ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു
ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു

'സുതാര്യത ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണം'; ചീഫ് ജസ്റ്റിസിന് കത്തെഴുതി കേന്ദ്രം

സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം
Updated on
2 min read

ജഡ്ജിമാരെ തിരഞ്ഞെടുക്കാനുള്ള കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. ഈ ആവശ്യമുന്നയിച്ച് കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു, ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് കത്തെഴുതി. ജഡ്ജിമാരുടെ നിയമനത്തില്‍ സുതാര്യത ഉറപ്പാക്കാന്‍ കൊളീജിയത്തില്‍ സര്‍ക്കാര്‍ പ്രതിനിധി അനിവാര്യമാണെന്ന് മന്ത്രി കത്തില്‍ വ്യക്തമാക്കുന്നു. സുപ്രീംകോടതി കൊളീജിയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ പ്രതിനിധികളെയും ഹൈക്കോടതി കൊളീജിയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധികളെയും ഉള്‍പ്പെടുത്തണമെന്നാണ് കേന്ദ്രത്തിന്റെ ആവശ്യം. കൊളീജിയം സമ്പ്രദായത്തിനെതിരെ കേന്ദ്രവും സുപ്രീംകോടതിയും ഏറ്റുമുട്ടല്‍ തുടരുന്നതിനിടെയാണ് നിയമ മന്ത്രിയുടെ കത്ത്.

കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് സ്വീകാര്യമല്ലെന്ന് സൂചന

കൊളീജിയം സംവിധാനത്തിന് സുതാര്യതയില്ലെന്ന് നിയമ മന്ത്രി നേരത്തേ വിമര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതി ജഗദീപ് ധന്‍കർ, സ്പീക്കര്‍ ഓം ബിർള, മുന്‍ ജഡ്ജി രുമ പാല്‍ തുടങ്ങിയവരും കൊളീജിയം സംവിധാനത്തിനെതിരെ രംഗത്തു വന്നിരുന്നു. ഇതിന് പിന്നാലെയാണ് നിയമ മന്ത്രി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കിയത്. അതേസമയം, കേന്ദ്ര സര്‍ക്കാരിന്റെ ആവശ്യം സുപ്രീംകോടതി കൊളീജിയത്തിലെ ജഡ്ജിമാര്‍ക്ക് സ്വീകാര്യമല്ലെന്നാണ് സൂചന. ജഡ്ജി നിയമനത്തിന് നിലവിലുള്ള മാനദണ്ഡം ഭേദഗതി ചെയ്യുന്നത് അംഗീകരിക്കില്ലെന്ന നിലപിടിലാണ് ജഡ്ജിമാര്‍. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, കെ എം ജോസഫ്, എം ആര്‍ ഷാ, അജയ് റസ്തോഗി, സഞ്ജീവ് ഖന്ന എന്നിവരടങ്ങുന്നതാണ് നിലവിലെ സുപ്രീംകോടതി കൊളീജിയം.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു
'അഞ്ച് വർഷത്തിനിടെ ഹൈക്കോടതികളിൽ നിയമിക്കപ്പെട്ട ജഡ്ജിമാരിൽ 79% സവർണർ' കൊളീജിയത്തിനെതിരെ കേന്ദ്രത്തിന്റെ റിപ്പോർട്ട്

ജഡ്ജി നിയമനത്തിനായി ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കൊളീജിയം ജനുവരി 12ന് കത്തെഴുതിയിരുന്നു

അതേസമയം ജഡ്ജി നിയമനത്തിനായി ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്യുന്ന പേരുകള്‍ അംഗീകരിക്കാന്‍ ബാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി കേന്ദ്രത്തിന് കൊളീജിയം ജനുവരി 12ന് കത്തെഴുതിയിരുന്നു. കര്‍ണാടക ഹൈക്കോടതിയിലേക്ക് അഭിഭാഷകനായ നാഗേന്ദ്ര രാമചന്ദ്ര നായിക്കിനെ നിയമിക്കാന്‍ മൂന്നാമതും ശുപാര്‍ശ ചെയ്തതിനൊപ്പം നല്‍കിയ കുറിപ്പിലാണ് രണ്ട് സുപ്രീംകോടതി വിധികള്‍ ഉദ്ധരിച്ച് കൊളീജിയം നിലപാട് വ്യക്തമാക്കിയത്. കേരള ഹൈക്കോടതിയിലേക്ക് ശുപാര്‍ശ ചെയ്ത് കേന്ദ്ര സര്‍ക്കാര്‍ രണ്ടുതവണ മടക്കിയയച്ച അഭിഭാഷകരായ അരവിന്ദ് കുമാര്‍ ബാബു, കെ എ സഞ്ജീത എന്നിവരുടെ കാര്യം കൊളീജിയം വരും ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യുമെന്നും അറിയിച്ചിരുന്നു.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, കേന്ദ്ര നിയമ മന്ത്രി കിരണ്‍ റിജിജു
ഹൈക്കോടതി ജഡ്ജി നിയമനം: കൊളീജിയവുമായി തുറന്ന പോരിന് കേന്ദ്രം, ആവര്‍ത്തിച്ച് നല്‍കിയ 10 ശുപാര്‍ശകള്‍ മടക്കി

രാജ്യത്തെ ഉന്നത കോടതികളിലെ ജഡ്ജിമാരുടെ നിയമനത്തില്‍ സാമൂഹ്യ സന്തുലനം പാലിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തേ വിമർശിച്ചിരുന്നു. രാജ്യത്തെ ഹൈക്കോടതികളില്‍ കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിയമിക്കപ്പെട്ട ജഡ്ജിമാരില്‍ 79 ശതമാനവും ഉയര്‍ന്ന ജാതിയില്‍പ്പെട്ടവരായിരുന്നുവെന്ന് കാണിച്ച് സര്‍ക്കാര്‍ റിപ്പോർട്ട് തയ്യാറാക്കിയിരുന്നു. പാര്‍ലമെന്ററി സമിതിക്ക് മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് കേന്ദ്രം നിയമനങ്ങളിലെ സാമൂഹ്യ അസന്തുലിതാവസ്ഥ ചൂണ്ടിക്കാട്ടിയത്. കൊളീജിയം സമ്പ്രദായം നിലവിൽ വന്നിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടിട്ടും ജുഡീഷ്യറിയിൽ ഇന്നും സാമൂഹ്യ വൈവിധ്യം പ്രകടമല്ലെന്നും നിയമ മന്ത്രാലയം പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റിയെ അറിയിച്ചിരുന്നു.

logo
The Fourth
www.thefourthnews.in