ചരിത്രം തിരുത്തുമോ ഗുജറാത്ത്? മൂന്ന് പതിറ്റാണ്ടിനിപ്പുറം 
ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു

ചരിത്രം തിരുത്തുമോ ഗുജറാത്ത്? മൂന്ന് പതിറ്റാണ്ടിനിപ്പുറം ത്രികോണ മത്സരത്തിന് കളമൊരുങ്ങുന്നു

24 വർഷമായി ഭരിക്കുന്ന ബിജെപിക്കൊപ്പം നിൽക്കുമോ അതോ ചരിത്രം തിരുത്തുമോയെന്ന് അടുത്ത മാസം എട്ടിന് അറിയാം
Updated on
4 min read

നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ രാജ്യത്തിൻ്റെ മുഴുവൻ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞിരിക്കുകയാണ് ഗുജറാത്ത്. കാൽ നൂറ്റാണ്ടോളം സംസ്ഥാനം ഭരിച്ച ബിജെപിക്ക് ഇത്തവണ അടി പതറുമോ അതോ ഭരണത്തുടർച്ചയോടെ ചരിത്രം ആവർത്തിക്കുമോയെന്ന ആകാംക്ഷയിലാണ് ഇന്ത്യൻ രാഷ്ട്രീയം. നിലവിലെ വെല്ലുവിളികളെല്ലാം മറികടന്ന് ഭരണം നിലനിർത്താൻ ബിജെപിക്ക് കഴിയുമോയെന്ന് അടുത്ത മാസം എട്ടിന് അറിയാം.

പുതുചരിതമാണ് എഴുതപെടാൻ പോകുന്നതെങ്കിൽ ഗുജറാത്തിലെ ജനങ്ങൾക്ക് മുന്നിലുള്ളത് രണ്ട് ഓപ്‌ഷനുകളാണ്. ഒന്നുകിൽ കാൽ നൂറ്റാണ്ടായി ഭരണത്തിന് പുറത്താണെങ്കിൽ പോലും 40% വോട്ട് വിഹിതമുള്ള കോൺഗ്രസ്. അല്ലെങ്കിൽ ഡൽഹിക്കും പഞ്ചാബിനും പുറത്തേക്ക് തങ്ങളുടെ വേരുകൾ വ്യാപിപ്പിക്കാൻ കിണഞ്ഞ് പരിശ്രമിക്കുന്ന ആം ആദ്മി പാർട്ടി. മധ്യവർഗത്തെ മോഹിപ്പിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾ തന്നെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഗുജറാത്തിലെയും പ്രധാന തന്ത്രം.

മധ്യവർഗത്തെ മോഹിപ്പിക്കുന്ന സൗജന്യ വാഗ്ദാനങ്ങൾ തന്നെയാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തിലുള്ള പാർട്ടിയുടെ ഗുജറാത്തിലെയും പ്രധാന തന്ത്രം.

182 സീറ്റുകളിലേക്കുള്ള ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളായി ഡിസംബർ ഒന്ന്, അഞ്ച് തീയതികളിലാണ് നടക്കുക. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. 1990 ലാണ് അവസാനമായി ഗുജറാത്ത് വാശിയേറിയ ത്രികോണ മത്സരത്തിന് സാക്ഷ്യം വഹിക്കുന്നത്. ജനതാ ദളിന് 70, ബിജെപി 67, കോൺഗ്രസ് 33 എന്നിങ്ങനെയായിരുന്നു അന്നത്തെ സീറ്റ് നില. കോൺഗ്രസിന്റെ തളർച്ചയിലായിരുന്നു മറ്റ് രണ്ട് പാർട്ടികളുടെയും വളർച്ച. ഹിന്ദുത്വ ബോധം താമസിയാതെ സംസ്ഥാന രാഷ്ട്രീയത്തിന്റെ മാനദണ്ഡമാകുമെന്ന പ്രാരംഭ അടയാളങ്ങൾ കാണിച്ച തിരഞ്ഞെടുപ്പ് കൂടിയായിരുന്നു 90ലേത്.

