'എല്ലാ ബില്ലുകളും രാഷ്ട്രപതിക്ക് അയയ്‌ക്കാനുള്ളതല്ല, ഇങ്ങനെ ഒരവസ്ഥ നേരത്തെ ഉണ്ടായിട്ടില്ല': പിഡിടി ആചാരി അഭിമുഖം
സംസ്ഥാന സർക്കാരുകളും ഗവർണർമാരും തമ്മിലുള്ള തർക്കം മൂര്‍ച്ഛിക്കുന്ന സമയത്ത്, സുപ്രീംകോടതിയുടെ നിർദേശം പരിഗണിക്കാതെ ഏഴു ബില്ലുകൾ രാഷ്ട്രപതിക്ക് അയച്ചിരിക്കുകയാണ് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. നിയമസഭ വീണ്ടും പരിഗണിച്ച ബില്ലുകൾ തമിഴ്നാട് ഗവർണർ ഒപ്പുവെക്കാതെ രാഷ്ട്രപതിക്ക് അയച്ചു. കീഴ്വഴക്കങ്ങൾ തെറ്റിച്ചുകൊണ്ടാണോ ഇത്തരം നടപടികൾ? ഏതൊക്കെ ബില്ലുകളാണ് രാഷ്ട്രപതിക്കയക്കേണ്ടതെന്ന കാര്യത്തിൽ ഭരണഘടനയിൽ വ്യക്തതയില്ല. ലോക്‌സഭാ മുൻ സെക്രട്ടറി ജനറൽ പിഡിടി ആചാരി ദ ഫോർത്തിനോട് പ്രതികരിക്കുന്നു.
നിയമസഭകൾ പാസാക്കിയ ബില്ലുകൾ ഒപ്പിടാൻ തയാറല്ലെങ്കിൽ ഗവർണർ സ്വീകരിക്കേണ്ട നിലപാട് എന്താണെന്ന ചർച്ചകൾ നടക്കുകയാണല്ലോ. കേരള ഗവർണർ നിലവിൽ ഏഴ് ബില്ലുകൾ രാഷ്ട്രപതിക്കയച്ചിരിക്കുകയാണ്. എന്താണ് ഈ അവസരത്തിൽ ശരിക്കും ഗവർണർ ചെയ്യേണ്ടത്?
ഒരു ബിൽ നിയമസഭ പാസാക്കി ഗവർണറുടെ അടുക്കലെത്തിയാൽ അതിന് അനുമതി നൽകുക, അല്ലെങ്കിൽ നിയമസഭയ്ക്ക് തിരിച്ചയക്കുക എന്നതാണ് ഗവർണർ ആദ്യ പടിയായി ചെയ്യേണ്ടതെന്ന് സുപ്രീംകോടതി തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. നിയമസഭയോട് വീണ്ടും പരിഗണിക്കാൻ ആവശ്യപ്പെടലാണ് ബില്ലിനോട് വിയോജിപ്പുള്ള സമയത്ത് ഗവർണർ ചെയ്യേണ്ടത്. നിയമസഭ വീണ്ടും പരിഗണിച്ച ശേഷം പ്രത്യേകിച്ച് മാറ്റങ്ങളൊന്നുമില്ലാതെ വീണ്ടും ഗവർണറുടെ അനുമതിക്കായി അയച്ചാൽ അതിന് അനുമതി നൽകുക മാത്രമാണ് ഗവർണർക്കു മുൻപിലുള്ള വഴി. അങ്ങനെ നിയമസഭ വീണ്ടും പരിഗണിച്ച ഒരു ബിൽ ഒപ്പിടാതെ രാഷ്ട്രപതിക്ക് അയക്കാനുള്ള അധികാരം ഗവർണർക്കില്ല.
