ഡേറ്റ സംരക്ഷണ നിയമത്തിലെ ചട്ട രൂപീകരണം; വന്‍കിട ടെക് കമ്പനികളുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേന്ദ്രം
ഡാറ്റാ സംരക്ഷണ നിയമത്തിന്റെ പ്രവർത്തനത്തിന് ആവശ്യമായ ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ചർച്ചകള്‍ ആരംഭിക്കാനൊരുങ്ങി കേന്ദ്രം. ഇതുമായി ബന്ധപ്പെട്ട് മെറ്റ, ഗൂഗിൾ, ആപ്പിൾ, ആമസോൺ തുടങ്ങിയ മുൻനിര ടെക് കമ്പനികളുടെ പ്രതിനിധികളുമായി ഐടി മന്ത്രാലയത്തിലെ ഉദ്യോഗസ്ഥർ ഇന്ന് കൂടിക്കാഴ്ച നടത്തും. ഡിജിറ്റൽ പേഴ്സണൽ ഡാറ്റാ പ്രൊട്ടക്ഷൻ ആക്റ്റ് 2023 വിജ്ഞാപനം ചെയ്ത് ഒരു മാസത്തിന് ശേഷമാണ് ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനുള്ള ആദ്യ ഘട്ട ചർച്ചകള്‍ കേന്ദ്രം ആരംഭിക്കുന്നത്. നിയമം നടപ്പാക്കുന്നതിന് വിവിധ സ്ഥാപനങ്ങള്‍ക്ക് അനുവദിക്കുന്ന സമയപരിധി, നിർദ്ദിഷ്ട നിയമങ്ങളുടെ രൂപരേഖകൾ എന്നിവയാണ് ചർച്ചയ്ക്ക് വിധേയമാകുക.
വൻകിട ടെക് കമ്പനികളിലാണ് ആദ്യം നിയമം നടപ്പാക്കുക. പിന്നീട് ഇത് സർക്കാർ സ്ഥാപനങ്ങളള്‍ക്കും, സ്റ്റാർട്ടപ്പുകൾക്കും ബാധകമാക്കും
നിയമം പ്രാവർത്തികമാക്കുന്നതിന് കുറഞ്ഞത് 25 ചട്ടങ്ങളെങ്കിലും രൂപീകരിക്കേണ്ടതുണ്ട്. മാത്രമല്ല, ഉചിതമെന്ന് തോന്നുന്ന ഏത് വ്യവസ്ഥയ്ക്കുമേലും ചട്ടങ്ങൾ കൊണ്ടുവരാനും സർക്കാരിന് അധികാരമുണ്ട്. വിവിധ സ്ഥാപനങ്ങളുടെ ഗ്രേഡിന് അനുസൃതമായായിരിക്കും ഡാറ്റാ സംരക്ഷണ നിയമത്തിലെ ചട്ടങ്ങള്‍ ചുമത്തുന്നതിന് സർക്കാർ മുന്‍കൈയെടുക്കുകയെന്ന് യോഗത്തിൽ അധ്യക്ഷത വഹിക്കുന്ന ഇലക്ട്രോണിക്സ്, ഐടി സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പറഞ്ഞിരുന്നു. ഇതില്‍ സർക്കാർ ശ്രേണീകൃത സമീപനം പിന്തുടരുമെന്നും അദ്ദേഹം അറിയിച്ചു. വൻകിട ടെക് കമ്പനികളിലാണ് ആദ്യം നിയമം നടപ്പാക്കുക. പിന്നീട് ഇത് സർക്കാർ സ്ഥാപനങ്ങളള്‍ക്കും സ്റ്റാർട്ടപ്പുകൾക്കും ബാധകമാക്കും. ഇവയ്ക്ക് കൂടുതല്‍ സമയപരിധി നല്‍കാനും സാധ്യതയുണ്ടെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കിയിട്ടുണ്ട്.
ഉപയോക്താക്കളുടെ വ്യക്തിഗത വിവരങ്ങള്‍ ശേഖരിക്കുന്നതിന് മുന്‍പ് അവരുടെ സമ്മതം രേഖപ്പെടുത്തണമെന്ന് നിയമത്തില്‍ പറയുന്നുണ്ട്. നിയമപരമായ ചില ഉപയോഗങ്ങള്‍ക്ക് മാത്രമാണ് ഇളവുള്ളത്. കുട്ടികളുടെയും വൈകല്യമുള്ളവരുടെയും വ്യക്തിഗത ഡാറ്റ ഉപയോഗിക്കുമ്പോള്‍ മാതാപിതാക്കളുടെ സമ്മതം തേടണം. ഡാറ്റാ സുരക്ഷാ ലംഘനം തടയുന്നതിനാവശ്യമായ ഇത്തരം നടപടികൾ സ്വീകരിക്കാത്ത സ്ഥാപനങ്ങൾക്ക് 250 കോടി രൂപ പിഴ ഈടാക്കാനും നിയമം വ്യവസ്ഥ ചെയുന്നു. എന്നിരുന്നാലും, വ്യക്തിഗത ഡാറ്റയുടെ കൃത്യത നിലനിർത്തുന്നത് ഉള്‍പ്പെടെയുള്ള ചില പ്രധാന വ്യവസ്ഥകളിൽ നിന്ന് ചെറുകിട ബിസിനസുകൾക്കും സ്റ്റാർട്ടപ്പുകൾക്കും ഗണ്യമായ ഇളവുകള്‍ അനുവദിച്ചിട്ടുണ്ട്.
നിർദ്ദിഷ്ട നിയമം കേന്ദ്രത്തിന് അനുവദിച്ചിട്ടുള്ള വെർച്വൽ സെൻസർഷിപ്പ് അധികാരം എടുത്തുപറയേണ്ടതാണ്. രണ്ട് തവണയെങ്കിലും നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കുന്ന ഏത് സ്ഥാപനവും ബ്ലോക്ക് ചെയ്യാനുള്ള അധികാരം കേന്ദ്രത്തിന് നല്‍കുന്നു. ദേശീയ സുരക്ഷ, പൊതു ക്രമം എന്നിവയുൾപ്പെടെയുള്ള കാരണങ്ങളിൽ പൗരന്മാരുടെ വ്യക്തിഗത ഡാറ്റ ഉപയോഗിക്കുമ്പോള്‍, നിയമത്തിലെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നതിൽ നിന്ന് കേന്ദ്ര സർക്കാരിനെ ഒഴിവാക്കാനും നിയമം വ്യവസ്ഥചെയ്യുന്നുണ്ടെന്നതും ശ്രദ്ധേയമാണ്.