70കാരന് മേല്‍ യുഎപിഎ ചുമത്താന്‍ ഇതാണോ കാരണങ്ങള്‍?
നവ്‌ലാഖയുടെ ഹര്‍ജിയില്‍ 
സുപ്രീംകോടതി

70കാരന് മേല്‍ യുഎപിഎ ചുമത്താന്‍ ഇതാണോ കാരണങ്ങള്‍? നവ്‌ലാഖയുടെ ഹര്‍ജിയില്‍ സുപ്രീംകോടതി

73 കാരനായ നവ്‌ലാഖയുടെ ആരോഗ്യനില കണക്കിലെടുത്ത് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി നാളെ വിധി പറയും
Updated on
1 min read

ഭീമാ കൊറേഗാവ്‌ കേസിൽ നാല് വർഷമായി വിചാരണ തടവിൽ കഴിയുന്ന മനുഷ്യാവകാശ പ്രവർത്തകന്‍ ഗൗതം നവ്ലാഖയെ വീട്ടു തടങ്കലിലേക്ക് മാറ്റുന്നത് പരിഗണിച്ച് സുപ്രീംകോടതി. ആരോഗ്യനില കണക്കിലെടുത്ത് വീട്ടുതടങ്കലിലേക്ക് മാറ്റണമെന്ന ഹർജിയിൽ സുപ്രീംകോടതി നാളെ അന്തിമ വിധി പറയും. ഉപാധികൾ എന്തൊക്കെ ഏർപ്പെടുത്തണമെന്ന് കോടതി എൻഐഎയോട് ചോദിച്ചു. 2020ൽ സമർപ്പിച്ച കുറ്റപത്രത്തിൽ ഇതുവരെയും വിചാരണ ആരംഭിക്കാത്തതിൽ ബെഞ്ച് ഖേദം പ്രകടിപ്പിച്ചു. 73 കാരനായ നവ്‌ലാഖ 2018 അഗസ്റ്റിലാണ് അറസ്റ്റിലാകുന്നത്. അന്നുമുതൽ അദ്ദേഹം ജയിലിൽ കഴിയുകയാണ്.

നവ്‌ലാഖയ്ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസി കണ്ടെത്തിയ തെളിവുകളിൽ സംശയവും പ്രകടിപ്പിച്ച് കോടതി

നവ്‌ലാഖയ്ക്ക് ഐഎസുമായി ബന്ധമുണ്ടെന്ന് തെളിയിക്കാൻ അന്വേഷണ ഏജൻസി കണ്ടെത്തിയ വസ്തുക്കൾ പരിശോധിച്ച കോടതി, തെളിവുകളിൽ സംശയവും പ്രകടിപ്പിച്ചു. "ഇതാണോ 70 വയസ്സുള്ള ഒരാളെ യുഎപിഎ അനുസരിച്ച് ശിക്ഷിക്കുന്നതിന് ആധാരമാക്കുന്ന വസ്തുതകൾ? അദ്ദേഹം ജീവിതാന്ത്യത്തിലേക്ക് അടുക്കുകയാണ്. അദ്ദേഹത്തിന് ഞങ്ങൾ ജാമ്യം നൽകുന്നില്ല. നിങ്ങൾക്ക് എന്തൊക്കെ നിയന്ത്രണങ്ങളാണോ വേണ്ടത് അതൊക്കെ ഏർപ്പെടുത്തൂ. രാജ്യത്തെ നശിപ്പിക്കാൻ ഇവർ ശ്രമിക്കുന്നുവെന്ന് ഞാൻ കരുതുന്നില്ല. ആരാണ് രാജ്യത്തെ നശിപ്പിക്കാൻ ശ്രമിക്കുന്നത്. അത് ഞാൻ താങ്കളോട് പറയേണ്ടതുണ്ടോ? അഴിമതിക്കാരായവർ. നിങ്ങൾ ഏതെങ്കിലും ഓഫീസിൽ പോയി നോക്കൂ. അവിടെ എന്താണ് സംഭവിക്കുന്നത്. ആരാണ് നടപടിയെടുക്കുന്നത്. അവരൊക്കെ രക്ഷപ്പെട്ടു പോകുകയാണ്." ബെഞ്ച് വ്യക്തമാക്കി.

നവ്ലാഖയ്ക്ക് ആവശ്യമായ ചികിത്സ ജയിലിൽ നൽകാൻ കഴിയില്ലെന്ന് അദ്ദേഹത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ കോടതിയിൽ വാദിച്ചു. അദ്ദേഹത്തിന്റെ ശരീരഭാരം അപകടകരമാം വിധം കുറയുകയാണ്. കൃത്യമായ ചികിത്സയോ പരിചരണമോ ജയിലിനുള്ളിൽ ലഭിക്കുന്നില്ല. അതുകൊണ്ട് തന്നെ 2-3 മാസത്തേക്കെങ്കിലും അദ്ദേഹത്തിന് വീട്ട് തടങ്കൽ അനുവദിക്കണമെന്നും അദ്ദേഹം പറഞ്ഞു. വിചാരണ വൈകുന്ന കാര്യവും സിബൽ ചൂണ്ടിക്കാട്ടി.

ക്യാൻസർ രോഗബാധ തിരിച്ചറിയാന്‍ കൊളോനോസ്‌കോപ്പി നടത്തുന്നതിന് സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്.

ക്യാൻസർ ഉണ്ടോയെന്ന് കണ്ടെത്താൻ കൊളോനോസ്‌കോപ്പി നടത്തുന്നതിന് സഹോദരിയുടെ വീട്ടിലേക്ക് മാറ്റണമെന്ന ആവശ്യം ബോംബെ ഹൈക്കോടതി നിരസിച്ചതിനെ തുടർന്നാണ് അദ്ദേഹം സുപ്രീംകോടതിയെ സമീപിച്ചത്. നിരവധി ആരോഗ്യ പ്രശ്നങ്ങൾ നവ്ലാഖയ്ക്ക് ഉണ്ടെന്ന് സുപ്രീംകോടതിയെ ബോധിപ്പിച്ചതിനെ തുടർന്ന് സെപ്റ്റംബർ 29ന് അദ്ദേഹത്തിന് വൈദ്യപരിശോധന നടത്താനുള്ള അനുമതി നൽകിയിരുന്നു.

നവ്ലാഖയുടെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കുഴപ്പങ്ങളൊന്നും ഇല്ലെന്നും എൻഐഎ

അതേസമയം, നവ്ലാഖയുടെ ആരോഗ്യ സ്ഥിതി നിലവിൽ മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ അദ്ദേഹത്തിന് കുഴപ്പങ്ങളൊന്നും ഇല്ലെന്നുമായിരുന്നു എൻഐഎയ്ക്ക് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറലിന്റെ (ഏഎസ്ജി) വാദം. വീട്ടുതടങ്കലിലേക് മാറ്റേണ്ട പ്രശ്നങ്ങളൊന്നും അദ്ദേഹത്തിനില്ല. കട്ടിലും മെത്തയുമെല്ലാം നൽകാമെന്നും വീട്ടിൽ നിന്ന് ഭക്ഷണം കൊണ്ടുവരാനും അനുവദിക്കാമെന്നും ഏഎസ്ജി പറഞ്ഞു. കൂടാതെ, കൗശലമുപയോഗിച്ച് ജാമ്യം നേടിയെടുക്കാനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

logo
The Fourth
www.thefourthnews.in