വ്യക്തിഗത വിവരങ്ങൾ പങ്കിടുന്നതിന് നിയന്ത്രണം; ചട്ടങ്ങൾ രൂപപ്പെടത്തൊനൊരുങ്ങി കേന്ദ്ര സർക്കാർ
ഡിജിറ്റൽ ഇന്ത്യ ആക്ടിന് കീഴിൽ വ്യക്തിഗതമല്ലാത്ത വിവരങ്ങൾ പങ്കിടുന്നതിന് നിയമം രൂപപ്പെടുത്താനൊരുങ്ങി കേന്ദ്ര സർക്കാർ. അജ്ഞാത ഡാറ്റാ സെറ്റുകൾ പങ്കിടുന്നതിന് തുക ഈടാക്കുന്നതും സർക്കാരിന്റെ ക്ഷേമ പദ്ധതികളുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള വ്യവസ്ഥകളും നിയമങ്ങളിൽ ഉൾപ്പെടുത്തുമെന്നാണ് റിപ്പോർട്ടുകള്‍.
അജ്ഞാത ഡാറ്റ സെറ്റുകളുടെ സുതാര്യത ഉറപ്പാക്കുക എന്നതാണ് ഇതിലൂടെ സർക്കാരിന്റെ ലക്ഷ്യമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. ഒരു വ്യക്തിയുടെ ഐഡന്റിറ്റി വെളിപ്പെടുത്താത്ത ഏത് വിവരവും വ്യക്തിഗതമല്ലാത്ത ഡാറ്റയിൽ ഉൾപ്പെടുന്നു. അത്തരം ഡാറ്റ പങ്കിടുന്നതിൽ മുന്നറിയിപ്പുകൾ നല്‍കാനാണ് ഇലക്ട്രോണിക്സ്, ഐടി മന്ത്രാലയം ഒരുങ്ങുന്നത്.
2019ല്‍ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതിയാണ് ഡാറ്റാ പരിരക്ഷണ നിയമത്തിൽ വ്യക്തിഗതമല്ലാത്ത ഡാറ്റ ചേർക്കണമെന്ന് ശുപാർശ ചെയ്തത്
പുതിയ നിയമങ്ങള്‍ പ്രാബല്യത്തില്‍ വരുന്നതോടെ ഇത്തരം ഡാറ്റകള്‍ നിർദ്ദിഷ്ട ആവശ്യങ്ങൾക്കായി മാത്രമേ ഉപയോഗിക്കാൻ കഴിയൂവെന്നും ഔദ്യോഗിക വക്താക്കള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട നിർദേശങ്ങൾ സർക്കാർ പരിശോധിച്ച് വരികയാണ്. വ്യക്തിഗത ഡാറ്റാ പരിരക്ഷണ ബിൽ പരിശോധിക്കാനായി 2019ല്‍ രൂപീകരിച്ച സംയുക്ത പാർലമെന്ററി സമിതിയാണ് ഡാറ്റാ പരിരക്ഷണ നിയമത്തിൽ വ്യക്തിഗതമല്ലാത്ത ഡാറ്റ ചേർക്കണമെന്ന് ശുപാർശ ചെയ്തത്. ബില്ലിലെ നിലവിലുള്ള വ്യവസ്ഥകൾ പഠിക്കുന്നതിനും മാറ്റങ്ങൾ ശുപാർശ ചെയ്യുന്നതിനുമായിരുന്നു സമിതി സ്ഥാപിച്ചത്.
തുടർന്ന് 2021 ഡിസംബറിൽ കമ്മിറ്റി റിപ്പോർട്ട് അവതരിപ്പിച്ചു. എന്നാല്‍ ബില്ലിന്റെ അന്തിമ കരടിനെതിരെ പാർലമെന്റിലെ നിരവധി അംഗങ്ങൾ രംഗത്തെത്തി. സർക്കാരിന് ബില്ലില്‍ അനിയന്ത്രിതമായ ഇളവുകൾ നൽകിയിട്ടുണ്ടെന്നും ഇത് ആശങ്കയുണ്ടാക്കുന്നുവെന്നുമായിരുന്നു ആരോപണം. പിന്നീട് കരട് നിയമനിർമാണത്തിൽ വ്യക്തിഗതമല്ലാത്ത ഡാറ്റ ഉൾപ്പെടുത്താനുള്ള നീക്കം സർക്കാർ ഉപേക്ഷിച്ചു. അതേസമയം, വ്യക്തിഗതമല്ലാത്ത ഡാറ്റ നിയന്ത്രിക്കുന്നതിന് പ്രത്യേക നിയമനിർമാണവും കേന്ദ്ര സർക്കാർ പരിഗണിച്ചിരുന്നു. വ്യക്തിഗതമല്ലാത്ത ഡാറ്റയുടെ നിയന്ത്രണ ഘടനയ്ക്കായി മുൻ ഇൻഫോസിസ് സിഇഒ ക്രിസ് ഗോപാലകൃഷ്ണന്റെ നേതൃത്വത്തിലുള്ള മറ്റൊരു കമ്മിറ്റി 2020 ൽ രൂപീകരിച്ചു. ഈ കമ്മിറ്റി നിരവധി സ്റ്റേക്ക് ഹോൾഡർ കൺസൾട്ടേഷനുകൾ നടത്തുകയും റിപ്പോർട്ട് ഐടി മന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു.
അജ്ഞാതമാക്കിയ അല്ലെങ്കിൽ വ്യക്തിഗതമല്ലാത്ത ഡാറ്റ നിയന്ത്രിക്കാൻ ഇന്ത്യയ്ക്ക് പ്രത്യേക നയങ്ങളൊന്നും ഇപ്പോഴില്ല. നിലവിൽ ഒരു കരടായ ദേശീയ ഡാറ്റാ ഗവേണൻസ് നയത്തില്‍, സർക്കാർ സ്ഥാപനങ്ങൾ ഡാറ്റ എങ്ങനെ പ്രോസസ് ചെയ്യുന്നു, സംഭരിക്കുന്നു, പങ്കിടുന്നു എന്നതിന്റെ മാനദണ്ഡങ്ങളും നിർദേശങ്ങളും ഉള്‍പ്പെടുത്തും. രാജ്യത്തിന്റെ വികസനം പ്രോല്‍സാഹിപ്പിക്കുന്നതിന് സ്റ്റാർട്ടപ്പുകളുമായി ഈ ഡാറ്റ പങ്കിടുമെന്നും സർക്കാർ അറിയിച്ചു. ഇത് പൗരന്മാരുടെ അവബോധം, പങ്കാളിത്തം, ഓപ്പൺ ഡാറ്റയുമായുള്ള ഇടപഴകൽ, ദേശീയ പ്രാധാന്യമുള്ള ഡാറ്റാ സെറ്റുകളുടെ ലഭ്യത എന്നിവ മെച്ചപ്പെടുത്താനും, ഡാറ്റാ പങ്കിടലിനും സ്വകാര്യതാ നയങ്ങൾക്കും അനുയോജ്യമായ ഡാറ്റ സെറ്റുകൾ തിരിച്ചറിയാനും സഹായിക്കുമെന്നും സർക്കാർ വ്യക്തമാക്കി.