മണിപ്പൂര്‍ തൊടാതെ 'ഇന്ത്യ'യെ വീഴ്ത്താന്‍ മോദി; ഭയമെന്തിനെന്ന് പ്രതിപക്ഷം
തുടര്‍ച്ചയായ നാലാം ദിവസവും മണിപ്പൂര്‍ വിഷയത്തില്‍ പാര്‍ലമെന്റ് പ്രക്ഷുബ്ധം. മണിപ്പൂര്‍ കലാപത്തില്‍ പാര്‍ലമെന്റില്‍ പ്രസ്താവന നടത്തണമെന്ന ആവശ്യം അംഗീകരിക്കാന്‍ തയ്യാറായില്ലെങ്കിലും പ്രതിപക്ഷ സഖ്യത്തിനെതിരെ മോദി പാര്‍ലമെന്റിന് പുറത്ത് രൂക്ഷവിമര്‍ശനമുന്നയിച്ചു. എന്ത് വേണമെങ്കിലും വിളിച്ചോളൂ, തങ്ങൾ 'ഇന്ത്യ'യാണ് എന്നായിരുന്നു മോദിക്ക് രാഹുൽ ഗാന്ധിയുടെ മറുപടി. 'ഇന്ത്യ'യിൽ പോര് മുറുകുന്നതിനിടെ ലോക്‌സഭയില്‍ പ്രതിപക്ഷം നാളെ അവിശ്വാസ പ്രമേയം കൊണ്ടുവരും.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പ്രതിപക്ഷ സഖ്യത്തിന്റെ 'ഇന്ത്യ' എന്ന പേരിനെ വിമര്‍ശിച്ച് മോദി രംഗത്തെത്തിയത്. പേരില്‍ കാര്യമില്ലെന്നും ഇന്ത്യന്‍ മുജാഹിദീനും ഈസ്റ്റ് ഇന്ത്യാ കമ്പനിക്കും അടക്കം പേരില്‍ ഇന്ത്യയുണ്ടായിരുന്നു എന്നും മോദി പരിഹസിച്ചു. എന്നാല്‍ മണിപ്പൂരില്‍ 'ഇന്ത്യ' എന്ന് ആശയം തങ്ങള്‍ പുനര്‍നിര്‍മിക്കുമെന്ന് രാഹുല്‍ ഗാന്ധി മറുപടി നല്‍കി. '' ഞങ്ങളെ എന്ത് വേണമെങ്കിലും വിളിക്കൂ, മി. മോദി. ഞങ്ങള്‍ ഇന്ത്യയാണ്. മണിപ്പൂരിലെ സ്ത്രീകളുടെയും കുട്ടികളുടെയും കണ്ണീര്‍ ഞങ്ങള്‍ ഒപ്പും. സമാധാനവും സ്‌നേഹവും തിരിച്ചു കൊണ്ടുവരും,'' രാഹുല്‍ കുറിച്ചു.
