രണ്ട് ദിവസത്തിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ഒടുവിൽ  ദാരുണാന്ത്യം

രണ്ട് ദിവസത്തിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം; കുഴൽക്കിണറിൽ വീണ രണ്ടര വയസ്സുകാരിക്ക് ഒടുവിൽ ദാരുണാന്ത്യം

ഇന്ന് വൈകുന്നേരത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല
Updated on
1 min read

മധ്യപ്രദേശിലെ സെഹോര്‍ ജില്ലയില്‍ 300 അടി താഴ്ചയുള്ള കുഴല്‍ക്കിണറില്‍ വീണ രണ്ടര വയസ്സുകാരി മരിച്ചു. കുഴല്‍ക്കിണറില്‍ വീണ് മൂന്നു ദിവസത്തിന് ശേഷമാണ് കുഞ്ഞിനെ പുറത്തെടുക്കാനായത്. ഇന്ന് വൈകുന്നേരത്തോടെ കുട്ടിയെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭോപ്പാലിൽ നിന്ന് 40 കിലോമീറ്റർ അകലെയുള്ള സെഹോറിലാണ് സംഭവം.

55 മണിക്കൂറിലേറെ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് പെണ്‍കുട്ടിയെ കുഴല്‍ക്കിണറില്‍ നിന്ന് രക്ഷപ്പെടുത്തിയത്. മൃതദേഹം ജീർണിച്ച അവസ്ഥയിലായിരുന്നുവെന്ന് അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് വയലില്‍ കളിക്കുന്നതിനിടെ 300 അടി താഴ്ചയുള്ള കുഴൽക്കിണറിൽ സൃഷ്ടി എന്ന പെൺകുട്ടി വീണത്. ആദ്യം 40 അടിയോളം താഴ്ചയിൽ കുടുങ്ങിക്കിടന്ന കുട്ടി പിന്നീട് രക്ഷാപ്രവര്‍ത്തനത്തിനിടെ 100 അടി താഴ്ചയിലേക്ക് വീണു.

ഗുജറാത്തില്‍നിന്നുള്ള റോബോട്ടിക് വിദഗ്ധര്‍ ഉള്‍പ്പെട്ട പ്രത്യേക സംഘവും രക്ഷാപ്രവര്‍ത്തിന് എത്തിയിരുന്നു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നതിനായി ഒരു റോബോട്ടിനെ കുഴല്‍ക്കിണറിലേക്ക് ഇറക്കിയിരുന്നു. കൂടാതെ രക്ഷാപ്രവർത്തകർ പൈപ്പിലൂടെ ഓക്‌സിജൻ വിതരണം ചെയ്ത് കുട്ടിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ നടത്തിയിരുന്നു. ദേശീയ-സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെയും സൈന്യത്തിന്റെയും നേതൃത്വത്തിൽ നടന്ന രക്ഷാപ്രവര്‍ത്തത്തിനൊടുവില്‍ അഞ്ചരയോടെയാണ് കുട്ടിയെ പുറത്തെടുക്കാനായത്. ഉടന്‍ ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കുഴല്‍ കിണര്‍ സ്ഥിതി ചെയ്യുന്ന കൃഷിയിടം മറ്റൊരാളുടെയാണെന്നാണ് വിവരം. സ്ഥലമുടമയ്‌ക്കെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

logo
The Fourth
www.thefourthnews.in