ഗുലാം നബി ആസാദ്
ഗുലാം നബി ആസാദ്

'കശ്മീരിലുണ്ടായിരുന്നവരെല്ലാം പണ്ഡിറ്റുകൾ, മുസ്ലിങ്ങൾ മതപരിവര്‍ത്തനത്തിന്റെ ഫലം'; ഗുലാം നബി ആസാദിന്റെ പരാമർശം വിവാദത്തിൽ

'600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നോ? അന്ന് എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. പിന്നീടാണ് മുസ്ലീം മതം സ്വീകരിച്ചത്'
Updated on
1 min read

കശ്മീരിലുണ്ടായിരുന്ന മുസ്ലീങ്ങളെല്ലാം പണ്ഡിറ്റുകളായിരുന്നുവെന്ന മുൻ കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദിന്റെ പരാമർശം വിവാദത്തില്‍. ഇന്ത്യയിലെ ഭൂരിഭാഗം മുസ്ലിങ്ങളും മതപരിവർത്തനം ചെയ്തവരാണെന്നും ഗുലാം നബി പറഞ്ഞിരുന്നു. ജമ്മുകശ്മീരിലെ ദോഡ ജില്ലയില്‍ താത്രിയില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് പരാമര്‍ശം. ഇന്ത്യയിലെ മതങ്ങളുടെ ചരിത്ര പശ്ചാത്തലത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗുലാം നബി ആസാദ്
സവർക്കർ യഥാർഥത്തിൽ ഇടത് തീവ്രവാദിയായിരുന്നോ?

'ഇസ്ലാം വെറും 1500 വര്‍ഷങ്ങള്‍ക്ക് മുന്‍പ് മാത്രം ഉയര്‍ന്നുവന്ന ഒരു മതമാണ്. എന്നാല്‍ ഹിന്ദുമതത്തിന് അതിലും പഴക്കമുണ്ട്. പത്തോ ഇരുപതോ മുസ്ലിങ്ങളെ മാത്രമാണ് മുഗള്‍ സൈന്യം ഇങ്ങോട്ട് കൊണ്ടുവന്നത്. ബാക്കിയുള്ളവരെല്ലാം മതം മാറുകയായിരുന്നു. 600 വര്‍ഷങ്ങള്‍ക്ക് മുന്‍പ് കശ്മീരില്‍ മുസ്ലീങ്ങള്‍ ഉണ്ടായിരുന്നോ? അന്ന് എല്ലാവരും കശ്മീരി പണ്ഡിറ്റുകളായിരുന്നു. പിന്നീടാണ് മുസ്ലീം മതം സ്വീകരിച്ചത്. അതുകൊണ്ടാണ് എല്ലാവരും ഹിന്ദുമതത്തില്‍ ജനിച്ചവരാണെന്ന് ഞാന്‍ പറയുന്നത്.' ഗുലാം നബി ആസാദ് പറഞ്ഞു.

പ്രസ്താവനയ്‌ക്കെതിരെ പല നേതാക്കളും വിമര്‍ശനവുമായി രംഗത്തെത്തി. എന്തുകൊണ്ടാണ് അങ്ങനെ പറഞ്ഞതെന്നും ആരെയാണ് അദ്ദേഹം പ്രീതിപ്പെടുത്താന്‍ ശ്രമിച്ചതെന്നും അദ്ദേഹത്തിന് മാത്രമേ പറയാന്‍ സാധിക്കുകയുള്ളുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറൂഖ് അബ്ദുള്ള പറഞ്ഞു.

ഗുലാം നബി നിലപാടുകളില്‍ നിന്നും അറിവില്‍ നിന്നും പിന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണെന്ന് പിഡിപി നേതാവ് മെഹബൂബ മുഫ്തിയും പ്രതികരിച്ചു. ആർജെഡി നേതാവും രാജ്യസഭാ എംപിയുമായ മനോജ് ഝായും ഗുലാം നബിയെ വിമർശിച്ച് രംഗത്തുവന്നു. മതത്തേക്കാളും മനുഷ്യത്വത്തിനാണ് പ്രാധാന്യം നല്‍കേണ്ടതെന്നായിരുന്നു പ്രതികരണം. ഈ തിരിച്ചറിവ് സമൂഹത്തിനുണ്ടായാല്‍ മതതീവ്രവാദം സ്വാഭാവികമായും ഇല്ലാതാകുമെന്നും മനോജ് ഝാ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26 നാണ് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവായിരുന്ന ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. പിന്നീട്, ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി രൂപീകരിച്ചു. ഏകദേശം അഞ്ച് പതിറ്റാണ്ടിലേറെ കോൺഗ്രസ് പാര്‍ട്ടിയിലുണ്ടായിരുന്ന ഗുലാം നബി ആസാദ് പല നിര്‍ണായക സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.

logo
The Fourth
www.thefourthnews.in