ഓണ്‍ലൈന്‍ ഗെയിമിങ്ങിന് പ്രായപരിധി, വാതുവെപ്പ് അനുവദിക്കില്ല ; കരട് മാര്‍ഗ നിര്‍ദേശവുമായി സര്‍ക്കാര്‍
ഓണ്‍ലൈന്‍ ഗെയിമിങ്ങിന് പ്രായപരിധി നിശ്ചയിക്കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. രാജ്യത്ത് ഓണ്‍ലൈന്‍ വാതുവെപ്പ് നിരോധിക്കാനും കേന്ദ്രം ഇടപെടും. ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് നിയന്ത്രണമൊരുക്കുന്നതിനുള്ള കരട് മാര്‍ഗ നിര്‍ദേശം കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കി. പൊതുജനാഭിപ്രായം തേടിയതിന് ശേഷം ഫെബ്രുവരിയില്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പ്രാബല്യത്തില്‍ വരും.
പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് ഓണ്‍ലൈന്‍ ഗെയിം കളിക്കണമെങ്കില്‍ രക്ഷിതാക്കളുടെ അനുമതി ആവശ്യമാകും. ഗെയിം കമ്പനികള്‍ക്ക് അംഗീകാരം നല്‍കാന്‍ സര്‍ക്കാര്‍ പ്രത്യേക സമിതി രൂപീകരിക്കും. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ക്കായി 2021-ല്‍ പുറത്തിറക്കിയ പുതിയ ഐടി നിയമങ്ങള്‍ക്ക് കീഴിലാണ് ഓണ്‍ലൈന്‍ ഗെയിമിങ് കമ്പനികളെ കൊണ്ടുവരുന്നത്. ഗെയിമിങ് പ്ലാറ്റ്‌ഫോമില്‍ സ്ത്രീ സുരക്ഷ ഉറപ്പാക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ജനുവിര 17നകം കരട് മാര്‍ഗരേഖയിന്മേലുള്ള അഭിപ്രായം അറിയിക്കണം. വിദഗ്ധര്‍ക്കും പൊതുജനങ്ങള്‍ക്കും അഭിപ്രായം അറിയിക്കാം. അഭിപ്രായങ്ങള്‍ പരിഗണിച്ച ശേഷം അടുത്തമാസം അവസാനത്തോടെ നയങ്ങള്‍ പ്രാബല്യത്തില്‍ വരും. ഗെയിമിങ്ങില്‍ സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി.
ഓണ്‍ലൈന്‍ ഗെയിമിങ് വ്യവസായത്തിന്റെ വളര്‍ച്ച ഉത്തരവാദിത്തത്തോടെ സാധ്യമാക്കുന്നതിനാണ് കേന്ദ്രം ലക്ഷ്യമിടുന്നത്. ഇന്ത്യന്‍ നിയമത്തിന് അനുസൃതമല്ലാത്ത ഒരു ഓണ്‍ലൈന്‍ ഗെയിമും ഹോസ്റ്റ് ചെയ്യാനോ പ്രദര്‍ശിപ്പിക്കാനോ അപ്‌ലോഡ് ചെയ്യാനോ പാടില്ലെന്ന് മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു.