പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി രണ്ടക്കത്തിലൊതുങ്ങുമോ?; പൊതുതിരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബിഹാറും, രാഷ്ട്രീയ കക്ഷികളും

പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി രണ്ടക്കത്തിലൊതുങ്ങുമോ?; പൊതുതിരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബിഹാറും, രാഷ്ട്രീയ കക്ഷികളും

സംസ്ഥാനത്ത് പരീക്ഷിച്ച് വിജയിച്ച ബിജെപി വിരുദ്ധ മഹാസഖ്യത്തിന് ദേശീയ മുഖം നൽകാനുള്ള നീക്കങ്ങൾ ബിഹാറിൽ പുരോഗമിക്കുകയാണ്.
Updated on
2 min read

മറ്റൊരു പൊതു തിരഞ്ഞെടുപ്പിന് രാജ്യം ഒരുങ്ങുമ്പോള്‍ ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യവും നേതാക്കള്‍ തമ്മിലുള്ള വാക്ക് പോരും സജീവമാവുകയാണ്. സംസ്ഥാനത്ത് പരീക്ഷിച്ച് വിജയിച്ച ബിജെപി വിരുദ്ധ മഹാസഖ്യത്തിന് ദേശീയ മുഖം നൽകാനുള്ള നീക്കങ്ങൾ ബിഹാറിൽ പുരോഗമിക്കുകയാണ്. ഭാരത് ജോഡോ യാത്രയിൽ ബിജെപി വിരുദ്ധപക്ഷത്തുള്ള പാർട്ടികളിൽ ഭൂരിഭാഗത്തിന്റെയും സഹകരണം ഉറപ്പാക്കാനായ കോൺഗ്രസ്, നിർണായക പ്ലീനറി സമ്മേളനത്തിന്റെ രാഷ്ട്രീയ പ്രമേയത്തിലും പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യം വേണമെന്ന് വ്യക്തമാക്കുന്നു.

ബിഹാറില്‍ ഭരണം കയ്യാളുന്ന മഹാസഖ്യവും പ്രതിപക്ഷമായ എന്‍ഡിഎയും തങ്ങളുടെ ശക്തി തെളിയിക്കാനുള്ള ശ്രമങ്ങള്‍ നേരത്തെ ആരംഭിച്ചു കഴിഞ്ഞു. മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ നേതൃത്വത്തിലാണ് മഹാസഖ്യത്തിന്റെ രാഷ്ട്രീയ പ്രചാരണം. ബിജെപിക്ക് വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ തന്നെ സംസ്ഥാനത്ത് രംഗത്തുണ്ട്. ബിഹാറിൽ വികസനം എത്തിയതിന്റെയും നിയമവാഴ്ച നടപ്പാക്കിയതിന്റെയും അവകാശവാദം ഉയര്‍ത്തിയാണ് ഇരുപക്ഷവും കളം നിറയുന്നത്. ബിഹാറിലെ മഹാസഖ്യത്തിന് ദേശീയ തലത്തിൽ തുടർച്ച നൽകാൻ നിതീഷ് ശ്രമിക്കുമ്പോൾ, അത്തരമൊരു ശ്രമത്തെ ബിഹാറിൽ തന്നെ വേരറുക്കാനാണ് ബിജെപി ഒരുങ്ങുന്നത്.

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാം. എന്നാൽ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വേഗത്തില്‍ ഒരു തീരുമാനം എടുക്കണം
നിതീഷ് കുമാർ

കിഴക്കന്‍ ബിഹാറിലെ പൂര്‍ണിയയില്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ സംഘടിപ്പിച്ച മഹാസഖ്യറാലി, രാജ്യത്തെ ബിജെപി ഇതര പാര്‍ട്ടികളുടെ ശക്തിപ്രകടനത്തിന് വേദിയായി മാറി. മുഖ്യമന്ത്രി നീതീഷ് കുമാറിനൊപ്പം ആർജെഡി, കോണ്‍ഗ്രസ്, ഇടത് പാര്‍ട്ടി നേതാക്കൾ പൂര്‍ണിയയിലെ പരിപാടിയില്‍ പങ്കെടുത്തു. കോൺഗ്രസ് കൂടി ഉൾപ്പെട്ട പ്രതിപക്ഷ ഐക്യസഖ്യത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പിന്തള്ളാനാകുമെന്ന് നിതീഷ് കുമാർ പറഞ്ഞു. കോൺഗ്രസാണ് ഇക്കാര്യത്തിൽ നേതൃത്വപരമായ മുൻകൈ എടുക്കേണ്ടത് എന്നാണ് നിതീഷിന്റെ പക്ഷം. ''കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഒരുമിച്ച് നിന്നാല്‍ 2024 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ 100 സീറ്റിലൊതുക്കാം. എന്നാൽ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് വേഗത്തില്‍ ഒരു തീരുമാനം എടുക്കണം.''- നിതീഷ് റാലിയിൽ പറഞ്ഞു. ആര്‍ജെഡി നേതാവും ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലാലു പ്രസാദ് യാദവും ഓൺലൈനായി യോഗത്തെ അഭിസംബോധന ചെയ്തു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് വിദേശത്ത് ചികിത്സയിലായിരുന്ന ലാലുപ്രസാദ് യാദവ് , അടുത്തിടെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. ഒന്നാകുന്ന നമ്മളെ ആര്‍ക്കും തകര്‍ക്കാന്‍ കഴിയില്ല എന്നായിരുന്നു മഹാസഖ്യത്തെ പരാമര്‍ശിച്ച് ലാലു പ്രസാദ് യാദവിന്റെ പ്രതികരണം. നമുക്ക് രാജ്യത്തെ രക്ഷിക്കണം. ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കണം. വരുന്ന തിരഞ്ഞെടുപ്പില്‍ ബിജെപി തോല്‍ക്കും. ബിഹാറില്‍ മഹാസഖ്യം വിജയിക്കും. 2024 ശക്തമായ വിജയത്തിന്റെ കാലമായിരിക്കുമെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.

പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി രണ്ടക്കത്തിലൊതുങ്ങുമോ?; പൊതുതിരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബിഹാറും, രാഷ്ട്രീയ കക്ഷികളും
പ്രതിപക്ഷ നേതൃസ്ഥാനം വിട്ടുകൊടുക്കില്ലെന്ന് സൂചിപ്പിച്ച് കോൺഗ്രസ്; മൂന്നാം മുന്നണി ബിജെപിയെ സഹായിക്കുമെന്ന് പ്രമേയം

അതേസമയം, പൂര്‍ണിയക്ക് 400 കിലോമീറ്റര്‍ അകലെ ബാല്‍മീഗി നഗര്‍ ലോക്‌സഭാ മണ്ഡലത്തിലും തലസ്ഥാനമായ പട്‌നയിലുമായിരുന്നു അമിത്ഷായുടെ പര്യടനം. പട്‌നയില്‍ കര്‍ഷകരെ അഭിസംബോധന ചെയ്തും അമിത്ഷാ സംസാരിച്ചു. സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തിയും, ബിഹാറിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ നടത്തിയ ഇടപെടലുകളും ചൂണ്ടിക്കാട്ടിയായിരുന്നു അമിത്ഷായുടെ പ്രസംഗം. ബിഹാറില്‍ ഭരണത്തിലിരിക്കുന്ന ജെഡിയു - ആര്‍ജെഡി സഖ്യ സര്‍ക്കാരിനെയും അമിത്ഷാ കടന്നാക്രമിച്ചു. വെള്ളവും എണ്ണയും പോലെയുള്ള പാര്‍ട്ടികളാണ് സംസ്ഥാനം ഭരിക്കുന്നത് എന്നായിരുന്നു അമിത്ഷായുടെ പരാമര്‍ശം.

പ്രതിപക്ഷം ഒന്നിച്ചാല്‍ ബിജെപി രണ്ടക്കത്തിലൊതുങ്ങുമോ?; പൊതുതിരഞ്ഞെടുപ്പിന് നിലമൊരുക്കുന്ന ബിഹാറും, രാഷ്ട്രീയ കക്ഷികളും
'നിതീഷുമായി സഹകരിക്കും, ബിജെപി തോൽക്കും' പ്രതിപക്ഷ സഖ്യ സാധ്യത സൂചിപ്പിച്ച് മമത ബാനർജി

ബിഹാര്‍ അതിന്റെ മോശം കാലത്തിലൂടെയാണ് കടന്നു പോകുന്നത്. സംസ്ഥാനത്ത് ക്രമസമാധാന പാലനം നടക്കുന്നില്ല, സര്‍ക്കാരിനെതിരെ സംസാരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നു. നിതീഷ് കുമാര്‍ എപ്പോഴും നിശബ്ദനാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടലുകള്‍ ആണ് സംസ്ഥാനത്തെ ക്രമസമാധാനത്തിന് തുണയാകുന്നത്, പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയെ നിരോധിച്ചതുള്‍പ്പെടെ ചൂണ്ടിക്കാട്ടി അമിത് ഷാ അവകാശപ്പെട്ടു. ബിഹാറിന്റെ വികസനം ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങളാണ് മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുണ്ടായത് എന്നും അമിത്ഷാ ചൂണ്ടിക്കാട്ടി.

എന്നാല്‍, ബിജെപിയെ പരാജയപ്പെടുത്താന്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ കൈകോര്‍ക്കണമെന്നാണ് കോണ്‍ഗ്രസിന്റെയും നിലപാടെങ്കിലും, മൂന്നാം മുന്നണി എന്ന ആശയത്തെ തള്ളുകയാണ് 85മത് പ്ലീനറി സമ്മേളനം. ബിജെപിയെ നേരിടാന്‍ മതേതര സോഷ്യലിസ്റ്റ് കക്ഷികളെ യോജിപ്പിച്ചു നിര്‍ത്തണമെന്ന് റായ്പൂരില്‍നടക്കുന്ന കോണ്‍ഗ്രസിന്റെ രാഷ്ട്രീയ പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഇതിന്റെ നേതൃത്വം പാര്‍ട്ടി ഏറ്റെടുക്കും. രാജ്യത്തിന്റെ എല്ലാ സംവിധാനങ്ങളെയും തകര്‍ത്ത ഭരണമാണ് കഴിഞ്ഞ എട്ടരവര്‍ഷമായി ഉള്ളതെന്നും പാര്‍ട്ടി അംഗീകരിച്ച പ്രമേയത്തില്‍ പറഞ്ഞു. ഭീതിയും വെറുപ്പും ഭീഷണിപെടുത്തലുമാണ് ഇപ്പോള്‍ നടക്കുന്നതെന്നും പ്രമേയത്തില്‍ പറഞ്ഞു. കോണ്‍ഗ്രസാണ് മുഖ്യ പ്രതിപക്ഷ പാര്‍ട്ടി. ഉത്തരവാദിത്വപ്പെട്ടതും വിഷയങ്ങളോട് പ്രതികരിക്കുന്നതുമായ സമീപനമാണ് കോണ്‍ഗ്രസ് സ്വീകരിക്കുകയെന്നും രാഷ്ട്രീയ പ്രമേയം വ്യക്തമാക്കുന്നു.

logo
The Fourth
www.thefourthnews.in