ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ക്ലൈമാക്സിലേക്ക്, കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ആദ്യഘട്ട പ്രചാരണം ക്ലൈമാക്സിലേക്ക്, കൊഴുപ്പിക്കാന്‍ ദേശീയ നേതാക്കള്‍

മുൻ നിര നേതാക്കളുടെ സാന്നിധ്യം അവസാന ഘട്ട പ്രചാരണം കൊഴിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്
Updated on
1 min read

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിന് മൂന്ന് ദിവസം മാത്രം ബാക്കി നിൽക്കെ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക്. പ്രധാനമന്ത്രി നരേന്ദ്രമോദി, ആം ആദ്മി പാർട്ടി ദേശീയ കൺവീനർ അരവിന്ദ് കെജ്രിവാൾ , കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ അടക്കമുള്ള പ്രമുഖ നേതാക്കൾ അവസാന ദിനങ്ങളില്‍ പ്രചരണത്തിന് എത്തും. മുൻ നിര നേതാക്കളുടെ സാന്നിധ്യം അവസാന ഘട്ട പ്രചാരണം കൊഴിപ്പിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. വാശിയേറിയ ത്രികോണ പോരാട്ടത്തിനാണ് ഗുജറാത്ത് സാക്ഷ്യം വഹിക്കാൻ പോവുന്നത്.

നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും ശക്തം

അവസാനഘട്ടത്തില്‍ നേതാക്കള്‍ തമ്മിലുള്ള വാക്‌പോരും ശക്തമാവുകയാണ്. കോണ്‍ഗ്രസിനെതിരെ രുക്ഷമായ വിമര്‍ശനങ്ങളുയര്‍ത്തിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രചാരണ പരിപാടികളുടെ ഭാഗമായത്. ഭീകരതയും അഴിമതിയുമാണ് കോണ്‍ഗ്രസ് കാലത്ത് രാജ്യത്ത് വളര്‍ന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഈ ഭീകരതയും അഴിമതിയും ഇല്ലാതാക്കിയത് ബിജെപി അധികാരത്തിലേറിയ ശേഷമാണെന്നു പ്രധാനമന്ത്രി അവകാശപ്പെട്ടു.

എന്നാല്‍, പൊള്ളയായ വാദങ്ങളാണ് പ്രധാനമന്ത്രി നടത്തുന്നതെന്ന് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന് ഗാര്‍ഗെ കുറ്റപ്പെടുത്തി. രാജ്യത്ത് ജനാധിപത്യം നിലനിന്നത് കോണ്‍ഗ്രസ് 70 വര്‍ഷക്കാലം സജീവമായിരുന്നതിനാലാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി 'നുണകളുടെ സര്‍ദാര്‍' ആണ് എന്നും ഖാര്‍ഗെ കുറ്റപ്പെടുത്തി. ദിദിയപ്പാടയില്‍ ജനസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് ആദ്യഘട്ട വോട്ടെടുപ്പ് നിര്‍ണായകം

കാൽ നൂറ്റാണ്ടായി തുടരുന്ന ഭരണം നിലനിർത്താൻ ശ്രമിക്കുന്ന ബിജെപിക്ക് ആദ്യഘട്ട വോട്ടെടുപ്പ് വളരെ സുപ്രധാനമാകും. നിയമ സഭയിലെ 182 സീറ്റുകളിൽ 35 എണ്ണവും ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്ന ദക്ഷിണ ഗുജറാത്തിലാണ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപേ തന്നെ സംസ്ഥാനത്ത് ബിജെപിയുടെ പദ്ധതികൾ സജീവമായിരുന്നു. പാർട്ടി അധികാരം നിലനിർത്തിയാൽ സംസ്ഥാനത്ത് യൂണിഫോം സിവിൽ കോഡ് (യുസിസി) നടപ്പാക്കുമെന്ന് പറഞ്ഞു കൊണ്ടുള്ള തിരഞ്ഞെടുപ്പ് പ്രകടന പത്രിക ബിജെപി ശനിയാഴ്ച പുറത്തിറക്കിയിരുന്നു. 'ദേശവിരുദ്ധ ഘടകങ്ങൾ'ക്കെതിരെ 'ആന്റി റാഡിക്കലൈസേഷൻ സെൽ' ആരംഭിക്കുമെന്നും 20 ലക്ഷം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നുമാണ് വാഗ്ദാനം.

മോർബി തൂക്കുപാലം അപകടം അടക്കമുള്ള ഭരണകക്ഷിയുടെ അഴിമതികളാണ് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്

എന്നാൽ കോൺഗ്രസിന്റെ പ്രചാരണ പരിപാടികൾ ബിജെപി യെ അപേക്ഷിച്ച് മന്ദഗതിയിലാണ് സംസ്ഥാനത്ത് ആരംഭിച്ചത്. മോർബി തൂക്കുപാലം അപകടം അടക്കമുള്ള ഭരണകക്ഷിയുടെ അഴിമതികളാണ് കോൺഗ്രസ്സും ആം ആദ്മി പാർട്ടിയും ഉയർത്തുന്നത്. ഈ വർഷമാദ്യം പഞ്ചാബിൽ നേടിയ വിജയം ഗുജറാത്തിൽ ആവർത്തിക്കാനുള്ള ഒരുക്കത്തിലാണ് എഎപി. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രകടനം പുറത്തെടുത്ത കോൺഗ്രസും ഇത്തവണ പ്രതീക്ഷയിലാണ്.

ജനങ്ങൾക്ക് 300 യൂണിറ്റ് സൗജന്യ വൈദ്യുതി, ഓരോ സ്ത്രീക്കും പ്രതിമാസം 1000 രൂപ, തൊഴിൽ രഹിതർക്ക് 3000 രൂപ, ഗോസംരക്ഷകർക്ക് 1200 രൂപ, കർഷകർക്ക് 2 ലക്ഷം രൂപ വരെയുള്ള വായ്പ എഴുതിത്തള്ളൽ, സൗജന്യ തീർഥാടനം തുടങ്ങിയവയാണ് എഎപിയുടെ വാഗ്ദാനങ്ങൾ.

ഡിസംബർ 5 നാണ് സംസ്ഥാനത്ത് രണ്ടാം ഘട്ട വോട്ടെടുപ്പ് നടക്കുക. എട്ടിനാണ് വോട്ടെണ്ണൽ.

logo
The Fourth
www.thefourthnews.in