'വസ്തുതാവിരുദ്ധം, പക്ഷപാതപരം';
ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യുഎസ് റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

'വസ്തുതാവിരുദ്ധം, പക്ഷപാതപരം'; ഇന്ത്യയിൽ മതന്യൂനപക്ഷങ്ങളെ വേട്ടയാടുന്നെന്ന യുഎസ് റിപ്പോർട്ട് തള്ളി വിദേശകാര്യ മന്ത്രാലയം

കൃത്യമായ പഠനത്തിന്റെ അടിസ്ഥാനത്തില്‍ പുറത്തുവിട്ട റിപ്പോര്‍ട്ടെന്ന് അമേരിക്ക
Updated on
1 min read

മതന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമങ്ങളുടെ പേരില്‍ രാജ്യത്തെ വിമര്‍ശിച്ചുകൊണ്ടുള്ള അമേരിക്കയുടെ റിപ്പോര്‍ട്ട് തള്ളി ഇന്ത്യ. വസ്തുതാവിരുദ്ധവും തെറ്റായ ധാരണകളുടെ അടിസ്ഥാനത്തില്‍ സൃഷ്ടിക്കപ്പെട്ടതുമാണ് റിപ്പോര്‍ട്ടെന്ന് വിദേശകാര്യമന്ത്രാലയം കുറ്റപ്പെടുത്തി. അമേരിക്കന്‍ നടപടി പക്ഷപാതപരമാണെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി കുറ്റപ്പെടുത്തി.

ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യം, മതന്യൂനപക്ഷങ്ങള്‍ എന്നിവയെ കുറിച്ച് പ്രതിപാദിക്കുന്ന 'അന്താരാഷ്ട്ര മതസ്വാതന്ത്ര്യ റിപ്പോർട്ട് -2022' റിപ്പോര്‍ട്ട് തിങ്കളാഴ്ചയാണ് അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് പുറത്തുവിട്ടത്. ഇന്ത്യക്ക് പുറമെ റഷ്യ, ചൈന തുടങ്ങിയ രാജ്യങ്ങളെയെല്ലാം റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തുന്നുണ്ട്. റഷ്യ, ഇന്ത്യ, ചൈന, സൗദി അറേബ്യ എന്നിവയുൾപ്പെടെയുള്ള രാജ്യങ്ങളിലെ സര്‍ക്കാരുകള്‍ മതന്യൂനപക്ഷങ്ങളെ ലക്ഷ്യം വെച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു റിപ്പോര്‍ട്ടിലെ വാദം.

''റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഇന്ത്യയെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നതും വിശ്വാസ്യതയെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുന്നതുമാണ്. ആശങ്കകളുള്ള ഏതൊരു വിഷയത്തിലും യുഎസുമായി ഇന്ത്യ തുറന്ന ചർച്ചകള്‍ക്ക് മുതിരാറുണ്ട്. ആ ബന്ധത്തെ അങ്ങേയറ്റം വിലമതിക്കുന്നുണ്ട്'' - അരിന്ദം ബാഗ്ചി പറഞ്ഞു.

ലോകരാജ്യങ്ങളിലെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച് നടത്തിയ പഠനത്തിന്റെ അടിസ്ഥാനത്തിലുള്ള വസ്തുതാധിഷ്ഠിത റിപ്പോര്‍ട്ടാണ് പുറത്തുവിട്ടതെന്ന് അമേരിക്ക അവകാശപ്പെട്ടിരുന്നു. അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കനാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.

ഇന്ത്യയിൽ മുസ്‌ലിങ്ങളും ക്രൈസ്തവരും നിരന്തരം ആക്രമണത്തിന് ഇരയാകുന്നുവെന്നും ഇത് നിയന്ത്രിക്കാനുള്ള ശക്തമായ നടപടികൾ കേന്ദ്രം കൈക്കൊള്ളണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നു. പലപ്പോഴും ഭരണകൂടങ്ങളും അതിന് ചുക്കാന്‍ പിടിക്കുകയാണെന്നും റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയിരുന്നു. ഈ ഒത്താശയ്ക്ക് ഉദാഹരണമാണ് സമീപകാലങ്ങളിലായി ഉത്തരേന്ത്യയില്‍ മുസ്ലീം മതവിഭാഗത്തിനെതിരെ നടന്ന ആക്രമണങ്ങളെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

logo
The Fourth
www.thefourthnews.in