'സെബിയും ബുച്ചും പറഞ്ഞതില്‍ കൂടുതലൊന്നും പറയാനില്ല'; ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ കൈമലർത്തി ധനമന്ത്രാലയം
സെക്യൂരിറ്റീസ് ആൻഡ് എക്‌സ്‌ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യ (സെബി) ചെയർപേഴ്സൺ മാധബി പുരി ബുച്ചിനെതിരെ ഗുരുതര ആരോപണങ്ങൾ ഉയർത്തിയ ഹിൻഡൻബർഗ് റിപ്പോർട്ടിൽ പ്രത്യേകം പ്രതികരിക്കാനില്ലെന്ന് ധനമന്ത്രാലയം. സെബിയും മാധബി ബുച്ചും പ്രത്യേക പ്രസ്താവനകൾ നൽകിയതിനാൽ സർക്കാരിന് കൂടുതൽ ഒന്നും പറയാനില്ലെന്ന് സാമ്പത്തിക കാര്യ സെക്രട്ടറി അജയ് സേത്ത് വ്യക്തമാക്കി. വിഷയത്തിൽ ആദ്യമായാണ് ധനമന്ത്രാലയം ഔദ്യോഗികമായി പ്രതികരിക്കുന്നത്.
“സെബി ഒരു പ്രസ്താവന നൽകി, ഒപ്പം ബന്ധപ്പെട്ട വ്യക്തി മൊഴി നൽകിയിട്ടുണ്ട്. എനിക്ക് കൂടുതലായി ഒന്നും ചേർക്കാനില്ല,” സേത്ത് മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഡിപ്പാർട്ട്‌മെൻ്റ് ഓഫ് ഇക്കണോമിക് അഫയേഴ്‌സ് സെക്രട്ടറി എന്ന നിലയിൽ സെബി ബോർഡിൽ പാർട്ട് ടൈം അംഗമാണ് സേത്ത്. സെബി ചെയർപേഴ്സൺ അദാനിക്കിതെരായ കേസിൽ നിന്ന് മാറിനിൽക്കുമോ എന്ന ചോദ്യത്തിന് കൂടുതൽ പ്രതികരിക്കാനില്ല എന്ന് തന്നെയാണ് സേത്ത് ആവർത്തിച്ചത്.
കഴിഞ്ഞ ദിവസമാണ് സെബി ചെയർപേഴ്സണെതിരെ ഗുരുതര ആരോപണങ്ങൾ അടങ്ങിയ റിപ്പോർട്ട് അമേരിക്കന്‍ നിക്ഷേപ ഗവേഷണ സ്ഥാപനവും ഷോർട്ട് സെല്ലറുമായ ഹിൻഡൻബർഗ് റിസർച്ച് പുറത്തുവിട്ടത്. ഇന്ത്യയ്‌ക്കെതിരെ വൻ വെളിപ്പെടുത്തൽ ഉടനെന്ന ഒറ്റവരി ഹിൻഡൻബർഗ് റിസർച്ച് ശനിയാഴ്ച രാവിലെ ട്വീറ്റ് ചെയ്തിരുന്നു. പിന്നാലെ ശനിയാഴ്ച രാത്രിയോടെയാണ് രേഖകൾ പുറത്ത് വിട്ടത്. സെബി ചെയര്‍പേഴ്‌സന് അദാനി ഗ്രൂപ്പിന്റെ വിദേശത്തെ രഹസ്യ കമ്പനികളില്‍ നിക്ഷേപമുണ്ടെന്ന ഗുരുതര ആരോപണമാണ് റിപ്പോർട്ട് ഉന്നയിക്കുന്നത്. സെബി ചെയർപേഴ്സൺ മാധബി ബുച്ചിനും, ഭർത്താവിനും അദാനി ഗ്രൂപ്പിലേക്ക് പണമെത്തിയ നിഴൽ കമ്പനികളിൽ നിക്ഷേപം ഉണ്ടായിരുന്നുവെന്നാണ് ഹിൻഡൻ ബർഗ് കണ്ടെത്തൽ.
മാധബി ബുച്ചിനും ഭര്‍ത്താവ് ധാവല്‍ ബുച്ചിനും മൗറീഷ്യസിലും ബര്‍മുഡയിലുമായി എട്ടുലക്ഷത്തി എഴുപത്തിരണ്ടായിരം ഡോളര്‍ നിക്ഷേപമുണ്ടെന്നാണ് രേഖകള്‍ ഉദ്ധരിച്ച് ഹിന്‍ഡന്‍ബര്‍ഗ് ആരോപിക്കുന്നത്. അദാനിക്കെതിരായ അന്വേഷണം സെബി മന്ദഗതിയിലാക്കിയതിന് പിന്നിൽ ഈ ബന്ധമെന്നും ഹിൻഡൻ ബർഗ് റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, മാധബി ബുച്ചും സെബിയും ആരോപണങ്ങളെ എല്ലാം നിഷേധിച്ചിട്ടുണ്ട്. ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണ്. എല്ലാ നിക്ഷേപങ്ങളും സെബിയെ അറിയിച്ചതാണ്. ഹിൻഡൻബർഗ് സ്വഭാവഹത്യ നടത്തുകയാണ് എന്നായിരുന്നു മേധാവി ബുച്ചിന്റെ പ്രതികരണം. സമഗ്രമായി അന്വേഷിക്കുകയും അടിസ്ഥാനരഹിതമാണെന്ന് തെളിയിക്കുകയും 2024 ജനുവരിയിൽ സുപ്രീംകോടതി തള്ളുകയും ചെയ്ത അപകീർത്തികരമായ വിവരങ്ങൾ വീണ്ടും ഉപയോഗിക്കുകയാണ് ഹിൻഡൻബർഗ് ചെയ്തിരിക്കുന്നത് എന്നാണ് അദാനി ഗ്രൂപ്പ് പറഞ്ഞത്.
നഥാൻ (നേറ്റ്) ആൻഡേഴ്സൺ സ്ഥാപിച്ച ഒരു പ്രമുഖ നിക്ഷേപ ഗവേഷണ സ്ഥാപനമാണ് ഹിൻഡൻബർഗ് റിസർച്ച്.