ജിഎസ്‍ടി നിയമലംഘനങ്ങൾക്ക് ഇളവ്; രണ്ട് കോടി വരെ പിഴമാത്രം

ജിഎസ്‍ടി നിയമലംഘനങ്ങൾക്ക് ഇളവ്; രണ്ട് കോടി വരെ പിഴമാത്രം

വ്യാജ ബില്‍ തയ്യാറാക്കുന്ന കുറ്റത്തിന് ഇളവ് ബാധകമല്ല, പുതിയ നികുതികൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ല
Updated on
1 min read

ജിഎസ്ടി നിയമലംഘനങ്ങള്‍ ക്രിമിനല്‍ കുറ്റത്തിന്റെ പരിധിയിലാക്കുന്നതിന് ഇളവ് നല്‍കാന്‍ ജിഎസ്ടി കൗൺസില്‍ തീരുമാനം. രണ്ട് കോടി രൂപ വരെയുള്ള നികുതി ലംഘനങ്ങള്‍ക്ക് നിയമനടപടി നേരിടേണ്ടിവരില്ല. പ്രോസിക്യൂഷൻ ആരംഭിക്കുന്നതിനുള്ള നികുതി തുകയുടെ ഏറ്റവും കുറഞ്ഞ പരിധി ഒരു കോടി രൂപയിൽ നിന്ന് രണ്ട് കോടിയായി ഉയർത്തി. അതേസമയം, വ്യാജ ബില്‍ തയ്യാറാക്കുന്ന കുറ്റത്തിന് ഇളവ് ബാധകമല്ല. പുതിയ നികുതികൾ ഒന്നും ഏർപ്പെടുത്തിയിട്ടില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ അറിയിച്ചു. 48-ാമത് ജിഎസ്‍ടി കൗൺസില്‍ യോഗത്തിലാണ് തീരുമാനം.

എസ്‍യുവി കാറ്റഗറിയില്‍ ഏതൊക്കെ വാഹനങ്ങള്‍ വരുമെന്നതില്‍ വ്യക്തത വരുത്തി

ഉദ്യോഗസ്ഥരുടെ ചുമതല തടസപ്പെടുത്തുക, വിവരങ്ങള്‍ നല്‍കുന്നതില്‍ വീഴ്ച്ച സംഭവിക്കുക എന്നിവ കുറ്റകരമല്ലാതാകും. 50% മുതൽ 150% വരെയായിരുന്ന കോമ്പൗണ്ടിങ് പരിധി 25% മുതൽ 100% വരെയാക്കി കുറയ്ക്കാനും തീരുമാനമായി. എഥനോൾ ബ്ലെൻഡ് ചെയ്യുന്നതിനുള്ള ഈഥൈൽ ആൽക്കഹോളിന്റെ നികുതി ഒഴിവാക്കിയിട്ടുണ്ട്. ഓൺലൈന്‍ ഗെയിമിങ്ങിനെ ജിഎസ്ടിക്ക് കീഴില്‍ കൊണ്ടുവരുന്നത് അജണ്ടയിലുണ്ടായിരുന്നെങ്കിലും പരിഗണിച്ചില്ല. എസ്‍യുവി കാറ്റഗറിയില്‍ ഏതൊക്കെ വാഹനങ്ങള്‍ വരുമെന്നതില്‍ വ്യക്തത വരുത്തിയിട്ടുണ്ട്. ഇതനുസരിച്ചാകും നികുതി ഈടാക്കുക.

ട്രൈബ്യൂണൽ രൂപീകരണം സംബന്ധിച്ച തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലുണ്ടാകും

പതിനഞ്ചിന അജൻഡ ചർച്ച ചെയ്യാനാണ് ഇന്നു യോഗം ചേർന്നതെങ്കിലും സമയക്കുറവു മൂലം എല്ലാം പരിഗണിക്കാനായില്ലെന്ന് മന്ത്രി നിർമല സീതാരാമൻ അറിയിച്ചു. എട്ടിനങ്ങൾ മാത്രമാണ് പരിഗണിച്ചത്. ട്രൈബ്യൂണൽ രൂപീകരണം സംബന്ധിച്ച തീരുമാനം അടുത്ത കൗൺസിൽ യോഗത്തിലുണ്ടാകുമെന്നും നിർമല സീതാരാമൻ വ്യക്തമാക്കി. ജൂണിൽ ഛത്തീസ്ഗഡിലാണ് അടുത്ത യോഗം.

logo
The Fourth
www.thefourthnews.in