'2000 നൽകൂ, 2100 രൂപയുടെ ഇറച്ചി സ്വന്തമാക്കൂ'; നോട്ടുനിരോധനം അവസരമാക്കാന്‍ വ്യാപാരികൾ

'2000 നൽകൂ, 2100 രൂപയുടെ ഇറച്ചി സ്വന്തമാക്കൂ'; നോട്ടുനിരോധനം അവസരമാക്കാന്‍ വ്യാപാരികൾ

2000 രൂപ മാറ്റിയെടുക്കാൻ ബാങ്കിൽ കയറിയിറങ്ങി ബുദ്ധിമുട്ടുന്നവരെ ഉന്നം വച്ചാണ് പുതിയ ഓഫർ
Updated on
1 min read

രണ്ടായിരം രൂപയുടെ നോട്ടുകള്‍ പിന്‍വലിച്ച റിസര്‍വ് ബാങ്ക് തീരുമാനത്തില്‍ ആശങ്ക നിലനില്‍ക്കെ സാഹചര്യം ഉപയോഗപ്പെടുത്താന്‍ ഡല്‍ഹിയിലെ ഇറച്ചി വില്‍പനക്കാര്‍. '2000 നൽകിയിട്ട് 2100 രൂപയ്ക്ക് സാധനങ്ങൾ നേടൂ' എന്നാണ് ഡൽഹിയിൽ പ്രത്യക്ഷപ്പെട്ട പുതിയ പരസ്യം. 2000 രൂപ മാറ്റിയെടുക്കാൻ ബാങ്കിൽ കയറിയിറങ്ങി ബുദ്ധിമുട്ടുന്നവരെ ഉന്നം വച്ചാണ് പുതിയ ഓഫർ.

'ഞങ്ങൾക്ക് രണ്ടായിരം രൂപ നൽകൂ, 2100 രൂപയുടെ ഇറച്ചി നൽകാം ' ജിടിബി നഗറിലെ സർദാർ ഇറച്ചിക്കടയിൽ പതിച്ച പരസ്യത്തിൽ പറയുന്നത്. എന്നാൽ പരസ്യചിത്രം ട്വിറ്ററിൽ എത്തിയതോടെ കഥമാറി. സോഷ്യൽ മീഡിയ ഉപയോക്താക്കൾ ചിത്രം ഏറ്റെടുത്തു. 'ആർബിഐ സ്‌മാർട്ടാണെന്നാണ് നിങ്ങൾ കരുതുന്നതെങ്കിൽ അതിനേക്കാൾ മിടുക്കരാണ് ഡൽഹിക്കാർ' കച്ചവടം വർധിപ്പിക്കാനുള്ള പുതുപുത്തൻ ആശയം' തുടങ്ങിയ അടികുറിപ്പോടെ സമൂഹമാധ്യമ ഉപയോക്താക്കൾ വ്യാപകമായി ചിത്രം ഷെയർ ചെയ്തു. നോട്ടുനിരോധനം വ്യാപാരികൾ നേട്ടമാക്കുകയാണെങ്കിലും സാധാരണക്കാരന് ഉപകാരമാണെന്നും ചിലർ പ്രതികരിച്ചു.

എന്നാൽ ഡൽഹിക്കാരേക്കാൾ മിടുക്കരാണ് ബെംഗളൂരുക്കാർ എന്ന വാദവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അതിനെ അനുകൂലിച്ച ചിലർ, നോട്ടുമാറുന്ന ചില രസകരമായ ട്രിക്കുകളും സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. ഞങ്ങൾ ക്യാഷ് ഓൺ ഡെലിവറിയായി ഭക്ഷണം ഓർഡർ ചെയ്യുകയും 2000 നൽകുകയും ചെയ്യുമെന്നും അവർ പറഞ്ഞു. നോട്ടുനിരോധനം കച്ചവട തന്ത്രമാക്കുന്നത് ഡൽഹി അടക്കമുള്ള പലയിടങ്ങളിലും ട്രെൻഡായി മാറിയിരിക്കുകയാണ്. ഇതിനിടെ ഉത്തർപ്രദേശിലെ പെട്രോൾ പമ്പിൽ രണ്ടായിരത്തിന്റെ നോട്ട് കൊടുത്ത് കുടുങ്ങിയ യുവാവിന്റെ വാർത്തയും ചർച്ചയാവുകയാണ്.

ഇന്ധനം നിറച്ച ശേഷം 2000 രൂപയുടെ നോട്ട് നൽകിയതിനെ തുടർന്ന് യാത്രക്കാരനും ജീവനക്കാരനും തമ്മിൽ വലിയ തർക്കമാണുണ്ടായത്. പണം സ്വീകരിക്കാൻ വിസമതിച്ച പമ്പ് ജീവനക്കാരൻ ഒടുവിൽ സ്‌കൂട്ടറിന്റെ ടാങ്കിൽ നിന്ന് പൈപ്പ് ഉപയോഗിച്ച് പെട്രോൾ മുഴുവൻ ഊറ്റിയെടുത്തു. ജീവനക്കാരൻ ഇന്ധനം ഊറ്റിയെടുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു.

ഇക്കഴിഞ്ഞ മെയ് 19നാണ് രാജ്യത്ത് 2,000 രൂപാ നോട്ടുകളുടെ വിനിമയം നിർത്തുന്നതായി റിസർവ് ബാങ്ക് പ്രഖ്യാപിച്ചത്. നോട്ടുകൾ ഘട്ടംഘട്ടമായി പിൻവലിക്കാനാണ് റിസർവ് ബാങ്കിന്റെ തീരുമാനം. പിൻവലിച്ച 2,000 രൂപാ നോട്ടുകൾ ബാങ്കുകളിൽ നൽകി മാറ്റിയെടുക്കാൻ സൗകര്യമുണ്ട്. നാലുമാസം വരെയാണ് നോട്ടുമാറ്റിയെടുക്കാനുള്ള കാലാവധി.

logo
The Fourth
www.thefourthnews.in