ദേശീയ പ്രതിപക്ഷ ഐക്യത്തിനായി നേതാക്കളുടെ കൂടിക്കാഴ്ച; നിതീഷിന്റെ പ്രധാനമന്ത്രി മോഹത്തെ വിമര്‍ശിച്ച് അമിത് ഷാ
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ബിഹാർ മഹാസഖ്യത്തിലെ നേതാക്കളുമായികൂടിക്കാഴ്ച നടത്താനൊരുങ്ങി സോണിയാ ഗാന്ധി.ബിഹാര്‍ മുഖ്യമന്ത്രിയായ നിതീഷ് കുമാറും രാഷ്ട്രീയ ജനതാദളിന്റെ പ്രസിഡന്റ് ലാലു പ്രസാദ് യാദവുമായി ഡല്‍ഹിയില്‍ സോണിയാ ഗാന്ധി കൂടിക്കാഴ്ച്ച നടത്തും. യോഗത്തില്‍ പങ്കെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഭാരത് ജോഡോ യാത്രയുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധി കേരളത്തിലാണുള്ളത്.
2024 തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിക്കെതിരെ ദേശീയ തലത്തില്‍ മഹാസഖ്യത്തെ എത്തിക്കാനുള്ള നീക്കമാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്ന പശ്ചാത്തലത്തിലാണ് മഹാസഖ്യത്തിലെ നേതാക്കള്‍ കൂടിക്കാഴ്ചയ്ക്കൊരുങ്ങുന്നത്
ഇതിനുമുന്‍പ് 2015ല്‍ ബിഹാര്‍ തിരഞ്ഞെടുപ്പിന് മുന്‍പ് നടത്തിയ ഇഫ്താർ വിരുന്നിലാണ് നിതീഷ് കുമാറും സോണിയാ ഗാന്ധിയും കൂടിക്കാഴ്ച നടത്തിയത്. ഈ മാസം ഡല്‍ഹിയിലെത്തിയെങ്കിലും സോണിയാ ഗാന്ധിയെ കാണാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി വിവാദങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണ് ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. 2018 ലെ കാലിത്തീറ്റ കുംഭകോണ കേസിനെ തുടര്‍ന്നുള്ള അറസ്റ്റും വിചാരണയുമെല്ലാം ലാലു പ്രസാദിന് നല്‍കിയ ക്ഷീണം ചെറുതല്ല.
സ്വന്തമായൊരു നിലപാടോ പ്രത്യയശാസ്ത്രമോ അവകാശപ്പെടാന്‍ സാധിക്കാത്ത വ്യക്തിയാണ് നിതീഷ് കുമാര്‍-അമിത്ഷാ
അതേ സമയം ബിജെപിക്കെതിരെ മഹാസഖ്യം രൂപീകരിക്കാനൊരുങ്ങുന്ന നിതീഷ് കുമാറിനെ രൂക്ഷമായി വിമര്‍ശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ രംഗത്തെത്തി. സ്വന്തമായൊരു നിലപാടോ പ്രത്യയശാസ്ത്രമോ അവകാശപ്പെടാന്‍ സാധിക്കാത്ത വ്യക്തിയാണ് നിതീഷ് കുമാര്‍. അതിനാല്‍ പ്രധാനമന്ത്രിയാകാന്‍ നിതീഷ് കുമാറിന് ആര്‍ജെഡിയുടെയും കോണ്‍ഗ്രസിന്റെയും മടിയില്‍ ഇരിക്കേണ്ട അവസ്ഥയാണെന്ന് അമിതാ ഷാ വിമര്‍ശിച്ചു.
2025 ൽ ബീഹാറിൽ ബിജെപി താമര വിരിയിക്കുമെന്ന് അമിത്ഷാ
രാഷ്ട്രീയത്തില്‍ എത്തിയതിന് ശേഷം നിതീഷ് കുമാര്‍ പലരെയും ഒറ്റു കൊടുത്തു. 2014 ല്‍ ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് വെറും 2 ലോക്സഭാ സീറ്റുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. 2024 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിഹാര്‍ ലാലു-നീതീഷ് സഖ്യത്തെ തുടച്ചു നീക്കുമെന്നും പൂര്‍ണിയയില്‍ നടന്ന ജനഭാവന മഹാസഭയില്‍ അമിത് ഷാ പറഞ്ഞു. സ്വാര്‍ത്ഥതയ്ക്കും അധികാരത്തിനും പകരം സേവനത്തിന്റെയും വികസനത്തിന്റെയും രാഷ്ട്രീയത്തിലാണ് ബിജെപി വിശ്വസിക്കുന്നത്. 2025 ലെ തെരഞ്ഞെടുപ്പില്‍ ബിഹാറില്‍ താമര വിരിയുമെന്നും അമിത്ഷാ അവകാശപ്പെട്ടു.