450 വര്‍ഷം നീണ്ട പോര്‍ച്ചുഗീസ് അധിനിവേശം;  ഗോവ വിമോചനത്തിന് 61 വയസ്

450 വര്‍ഷം നീണ്ട പോര്‍ച്ചുഗീസ് അധിനിവേശം; ഗോവ വിമോചനത്തിന് 61 വയസ്

1961 ഡിസംബർ 19നാണ് ഗോവ സ്വതന്ത്രമാക്കപ്പെടുന്നത്
Updated on
1 min read

450 വർഷത്തെ പോർച്ചുഗീസ് ഭരണത്തിൽ നിന്ന് ഗോവ സ്വാതന്ത്ര്യം നേടിയിട്ട് 61 വര്‍ഷം. 1961 ഡിസംബർ 19 നാണ് ഗോവ സ്വതന്ത്രമാക്കപ്പെടുന്നത്; ഓപ്പറേഷന്‍ വിജയ് എന്ന നിര്‍ണായക സായുധ നീക്കത്തിലൂടെ.

ഗോവ വിമോചന ദിനത്തില്‍ വിപുലമായ ആഘോഷ പരിപാടികളാണ് സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഗോവയുടെ വികസന യാത്രയില്‍ ഭാഗമാകാനായതിൽ അഭിമാനമുണ്ടെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ട്വിറ്ററില്‍ കുറിച്ചു. 'സുവർണ ഗോവ' എന്ന സ്വപ്നത്തിലേക്ക് സംസ്ഥാന സര്‍ക്കാര്‍ അടുക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. ഗോവന്‍ വിമോചനത്തിനായി പോരാടിയവരെ അനുസ്മരിച്ചും ആദരമര്‍പ്പിച്ചും രാഷ്ട്രപതിയും പ്രധാനമന്ത്രിയും ട്വീറ്റ് ചെയ്തു.

ഗോവ വിമോചന ചരിത്രം

1940കളുടെ തുടക്കം മുതല്‍ തന്നെ ​ഗോവന്‍ വിമോചനത്തിനായി പ്രദേശവാസികള്‍ സംഘടിച്ചിരുന്നു. സത്യാഗ്രഹ സമരങ്ങളും 1946ല്‍ രാം മനോഹര്‍ ലോഹ്യയുടെ നേതൃത്വത്തില്‍ രൂപംകൊണ്ട ഗോവ വിമോചന പ്രസ്ഥാനവുമെല്ലാം സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ഭാഗമായിരുന്നു.

1947-ൽ ബ്രിട്ടീഷുകാരില്‍ നിന്നും ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ടും പോർച്ചുഗീസുകാർ ഗോവ വിട്ടുപോകാൻ തയാറായില്ല. നെഹ്റു സർക്കാർ നടത്തിയ നയതന്ത്ര ചർച്ചകളൊന്നും വിജയം കണ്ടില്ല. ഇതോടെ ഗോവ, ദാമൻ, ദിയു എന്നീ മൂന്ന് പോർച്ചുഗീസ് അധീന പ്രദേശങ്ങളെ സ്വതന്ത്രമാക്കാനായി 'ഓപ്പറേഷന്‍ വിജയ്' എന്ന സായുധസേന നീക്കത്തിലേക്ക് സര്‍ക്കാര്‍ കടന്നു.

1961 ഡിസംബർ 18ന് ആരംഭിച്ച് ഡിസംബർ 19ന് അവസാനിച്ച 36 മണിക്കൂർ സൈനിക നടപടിയായി 'ഓപ്പറേഷന്‍ വിജയ്'. സൈനിക നീക്കത്തിന്റെ ഭാഗമായി പോർച്ചുഗീസുകാർ പിന്‍വാങ്ങിയതോടെ ഗോവ, ദാമൻ, ദിയു എന്നിവ കേന്ദ്ര ഭരണ പ്രദേശങ്ങളായി മാറി. പിന്നീട് 1987ലാണ് ഇന്ത്യയുടെ 25-ാമത് സംസ്ഥാനമായി ഗോവയ്ക്ക് സംസ്ഥാന പദവി ലഭിക്കുന്നത്. സ്വതന്ത്ര സംസ്ഥാനമാകുന്നതിന് മുൻപ് ഗോവയെ മഹാരാഷ്ട്രയിൽ ലയിപ്പിക്കാനുളള നീക്കങ്ങളും നടന്നിരുന്നു. എന്നാൽ, ഗോവന്‍ ജനതയുടെ ശക്തമായ എതിര്‍പ്പാണ് ആ നീക്കത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാരിനെ പിന്തിരിപ്പിച്ചത്.

logo
The Fourth
www.thefourthnews.in