍ പറഞ്ഞത്.

2015ല്‍ കൊല്ലപ്പെട്ട സി പി എ നേതാവ് ഗോവിന്ദ് പൻസാരെയേയും കൊലപ്പെടുത്തിയത്. ഇതേ ശക്തികള്‍ തന്നെയെന്നും അന്വേഷണ സംഘം കണ്ടെത്തി. 2013 ല്‍ കൊല്ലപ്പെട്ട സാമൂഹ്യ പ്രവര്‍ത്തകന്‍ നരേന്ദ്ര ധാബോല്‍ക്കറിന്റെ ജീവനെടുത്തതും ഇതേ സംഘം തന്നെ. നീതിയ്ക്ക് വേണ്ടി നിലകൊള്ളുന്നവര്‍ക്ക് ആവേശവും ഭൂരിപക്ഷമതവാദത്തിന്റെ പ്രചാരകര്‍ക്ക് ആ ഓര്‍മ്മകള്‍ ഇന്നും അലോസരവും സൃഷ്ടിക്കുന്നു

logo
The Fourth
www.thefourthnews.in