'ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവർണർക്ക്   അധികാരമില്ല'; തിരിച്ചയയ്ക്കണമെന്ന് സുപ്രീംകോടതി

'ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവർണർക്ക് അധികാരമില്ല'; തിരിച്ചയയ്ക്കണമെന്ന് സുപ്രീംകോടതി

ഗവർണർ തിരഞ്ഞെടുക്കപ്പെടാത്ത ഭരണാധികാരിയാണ്, ഭരണഘടനാപരമായ അധികാരം ഉപയോഗിച്ച് നിയമനിർമ്മാണപ്രക്രിയ തടസപ്പെടുത്തരുത്
Updated on
1 min read

സംസ്ഥാന നിയമസഭകള്‍ പാസാക്കിയ ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവർണർമാർക്ക് അധികാരമില്ലെന്ന് സുപ്രീംകോടതി. നിയമസഭ പാസാക്കിയ ബില്ലുകൾ സ്വാഭാവികമായും ഒപ്പുവെയ്ക്കുകയാണ് ഗവർണറുടെ ചുമതല. ബില്ല് അംഗീകരിക്കാൻ സാധിക്കില്ലെങ്കിൽ, കാരണം കാണിച്ചുകൊണ്ടുള്ള കുറിപ്പ് സഹിതം തിരിച്ചയക്കാം. ഗവർണർ മുന്നോട്ടുവെക്കുന്ന നിർദേശങ്ങൾ അംഗീകരിക്കാനും അംഗീകരിക്കാതിരിക്കാനുമുള്ള അധികാരം നിയമസഭകള്‍ക്കുണ്ട്. ഒരുമാറ്റവും വരുത്താതെ ആ ബില്ലുകൾ വീണ്ടും സഭ പാസാക്കുകയാണെങ്കിൽ അതിൽ നിർബന്ധമായും ഗവർണർ ഒപ്പുവയ്ക്കണമെന്നും സുപ്രീംകോടതി വ്യക്തമാക്കി.

'ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവർണർക്ക്   അധികാരമില്ല'; തിരിച്ചയയ്ക്കണമെന്ന് സുപ്രീംകോടതി
'മൂന്ന് വർഷമായി എന്തുചെയ്യുകയായിരുന്നു?' തമിഴ്നാട് ഗവർണറോട് സുപ്രീംകോടതി; കേരളത്തിന്റെ ഹർജിയിൽ ഗവർണർക്ക് നോട്ടീസ്

ഗവർണർമാരുടെ അധികാരം വ്യക്തമാക്കുന്ന ഭരണഘടനയുടെ 200-ാം അനുച്ഛേദത്തിൽ നിലനിന്നിരുന്ന അവ്യക്തതയാണ് ഇപ്പോൾ ചീഫ് ജസ്റ്റിസ് ഉൾപ്പെടുന്ന സുപ്രീംകോടതി ഭരണഘടനാ ബെഞ്ച് മാറ്റിയത്. ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനയ്ക്കുവിടാനും, സഭയിലേക്ക് തിരിച്ചയക്കാനുമാണ് ഗവർണർക്ക്‌ അധികാരമുള്ളത്. ഭരണഘടനാ അനുച്ഛേദത്തിലെ വ്യക്തതക്കുറവ് കാരണം പല സംസ്ഥാനങ്ങളിലെയും ഗവർണർമാർ ബില്ലുകളിൽ ഒപ്പിടാതെ തുടരുന്ന സാഹചര്യത്തിലാണ് കോടതി വിധി.

ഗവർണർ ആർ എൻ രവിക്കെതിരെ തമിഴ്‌നാട് സർക്കാർ നൽകിയ റിട്ട് പെറ്റിഷനെ തുടർന്നാണ് വിഷയം കോടതിയുടെ പരിഗണനയിൽ വരുന്നത്. ചില ബില്ലുകളിൽ അഭിപ്രായവ്യത്യാസമുള്ളതു കൊണ്ട് ഒപ്പുവെക്കുന്നില്ല എന്ന് പറഞ്ഞ് അനിശ്ചിതകാലത്തേക്ക് ഒപ്പുവെക്കാതെ തുടരുകയായിരുന്നു തമിഴ്‌നാട് ഗവർണർ. സർക്കാരും ഗവർണറും തമ്മിൽ തുറന്ന പോരിലേക്ക് കാര്യങ്ങളെത്തിയിരുന്നു. കേരളവും പഞ്ചാബും സമാനമായി ഗവർണർമാർക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. വിഷയം വിശദമായി പരിഗണിച്ചതിനു ശേഷം നവംബർ 10 ന് കോടതി ഒരു തീർപ്പിലേക്കെത്തിയിരുന്നു. അതാണ് ഇപ്പോൾ പ്രഖ്യാപിച്ചത്.

'ബില്ലുകൾ ഒപ്പിടാതെ അനിശ്ചിതകാലം തടഞ്ഞുവയ്ക്കാന്‍ ഗവർണർക്ക്   അധികാരമില്ല'; തിരിച്ചയയ്ക്കണമെന്ന് സുപ്രീംകോടതി
അധികാരം പിടിക്കാന്‍ ഗവര്‍ണര്‍ രാജ്; ബിജെപിയെ തിരിഞ്ഞുകൊത്തുമോ സമ്മര്‍ദ്ദതന്ത്രം?

ബില്ലിൽ നടപടിയൊന്നും സ്വീകരിക്കാതിരിക്കുന്നത് ഭരണഘടനയുടെ അന്തസത്തയ്ക്ക് ചേർന്നതല്ലെന്നും, അതുകൊണ്ട് ഒപ്പിടാൻ ബുദ്ധിമുട്ടുള്ള ബില്ലുകൾ അസ്സംബ്ലിയിലേക്ക് തിരിച്ചയക്കാൻ ഗവണർമാർ തയ്യാറാകണമെന്നാണ് കോടതി ചൂണ്ടിക്കാണിക്കുന്നത്. ഗവർണർ തിരഞ്ഞെടുക്കപ്പെടാത്ത ഭരണാധികാരിയാണെന്നും, അതുകൊണ്ട് ഭരണഘടനാപരമായ അധികാരം ഉപയോഗിച്ചുകൊണ്ട് ഒരു സംസ്ഥാനത്തിന്റെ സ്വാഭാവികമായ നിയമനിർമ്മാണപ്രക്രിയ തടസപ്പെടുത്താൻ അവർക്ക് അധികാരമില്ലെന്നും സുപ്രീംകോടതി വിധിയിൽ ഓർമപ്പെടുത്തുന്നു.

പാർലമെന്ററി ജനാധിപത്യത്തിൽ അധികാരം ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികൾക്കാണെന്നും, ഗവർണർ രാഷ്ട്രപതിയുടെ പ്രതിനിധി മാത്രമാണെന്നും കോടതി അടിവരയിട്ടു പറയുന്നു.

logo
The Fourth
www.thefourthnews.in