'പണ്ട് 17 വയസിന് മുൻപ് അമ്മയാകുമായിരുന്നു, മനുസ്മൃതി വായിക്കൂ'; ഗർഭച്ഛിദ്രാനുമതി തേടിയ ബലാത്സംഗ അതിജീവിതയോട് കോടതി
ബലാത്സംഗത്തിനിരയായി ഗർഭിണിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ഗുജറാത്ത് ഹൈക്കോടതിയുടെ വിചിത്ര ഉപദേശം. മുൻകാലങ്ങളിൽ 17 വയസിന് മുൻപ് പെൺകുട്ടികൾ പ്രസവിക്കുമായിരുന്നുവെന്നാണ് ഗർഭച്ഛിദ്രത്തിന് അനുമതി തേടി സമീപിച്ച കുട്ടിയോട് ഗുജറാത്ത് ഹൈക്കോടതിയുടെ ഉപദേശം. പെൺകുട്ടികൾ 14-15 വയസ്സിൽ വിവാഹിതരാകുന്നത് പതിവായിരുന്നു എന്നും വാക്കാൽ പരാമർശിച്ച കോടതി മനുസ്‌മൃതി വായിക്കണമെന്നും പറഞ്ഞു.
കുട്ടിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം തൃപ്തികരമെങ്കിൽ ഗർഭച്ഛിദ്രം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് നിർദേശം നൽകി.
ഏഴ് മാസം ഗർഭിണിയായ പതിനേഴുകാരിയുടെ ഗർഭച്ഛിദ്രത്തിന് അനുമതി തേടി കുട്ടിയുടെ അച്ഛനാണ് കോടതിയെ സമീപിച്ചത്. ബലാത്സംഗത്തിന് ഇരയായ പെൺകുട്ടി, ഗർഭിണിയാണെന്ന വിവരം ഏഴ് മാസം പിന്നിടുമ്പോഴാണ് മാതാപിതാക്കൾ അറിഞ്ഞത്.
"നിങ്ങൾ ഇരുപത്തൊന്നാം നൂറ്റാണ്ടിലാണ് ജീവിക്കുന്നത്, നിങ്ങളുടെ അമ്മയോടോ മുത്തശ്ശിയോടോ ചോദിക്കൂ. 14-15 വയസ്സായിരുന്നു അന്നത്തെ വിവാഹം കഴിക്കാനുള്ള പരമാവധി പ്രായം. 17 വയസ്സിന് മുൻപ് തന്നെ അമ്മയാകുന്നു. ആൺകുട്ടികൾക്ക് മുൻപ് പെൺകുട്ടികൾ പക്വത പ്രാപിക്കുന്നു. 4-5 മാസം വലിയ വ്യത്യാസമില്ല. നിങ്ങൾ വായിക്കാറില്ല എങ്കിലും ഇതിനായി മനുസ്മൃതി ഒരിക്കൽ വായിക്കുക" ജസ്റ്റിസ് സമീർ ജെ. ദവെ പറഞ്ഞു.
പെൺകുട്ടിയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ രാജ്‌കോട്ട് സിവിൽ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിനെ കോടതി ചുമതലപ്പെടുത്തി.
ഓഗസ്റ്റ് 18 നാണ് പ്രസവ തീയതിയെന്നും അതിനാൽ എത്രയും വേഗത്തിൽ കേസ് പരിഗണിക്കണമെന്നും പെൺകുട്ടിയുടെ അഭിഭാഷകൻ വ്യക്തമാക്കി. എന്നാൽ കുട്ടിയുടെയും ഗർഭസ്ഥ ശിശുവിന്റെയും ആരോഗ്യം തൃപ്തികരമെങ്കിൽ ഗർഭച്ഛിദ്രം അനുവദിക്കില്ലെന്ന് കോടതി വ്യക്തമാക്കി. തുടർന്ന് മെഡിക്കൽ പരിശോധനയ്ക്ക് നിർദേശം നൽകി. പെൺകുട്ടിയെ അടിയന്തരമായി വൈദ്യപരിശോധനയ്ക്ക് വിധേയയാക്കാൻ രാജ്‌കോട്ട് സിവിൽ ഹോസ്പിറ്റലിലെ മെഡിക്കൽ സൂപ്രണ്ടിനെ കോടതി ചുമതലപ്പെടുത്തി.
മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് പരിഗണിച്ചാകും കോടതി കേസിൽ വിധി പറയുക. ജൂൺ 15 ന് കേസിൽ കോടതി വീണ്ടും വാദം കേൾക്കും.