'പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കും' പുതിയ പാര്‍ട്ടി പ്രഖ്യാപിച്ച് ഗുലാം നബി ആസാദ്
കോണ്‍ഗ്രസ് വിട്ട മുതിര്‍ന്ന നേതാവ് ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചു. പാർട്ടിയുടെ പേരും പതാകയും ജനങ്ങള്‍ തീരുമാനിക്കുമെന്ന് ഗുലാം നബി അറിയിച്ചു. എല്ലാവർക്കും മനസിലാകുന്ന ഹിന്ദുസ്ഥാന്‍ പേരായിരിക്കും പാർട്ടിയുടേതെന്നാണ് പ്രഖ്യാപനം. ജമ്മുവില്‍ ആയിരങ്ങള്‍ പങ്കെടുത്ത റാലിയിലാണ് ആസാദ് പാർട്ടി പ്രഖ്യാപിച്ചത്.
നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജമ്മുവിലാണ് ആദ്യ യൂണിറ്റ്. സെപ്റ്റംബര്‍ 12 വരെ സ്വന്തം മണ്ഡലം ഉള്‍പ്പെടെ സംസ്ഥാനത്തെ പ്രധാനപ്പെട്ട നാല് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നുണ്ട്. കശ്മീരിന്റെ സമ്പൂർണ സംസ്ഥാന പദവി പുനസ്ഥാപിക്കുക എന്നതാകും പ്രധാന അജണ്ടയെന്നാണ് ഗുലാം നബി റാലിയില്‍ പ്രഖ്യാപിച്ചത്. ഇതോടൊപ്പം ഭൂസ്വത്തിനുള്ള അവകാശം, കശ്മീരികൾക്കുള്ള തൊഴിലവസരം എന്നീ വിഷയങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കും. കോൺഗ്രസ് വിട്ട ശേഷമുള്ള ഗുലാം നബി ആസാദിന്‍റെ ആദ്യ പൊതുപരിപാടിയിലാണ് പാർട്ടി പ്രഖ്യാപനം.
അതേസമയം, കോൺഗ്രസിനെ രൂക്ഷമായ ഭാഷയില്‍ വിമർശിക്കുകയും ചെയ്തു ആസാദ്. കോണ്‍ഗ്രസിനെ വളര്‍ത്താന്‍ രക്തവും വിയര്‍പ്പും നല്‍കി, കമ്പ്യൂട്ടറോ ട്വിറ്ററോ ഉപയോഗിച്ചല്ല പാര്‍ട്ടിയെ വളര്‍ത്തിയതെന്ന് അദ്ദേഹം പറഞ്ഞു. 'ചിലർ ഞങ്ങളെ കുറ്റപ്പെടുത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ അവരുടെ സ്വാധീനം ട്വിറ്ററിലും കംപ്യൂട്ടറിലും മാത്രമാണ്. അതുകൊണ്ടാണ് സാധാരണക്കാരുടെ ഇടയില്‍ കോൺഗ്രസിനെ കാണാത്തത്' -ഗുലാം നബി കൂട്ടിച്ചേർത്തു.
ജമ്മുവിലാണ് പാര്‍ട്ടിയുടെ ആദ്യ യൂണിറ്റ്
അഞ്ച് പതിറ്റാണ്ട് നീണ്ട കോണ്‍ഗ്രസ് ബന്ധം അവസാനിപ്പിച്ചാണ് ഗുലാം നബി ആസാദ് ആഗസ്റ്റ് 26ന് പാര്‍ട്ടി വിട്ടത്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആസാദിന്റെ രാജി, പാര്‍ട്ടിയുടെ ജമ്മു കശ്മീര്‍ ഘടകത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളുടെ കൂട്ട പലായനത്തിന് കാരണമായിട്ടുണ്ട്. 2024 ലെ പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി പഞ്ചാബ് മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്, പാര്‍ട്ടിയുടെ മുന്‍ പഞ്ചാബ് അധ്യക്ഷന്‍ സുനില്‍ ജാഖര്‍, മുന്‍ കേന്ദ്രമന്ത്രിമാരായ കപില്‍ സിബല്‍, അശ്വനി കുമാര്‍ എന്നിവരുള്‍പ്പെടെ നിരവധി ഉന്നതര്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്തുപോയതിന് പിന്നാലെയായിരുന്നു ആസാദിന്റെ രാജി.