ശാസ്ത്ര മേഖലയില്‍ പിഎച്ച്ഡി നേടിയ രാജ്യത്തെ ആദ്യ വനിതയ്ക്ക് ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍
ഇന്ത്യന്‍ ബയോകെമിസ്റ്റ് കമലാ സോഹോണിയുടെ 112ആം ജന്മദിനത്തില്‍ ആദരമര്‍പ്പിച്ച് ഗൂഗിള്‍ ഡൂഡില്‍. ശാസ്ത്ര മേഖലകളില്‍ സ്ത്രീകളുടെ സാന്നിധ്യം കുറവായിരുന്ന കാലത്ത് ആ മേഖലയില്‍ പിഎച്ച്ഡി നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയാണ് കമല സൊഹോനി. 1912 -ല്‍ മധ്യപ്രദേശിലെ ഇന്‍ഡോറിലാണ് കമല സൊഹോനി ജനിച്ചത്. അച്ഛനായ നാരായണറാവു ഭഗവത്, അമ്മാവനായ മാധവറാവോ ഭഗവത് എന്നിവര്‍ ബാംഗ്ലൂരിലെ റ്റാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ രസതന്ത്രജ്ഞരായിരുന്നു. അവരുടെ വഴി പിന്തുടര്‍ന്ന് കമലയും ബോംബെ സര്‍വ്വകലാശാലയില്‍ നിന്ന് 1933 -ല്‍ ഭൗതികശാസ്ത്രത്തിലും രസതന്ത്രത്തിലും ബിരുദമെടുത്തു.
ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ റിസേര്‍ച്ച് ഫെല്ലോഷിപ്പിന് അപേക്ഷിച്ചു. പക്ഷെ അവളുടെ അപേക്ഷ നിരസിക്കപ്പെട്ടു. ഡയറക്ടറും നോബല്‍ ജേതാവുമായ സി വി രാമന്‍ ഗവേഷണം നടത്താന്‍ സ്ത്രീകളെ പരിഗണിച്ചിരുന്നില്ല. വി രാമന്റെ ഓഫീസിനുമുമ്പില്‍ കമല സത്യാഗ്രഹം നടത്തുകയും അഡ്മിഷന്‍ നേടിയെടുക്കുകയും ചെയ്തു. 1933 -ല്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സില്‍ (ഐഐഎസ് സി) പ്രവേശനം നേടുന്ന ആദ്യ വനിതയും കമല സൊഹേനിയാണ്. സി വി രാമന്‍ ഒരു മികച്ച ശാസ്ത്രജ്ഞനായിരുന്നുവെങ്കിലും വളരെ സങ്കുചിത ചിന്താഗതിക്കാരനായിരുന്നുവെന്ന് കമല പിന്നീട് പറയുകയുണ്ടായി.1947 ല്‍ എം വി സൊഹാനിയുമായുള്ള വിവാഹത്തോടെ കമല തന്റെ പ്രവര്‍ത്തനം ബോംബെയിലേക്ക് മാറ്റി. പിൽക്കാലത്ത് കമലാ സൊഹോണിക്ക് രാഷ്ട്രപതി പുരസ്കാരം ലഭിച്ചു. ബോംബെയിലെ റോയല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിന്റെ ആദ്യ വനിതാ ഡയറക്ടറായും അവര്‍ മാറി.
കമലയുടെ ജീവിതത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ച വ്യക്തിത്വങ്ങളിലൊന്ന് മഹാത്മാ ഗാന്ധിയായിരുന്നു. വിദേശ സര്‍വ്വകലാശാലകളില്‍ ഉന്നത വിദ്യാഭ്യാസം നേടി മാതൃരാജ്യത്തിന്റെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കമലയ്ക്ക് പ്രേരണയായത് ഗാന്ധിയൻ ആദർശങ്ങളായിരുന്നു.