മണിപ്പൂർ കൂട്ടബലാത്സംഗം: ട്വിറ്ററിനോട്  വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം

മണിപ്പൂർ കൂട്ടബലാത്സംഗം: ട്വിറ്ററിനോട് വീഡിയോ നീക്കം ചെയ്യാനാവശ്യപ്പെട്ട് കേന്ദ്രം

അന്വേഷണം നടന്നുകൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു
Updated on
1 min read

മണിപ്പൂരില്‍ കുക്കി വിഭാഗത്തില്‍പ്പെട്ട സ്ത്രീകളെ ആള്‍ക്കൂട്ടം നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ നീക്കം ചെയ്യണമെന്ന് കേന്ദ്രസർക്കാർ ട്വിറ്ററിനോടും മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളും ആവശ്യപ്പെട്ടെന്ന് റിപ്പോർട്ട്. ഇന്ത്യയിലെ സാമൂഹ്യ മാധ്യമങ്ങള്‍ രാജ്യത്തിന്റെ നിയമങ്ങള്‍ പാലിക്കേണ്ടതുണ്ട്. മണിപ്പൂരിലെ സംഭവത്തില്‍ അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നതിനാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രശ്നം സൃഷ്ടിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങള്‍ പിന്‍വലിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടെന്ന് എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

വീഡിയോ പുറത്തുവന്നതിന് പിന്നാലെ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കുമെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ പാർട്ടികള്‍ രംഗത്തുവന്നിരുന്നു. വീഡിയോ പിൻവലിക്കാൻ ആവശ്യപ്പെടുന്നത് സർക്കാരിന്റെ കഴിവില്ലായ്മയാണെന്ന് ശിവസേന (ഉദ്ധവ് ബാലാസാഹേബ് താക്കറെ) എം പി പ്രിയങ്ക ചതുര്‍വേദി ആരോപിച്ചു. സ്ത്രീകൾക്കെതിരായ ഈ ഭയാനകവും മനുഷ്യത്വരഹിതവുമായ പ്രവൃത്തിയിലേക്ക് നയിച്ചത് ഒരു വ്യാജ വാർത്തയാണെന്ന് ഓർക്കണമെന്നും പ്രിയങ്ക ചതുര്‍വേദി ട്വീറ്റ് ചെയ്തു.

പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ, സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ബിരേന്‍ സിങുമായി സംസാരിച്ചുവെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനുള്ള ഒരു ശ്രമവും ഒഴിവാക്കില്ലെന്ന് അദ്ദേഹം ഉറപ്പുനല്‍കിയെന്നും വനിതാ ശിശു വികസന മന്ത്രി സ്മൃതി ഇറാനി പ്രതികരിച്ചിരുന്നു. സംഭവം അപലപനീയവും മനുഷ്യത്വരഹിതമാണെന്നും അവര്‍ ട്വീറ്റ് ചെയ്തു.

കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, ജയറാം രമേശ്, സച്ചിന്‍ പൈലറ്റ്, ശിവസേന നേതാക്കളായ ആദിത്യ താക്കറെ, പ്രിയങ്ക ചതുര്‍വേദി, തൃണമൂല്‍ നേതാക്കളായ മഹുവ മൊയ്ത്ര, സാകേത് ഗോഖലെ എന്നിവര്‍ വീഡിയോയെ ശക്തമായി അപലപിക്കുകയും സംഭവത്തില്‍ പ്രധാന മന്ത്രി നരേന്ദ്ര മോദി മൗനം വെടിയണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

മെയ് 4ന്, മണിപ്പൂരില്‍ കുക്കി-മെയ്തി ഏറ്റുമുട്ടല്‍ ആരംഭിച്ച് ദിവസങ്ങള്‍ക്ക് ശേഷം, കുക്കി സ്ത്രീകളെ നഗ്‌നരാക്കി പരേഡ് നടത്തുകയായിരുന്നു. വസ്ത്രങ്ങള്‍ അഴിച്ചില്ലെങ്കില്‍ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി. സംഭവം നടന്ന് രണ്ടര മാസത്തിന് ശേഷമാണ് വീഡിയോ പുറത്തുവന്നത്. അക്രമികള്‍ക്കെതിരെ ഒരു മാസം മുൻപ് പരാതി രജിസ്റ്റര്‍ ചെയ്തതായും അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. എന്നാല്‍ കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. വീഡിയോയില്‍ കാണുന്ന രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തി കൂട്ടബലാത്സംഗം ചെയ്തെന്നാണ് പുറത്തുവന്ന വിവരം.

logo
The Fourth
www.thefourthnews.in