രാഷ്ട്രപതിക്ക് അയയ്ക്കുകയോ നിയമസഭയ്ക്ക് തിരിച്ചയക്കുകയോ ചെയ്യാം. അല്ലാതെ രണ്ടും ചെയ്യാൻ സാധിക്കില്ല. മറ്റൊരു പ്രധാനപ്പെട്ട കാര്യം, ഏതൊക്കെ ബില്ലുകളാണ് രാഷ്ട്രപതിക്ക് അയക്കേണ്ടതെന്നതാണ്. ആ കാര്യത്തിൽ ഭരണഘടനയിൽ വ്യക്തതയില്ല. ഏതു തരത്തിലുള്ള ബില്ലുകളാണ് രാഷ്‌ട്രപതി പരിഗണിക്കേണ്ടതെന്നതാണ് ഇപ്പോൾ ചർച്ചയുടെ ഭാഗമായിരിക്കുന്നത്. കേരളത്തിന്റെ ഹർജിയിൽ ആ വിഷയമാണ് കോടതി പരിശോധിക്കാൻ പോകുന്നത്. അതിൽ സുപ്രീംകോടതി വ്യക്തത വരുത്തേണ്ടതുണ്ട്.
അനുമതി നൽകുന്നില്ലെങ്കിൽ ആദ്യം സഭയിലേക്ക് തിരിച്ചയക്കണമെന്ന കോടതി നിർദേശം പരിഗണിക്കാതെയല്ലേ ഇപ്പോൾ കേരളാ ഗവർണർ ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് അയക്കുന്നത്?
കേരളാ ഗവർണർ ഇപ്പോൾ ഒരു ബില്ലിന് മാത്രമാണ് അനുമതി നൽകിയിട്ടുള്ളത്. ബാക്കി എല്ലാ ബില്ലുകളും രാഷ്‌ട്രപതിക്ക് അയച്ചു. അതും നിയമസഭ പാസാക്കി രണ്ട് വർഷത്തിനുശേഷം. ബില്ലിനോട് യോജിക്കാൻ സാധിക്കില്ലെങ്കിൽ ആദ്യം നിയമസഭയക്ക് മടക്കി അയക്കുകയാണ് ചെയ്യേണ്ടത് എന്നിരിക്കുമ്പോഴും രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള അവകാശവും ഗവർണർമാർക്കുണ്ട്. എന്നാൽ അത് ഏതൊക്കെ ബില്ലുകളാണെന്ന് ഭരണഘടനയിൽ വ്യക്തമാക്കിയിട്ടില്ല. സംസ്ഥാന സർക്കാരിന് കീഴിലുള്ള ഏതെങ്കിലും സംവിധാനങ്ങൾക്ക് കൂടുതൽ അധികാരങ്ങൾ നൽകുന്നതിനാണ് ഇങ്ങനെ ഒരു ബില്ല് കൊണ്ടുവരുന്നതെങ്കിൽ തീർച്ചയായും അത് രാഷ്ട്രപതിക്ക് അയയ്ക്കാം. ബാക്കിയുള്ള ബില്ലുകളിലൊന്നും അതിന്റെ ആവശ്യമില്ല. ഭരണഘടനയിൽ അങ്ങനെയൊന്നും പറയുന്നുമില്ല.
വിദ്യാഭ്യാസം പോലുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെടുന്ന കാര്യങ്ങളിൽ ഒരേ സമയം സംസ്ഥാന, കേന്ദ്ര സർക്കാരുകൾക്ക് നിയമനിർമാണം നടത്താൻ സാധിക്കും. എന്നാൽ പാർലമെന്റ് നിർമിച്ച നിയമങ്ങൾക്കെതിരാണ് സംസ്ഥാനം പാസാക്കിയ നിയമമെങ്കിൽ അത് രാഷ്ട്രപതിക്ക് വിടാം. ആ ബിൽ രാഷ്‌ട്രപതി അംഗീകരിക്കുകയാണെങ്കിൽ ആ സംസ്ഥാനത്ത് ഈ പ്രത്യേക നിയമമാവും ബാധകമാവുക. എന്നാൽ വിയോജിപ്പ് നിലനിൽക്കുകയാണെങ്കിൽ പാർലമെന്റിന്റെ നിയമമാണ് ശരിയായി പരിഗണിക്കുക. ഇതിൽനിന്ന് മനസിലാകുന്നത് പാർലമെന്റ് പാസാക്കിയ നിയമങ്ങളുമായി വൈരുധ്യമുണ്ടാകുന്ന ബില്ലുകളാണ് രാഷ്ട്രപതിക്ക് അയക്കേണ്ടത് എന്നാണ്.
