ഗോ ഫസ്റ്റ് എയര്‍ലൈനിന് 10 ലക്ഷം പിഴ: നടപടി 55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയര്‍ന്നതില്‍
55 യാത്രക്കാരെ മറന്ന് വിമാനം പറന്നുയര്‍ന്ന സംഭവത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈനിന് 10 ലക്ഷം രൂപ പിഴയിട്ട് ഡിജിസിഎ. യാത്രക്കാരുമായി ആശയവിനിമയം നടത്തുന്നതിലും ഏകോപനത്തിലും വിമാനക്കമ്പനിയുടെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് ഡിജിസിഎ ചൂണ്ടിക്കാട്ടി. ഒന്നിലധികം കാര്യങ്ങളില്‍ എയര്‍ലൈനിന്റെ ഭാഗത്ത് വീഴ്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. നേരത്തെ ഗോ ഫസ്റ്റ് എയര്‍ലെെനിനോട് കേന്ദ്ര വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ റിപ്പോര്‍ട്ട് തേടിയിരുന്നു.
യാത്രക്കാരെ മറന്ന് പറന്നുയര്‍ന്ന വിഷയത്തില്‍ ഗോ ഫസ്റ്റ് എയര്‍ലൈന്‍സ് മാപ്പ് ചോദിച്ച് രംഗത്തെത്തിയിരുന്നു. വിമാനത്തില്‍ കയറാനാകാതിരുന്ന യാത്രക്കാര്‍ക്ക് ഇന്ത്യയിലെവിടേക്കും യാത്ര ചെയ്യാന്‍ ഒരു സൗജന്യ ടിക്കറ്റും കമ്പനി ഓഫര്‍ ചെയ്തിരുന്നു. വിമാനത്തിന്റെ ക്രൂവിലുണ്ടായിരുന്ന ജീവനക്കാരെ ചുമതലകളില്‍ നിന്ന് ഒഴിവാക്കിയതായും കമ്പനി അറിയിച്ചു.
ജനുവരി 9ന് രാവിലെ 6.30ഓടെയാണ് ബെംഗളൂരുവിലെ കെംപഗൗഡ വിമാനത്താവളത്തില്‍ നിന്നും ജി8 116 എന്ന വിമാനം 55 യാത്രക്കാരെ കയറ്റാതെ പറന്നുയര്‍ന്നത്. വിമാനത്തില്‍ കയറ്റുന്നതിനായി നാല് ബസുകളിലായാണ് യാത്രക്കാരെ എത്തിച്ചത്. ഇതില്‍ ഒരു ബസിലുണ്ടായിരുന്ന യാത്രക്കാരെ കയറ്റാതെ വിമാനം പുറപ്പെടുകയായിരുന്നു. യാത്രക്കാര്‍ക്ക് ബോഡിങ് പാസുകള്‍ നല്‍കുകയും ലഗേജ് പരിശോധനാ നടപടികള്‍ പൂര്‍ത്തിയാകുകയും ചെയ്തിരുന്നു. മണിക്കൂറുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 10 മണിക്ക് പുറപ്പെട്ട മറ്റൊരു വിമാനത്തിലാണ് ഇവര്‍ക്ക് യാത്ര ചെയ്യാനായത്.