നദീര്‍ ഗോദ്രജ്
നദീര്‍ ഗോദ്രജ്

സർക്കാരിനെതിരെ പരോക്ഷ വിമർശനവുമായി നദീർ ഗോദ്റെജ്: എതിർക്കുന്നവരെ നിശബ്ദരാക്കുന്ന നടപടിയരുത്'

സാമ്പത്തിക രംഗത്തും ക്ഷേമ പ്രവര്‍ത്തനങ്ങളിലും നമ്മള്‍ മുന്‍പന്തിയിലാണെന്നും എന്നാല്‍ രാജ്യത്തെ ഐക്യപ്പെടുത്തുന്ന കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Updated on
1 min read

രാജ്യത്തെ വിഭജിക്കുന്ന ശ്രമങ്ങള്‍ അവസാനിപ്പിക്കാന്‍ സര്‍ക്കാരുകളും വ്യവസായ സ്ഥാപനങ്ങളും മുന്‍കയ്യെടുക്കണമെന്ന് ഗോദ്രജ് ഗ്രൂപ്പ് ചെയര്‍മാനും മാനേജിംങ് ഡയറക്ടറുമായ നദീര്‍ ഗോദ്രജ്. സാമ്പത്തിക രംഗത്തും സാമ്പത്തിക വിദ്യാഭ്യാസ ഭദ്രത ഉറപ്പുവരുത്തുന്ന ക്ഷേമ പ്രവര്‍ത്തനങ്ങളിലും നമ്മള്‍ മുന്‍പന്തിയിലാണെന്നും എന്നാല്‍ രാജ്യത്തെ ഐക്യപ്പെടുത്തുന്ന കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

" രാജ്യത്തെ വിഭജിക്കുന്ന പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ച് രാജ്യത്തെ ഏകീകരിപ്പിക്കാനായുള്ള ശ്രമങ്ങള്‍ നടത്തണം. ഒരു സാമ്പത്തിക വളര്‍ച്ചയ്ക്ക് ആ രാജ്യത്തിന്റെ ഐക്യം വളരെ പ്രധാനപ്പെട്ടതാണെന്ന് സര്‍ക്കാര്‍ തിരിച്ചറിയണം.രാജ്യത്തിന്റെ ഐക്യത്തിനായി നമ്മള്‍ ശ്രമിക്കണം.'' അദ്ദേഹം പിടിഐയോട് പറഞ്ഞു

എതിര്‍ക്കുന്നവരെ നിശബ്ദമാക്കുന്ന ഭരണകൂട ഇടപെടലുകൾ പൗരന്‍മാരുടെ അഭിപ്രായ സ്വാതന്ത്യത്തിൽ കൈ കടത്തരുതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സജീവമായ സംവാദങ്ങള്‍ ഉണ്ടാവുന്ന, ഇടങ്ങള്‍ ഉണ്ടാവേണ്ടതുണ്ടെന്നും നമ്മുടെ ചിന്തകള്‍ വര്‍ഗീയതയ്ക്കതീതമായി മാനുഷികമാകണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാഭമുണ്ടാക്കുയെന്നതു മാത്രമാകരുത് വ്യവസായത്തിന്റെ ലക്ഷ്യമെന്നും നന്‍മ ചെയ്യുന്നതിലൂടെ ഒരാള്‍ക്ക് സ്വയം നന്നാവാന്‍ കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു

ഇക്കാര്യത്തില്‍ വ്യവസായ സ്ഥാപനങ്ങള്‍ കൂടുതലായി എന്തെങ്കിലും ചെയ്യേണ്ടതുണ്ടോ എന്ന ചോദ്യത്തിന് വ്യവസായ സ്ഥാപനങ്ങളും സര്‍ക്കാരും കഴിയുന്നത്ര എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ ശ്രമിക്കണമെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

സാമൂഹിക അവകാശങ്ങള്‍ക്കും സാമ്പത്തിക വളര്‍ച്ചക്കുമായി നിലകൊള്ളണമെന്നും അസമത്വമെന്നത് ഭീകരവും കഠിനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഹരിതാഭമായ ഒരു ലോകം മാത്രമല്ല വേണ്ടതെന്നും മറിച്ച് അതോടൊപ്പം അസമത്വങ്ങളില്ലാത്ത ധീരമായ പുതിയൊരു ലോകംകൂടിയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പ് കാലത്തെ സൗജന്യ വാഗ്ദാനങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ സമ്പദ് വ്യവസ്ഥ കൊണ്ട് മാത്രം എല്ലാ കാര്യങ്ങളും സാധ്യമാവില്ലെന്നും ഈ വിഷയത്തില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ക്ക് സമ്മര്‍ദ്ദം ചെലുത്തുന്ന സുപ്രീം കോടതിയുടെ നീക്കങ്ങളെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആരോഗ്യത്തിനും വിദ്യാഭാസത്തിനും വേണ്ടിയാവണം സര്‍ക്കാര്‍ പണം ചെലവാക്കേണ്ടതെന്നും രാജ്യത്തെ വിഭജനത്തിലേക്ക് തള്ളി വിടുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് വിദ്യാഭ്യാസത്തിലുള്ള അസമത്വമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കേന്ദ്ര സംസ്ഥാന ബന്ധങ്ങളെക്കുറിച്ചും അദ്ദേഹം പരാമര്‍ശിച്ചു. സമ്പദ് വ്യവസ്ഥയെ സംബന്ധിച്ചിടത്തോളം ജിഎസ്ടി പ്രതീക്ഷ നല്‍കുന്നതാണെന്നും ചരക്കു വില കുറയുകയും ആഭ്യന്തര പണപ്പെരുപ്പം മികച്ചു നില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ നമ്മള്‍ ഇപ്പോള്‍ ശരിയായ പാതയിലാണെന്നും സാമ്പത്തിക രംഗം വേഗത്തില്‍ വളരുകയാണെന്നും അത് ഇതേ നിലയില്‍ തന്നെ തുടരുമെന്നതിന്റെ സൂചനകളാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.

വര്‍ധിച്ചുവരുന്ന അസഹിഷ്ണുതയും വിദ്വേഷ കുറ്റകൃത്യങ്ങളും രാജ്യത്തിന്റെ വളര്‍ച്ചയെ സാരമായി ബാധിക്കുമെന്ന് 2019 ല്‍ നദീറിന്റെ മൂത്ത സഹോദരനും വ്യവസായിയുമായിരുന്ന ആദി ഗോദ്റെജും മുന്നറിയിപ്പ് നല്‍കിയിരുന്നു.

സാമൂഹിക രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായം പറയുന്നതില്‍ നിന്നും പൊതുവേ വ്യവസായികള്‍ വിട്ടു നില്‍ക്കാറാണ് പതിവ്. ഇാ സാഹചര്യത്തിലാണ് ഗോദ്രജ് ഡയറക്ടര്‍ നദീര്‍ ഗോദ്രജിന്ർറെ പ്രസ്താവനയ്കക് പ്രസക്തിയേറുന്നത്.

സാമൂഹിക വിഷയങ്ങളില്‍ ഇടപെട്ടാല്‍ ശത്രുക്കളില്‍ നിന്നും ഉണ്ടാകാനിടയുള്ള പ്രതികാര മനോഭാവമാണ് വ്യവസായികളെ നിലപാടു വ്യക്തമാക്കുന്നതില്‍ നിന്നും പിന്തിരിപ്പിക്കുന്നതെന്ന് അന്തരിച്ച വ്യവസായി രാഹുല്‍ ബജാജ് 2019 ല്‍ പറഞ്ഞിരുന്നു.

logo
The Fourth
www.thefourthnews.in