പഞ്ചാബ്, തമിഴ്‌നാട്, കേരളം ഇങ്ങനെ നിരവധി സംസ്ഥാനങ്ങളിലായി ഗവർണർ-സർക്കാർ തർക്കം ശക്തമായി തുടരുകയാണല്ലോ. ഇപ്പോഴും വ്യക്തത വരാത്ത നിരവധി ഭാഗങ്ങളുണ്ട് ഈ തർക്കത്തിന്. നേരത്തെ ഇതിനു സമാനമായ സംഭവങ്ങൾ രാജ്യത്തുണ്ടായിട്ടുണ്ടോ?
ഇങ്ങനെ ഒരവസ്ഥ നേരത്തെ ഉണ്ടായിട്ടില്ലെന്നാണ് എന്റെ ബോധ്യം. അങ്ങനെ ഉണ്ടായിരുന്നെങ്കിൽ കോടതി അത് പരിഗണിക്കുമായിരുന്നല്ലോ. ഗവർണർമാർ രാഷ്ട്രപതിക്ക് പലതരം ബില്ലുകൾ നേരത്തെ അയച്ചിട്ടുണ്ടല്ലോ. നമ്മുടെ നാട്ടിൽ വിദ്യാഭ്യാസ ബില്ലുകളെന്നു പറയപ്പെടുന്ന ബില്ലുകളും രാഷ്ട്രപതിക്ക് അയച്ചിരുന്നല്ലോ. ഇപ്പോൾ ലോകായുക്ത ബില്ലടക്കം രാഷ്ട്രപതിക്ക് അയച്ചിരിക്കുന്നതിൽ പ്രശ്നമുണ്ട്. ലോകായുക്ത കൺകറന്റ് വിഷയമാണ്. ലോകായുക്തയും ലോക്‌പാലും ഒരേ നിയമത്തിന്റെ ഭാഗമാണല്ലോ. അതിൽ ലോകായുക്തയുമായി ബന്ധപ്പെട്ട് നിയമനിർമാണം നടത്താൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരവുമുണ്ട്. എന്നിട്ടും എന്തിന്റെ അടിസ്ഥാനത്തിലാണ് ഈ ബിൽ രാഷ്ട്രപതിക്കയച്ചുകൊടുത്തതെന്ന് മനസിലാകുന്നില്ല. ലോക്‌പാലും കേരളത്തിലെ ലോകായുക്തയും തമ്മിൽ പ്രത്യേകിച്ച് വൈരുധ്യങ്ങളൊന്നുമില്ലെന്നിരിക്കെ ഈ ബിൽ രാഷ്ട്രപതിക്ക് അയക്കേണ്ട ആവശ്യമില്ല. ലോക്‌പാലിന്റെയും ലോകായുക്തയുടെയും അധികാരപരിധികളും തമ്മിൽ ഇടകലരുന്നില്ല. സമാനമായ വിഷയമാണ് ചാൻസലറെ നിയമിക്കുന്ന കാര്യവും. അതിന് കേന്ദ്രത്തിൽ പ്രത്യേകിച്ചൊരു നിയമമേ ഇല്ല. അതുകൊണ്ട് രാഷ്‌ട്രപതി ഈ വിഷയത്തിൽ ഒരു തീരുമാനമെടുക്കേണ്ട സാഹചര്യവുമില്ല.