പ്രധാനമന്ത്രി എന്തുകൊണ്ടാണ് 'ഇന്ത്യ'യെ ഇത്ര വെറുക്കുന്നതെന്നായിരുന്നു അരവിന്ദ് കെജ്രിവാളിന്റെ ചോദ്യം. 'ഇന്ത്യ'യോട് പ്രധാനമന്ത്രിക്ക് എന്താണ് ഇത്ര നിഷേധാത്മക സമീപനമെന്ന് പ്രിയങ്കാ ഗാന്ധി ട്വീറ്റ് (X) ചെയ്തു. ഇനാധിപത്യത്തിന് വേണ്ടി പൊരുതുന്ന 'ഇന്ത്യ'യെ കണ്ട് പ്രധാനമന്ത്രി എന്തിനാണ് പരിഭ്രമിക്കുന്നതെന്ന് സിപിഎം പ്രതികരിച്ചു. പ്രതിപക്ഷമൊന്നടങ്കം മോദിയുടെ പ്രതികരണത്തിനെതിരെ രംഗത്തെത്തിയതോടെ ട്വിറ്ററിൽ (X) പ്രൈമിനിസ്റ്റർ ഓഫ് ഇന്ത്യ എന്ന് ഹാഷ്ടാഗ് ട്രെൻഡിങ് ആയി. പ്രതിപക്ഷം ഇന്ത്യൻ മുജാഹിദീനുകളല്ല ജീവിക്കുന്ന രക്തസാക്ഷികളെന്ന് കോൺഗ്രസ് എംപി മനീഷ് തിവാരി പറഞ്ഞു. പ്രതിപക്ഷ സഖ്യത്തിന് 'ഇന്ത്യ' എന്ന പേര് പ്രഖ്യാപിച്ചത് മുതല്‍ എന്‍ഡിഎ നിരയില്‍ നിന്ന് ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ട്വിറ്റര്‍ ബയോയില്‍ അസം- ഇന്ത്യ എന്നത് അസം- ഭാരത് എന്ന് തിരുത്തിയാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ തന്‌റെ നിലപാട് വ്യക്തമാക്കിയത്.
നാലാം ദിനം സഭാ നടപടികള്‍ തുടങ്ങിയത് മുതല്‍ രാജ്യസഭയിലും ലോക്‌സഭയിലും പ്രതിഷേധം ശക്തമായിരുന്നു. ഇരു സഭകളും നിരവധി തവണ നിര്‍ത്തിവച്ചു. ഇതിനിടെയാണ് പ്രതിപക്ഷ സഖ്യത്തിന്റെയും ബിജെപിയുടെയും യോഗങ്ങള്‍ ചേര്‍ന്നത്. പ്രശ്‌ന പരിഹാരത്തിന് ലോക്‌സഭാ സ്പീക്കര്‍ ഓം ബിര്‍ല സര്‍വകക്ഷിയോഗവും വിളിച്ചു. പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്കായി സമ്മര്‍ദം കൂടുതല്‍ ചെലുത്താന്‍ 'ഇന്ത്യ'യുടെ യോഗത്തില്‍ തീരുമാനമായി. ഇതിനായി സർക്കാരിനെതിരെ ലോക്സഭയിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കും.
തൃണമൂല്‍ കോണ്‍ഗ്രസ് ഒഴികെ 25 പാര്‍ട്ടികളും അവിശ്വാസ പ്രമേയ നീക്കത്തെ രാവിലെ ചേർന്ന യോഗത്തില്‍ പിന്തുണച്ചു. മറുപടി നല്‍കാന്‍ ടിഎംസി ഒരു ദിവസത്തെ സമയം തേടുകയായിരുന്നു. ടിഎംസിയുടെ പിന്തുണകൂടി ലഭ്യമായതിന് ശേഷം നാളെ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. അതേസമയം 27, 28 തീയതികളില്‍ പ്രധാനമന്ത്രി ഗുജറാത്ത്, രാജസ്ഥാന്‍ സന്ദര്‍ശനത്തിലായിരുക്കുമെന്ന് അദ്ദേഹത്തിന്‌റെ ഓഫീസ് അറിയിച്ചിട്ടുണ്ട്.
അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ രാജ്യസഭാ നടപടികള്‍ ഉച്ചയ്ക്ക് ശേഷം പ്രതിപക്ഷം ബഹിഷ്‌ക്കരിച്ചു. ബില്ലുകള്‍ പാസാക്കി രാജ്യസഭ നാളത്തേക്ക് പിരിഞ്ഞു. ഇന്നലെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ട എഎപി എംപി സഞ്ജയ് സിങ്ങിന്‌റെ പ്രതിഷേധം പാര്‍ലമെന്‌റിന് പുറത്ത് തുടരുകയാണ്. രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ തുടങ്ങിയവര്‍ സമരവേദിയിലെത്തി.