ഇത്തവണയും ത്രികോണ മത്സരത്തിന് തന്നെയാകും ഗുജറാത്ത് സാക്ഷ്യം വഹിക്കുക. കഴിഞ്ഞ വർഷങ്ങളിൽ നടന്ന മുൻസിപ്പൽ കോർപറേഷൻ തിരഞ്ഞെടുപ്പ് ബിജെപിക്ക് കരുത്ത് പകരുന്നുണ്ട്. അതെ തിരഞ്ഞെടുപ്പിൽ നേടിയ മുന്നേറ്റമാണ് എഎപിയുടെയും ആത്മവിശ്വാസം. സുറത്ത് സിവിക് ബോഡി തിരഞ്ഞെടുപ്പിൽ 28.5% വോട്ട് വിഹിതവും 120ൽ 27 സീറ്റുകളുമായിരുന്നു എഎപിയുടെ നേട്ടം. ആകെ മൊത്തം നടന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ 13.9% വോട്ടും നേടി. കോൺഗ്രസ്സാകട്ടെ ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരത്തെ വോട്ടാക്കി മാറ്റാനാണ് ശ്രമിക്കുന്നത്. അവസാനം നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 41% വോട്ട് നേടി മെച്ചപ്പെട്ട പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ബിജെപിയെ 99ൽ പിടിച്ചു കെട്ടാനും അവർക്കായി. അതേസമയം, തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എംഎൽഎമാർ ചേക്കേറിയെന്നത് മറ്റൊരു കാര്യം.

തിരഞ്ഞെടുപ്പിന് ശേഷം കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് എംഎൽഎമാർ ചേക്കേറിയെന്നത് മറ്റൊരു കാര്യം

എന്നാൽ 2017ൽ നിന്ന് വ്യത്യസ്തമാണ് നിലവിലെ കാര്യങ്ങൾ. പട്ടേൽ സമുദായങ്ങൾക്കിടയിലുണ്ടായ ഭിന്നതയാണ് അന്ന് കോൺഗ്രസ്സിന് സഹായകരമായത്. പട്ടേൽ, ക്ഷത്രിയ സമുദായങ്ങളെ പ്രതിനിധീകരിച്ച് ഒപ്പമുണ്ടായിരുന്ന ഹാർദിക് പട്ടേലും അൽപേഷ് താക്കൂറും ഇപ്പോൾ ബിജെപിയിലാണ്. പട്ടേൽ സമുദായത്തിന് ഒബിസി സംവരണം ആവശ്യപെട്ട് ഹാർദിക് പട്ടേൽ നടത്തിയ സമരങ്ങളും അൽപേഷിന്റെ ബിജെപി വിരുദ്ധ നിലപാടുകളും കോൺഗ്രസിനെ ഒരുപാട് സഹായിച്ചിരുന്നു. ഇരുവരും പാർട്ടിക്കൊപ്പമില്ല എന്നത് കോൺഗ്രസിന് വലിയ തിരിച്ചടിയാണ്.

ബിജെപിയുടെ കരുത്തും ബലഹീനതയും

1998 തൊട്ട് തുടർച്ചയായി ഭരിക്കുന്ന ബിജെപിയെ സംബന്ധിച്ചിടത്തോളം ഭരണ വിരുദ്ധ വികാരത്തെ ഇല്ലാതാക്കുക എന്നതായിരുന്നു പ്രധാന വെല്ലുവിളി. വിജയ് രൂപാണി സർക്കാരിൽ മൊത്തത്തിൽ അഴിച്ചുപണി നടത്തി ഭുപേന്ദ്ര പട്ടേലിനെ മുഖ്യമന്ത്രിയാക്കിയ നീക്കം അതിന്റെ ഭാഗമായിരുന്നു. രാജ്യത്തിൻറെ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് ബിജെപിയുടെ 'സ്റ്റാർ ക്യാമ്പയിനർ'. കഴിഞ്ഞ നാല് മാസത്തിനടയിൽ പല പദ്ധതികളുടെയും ഉദ്ഘാടനത്തിനും മറ്റുമായി പത്തിലധികം തവണയാണ് അദ്ദേഹം ഗുജറാത്ത് സന്ദർശിച്ചത്. അദ്ദേഹത്തിന്റെ വലം കൈയായ അമിത് ഷായും ഒപ്പമുണ്ട്. അമിത് ഷായുടെ തന്ത്രങ്ങളും മോദി പ്രഭാവവും തന്നെയാണ് ബിജെപിയുടെ വജ്രായുധം.

നിലവിലെ ഗുജറാത്ത് മുഖ്യമന്ത്രി ഭുപേന്ദ്ര പട്ടേലാണ് ബിജെപിയുടെ മറ്റൊരു തുറുപ്പുചീട്ട്. പ്രബല വിഭാഗമായ പാട്ടീദാർ സമുദായക്കാരും നല്ല പ്രതിച്ഛായയുള്ള നേതാവുമാണ് അദ്ദേഹം. അതേസമയം, അടുത്തിടെ മോർബി പാലം തകർന്ന് 141പേർ മരിച്ച സംഭവം ബിജെപിക്ക് അപ്രതീക്ഷിത തിരിച്ചടിയാണ്. തുടര്‍ച്ചയായി സംഭവിക്കുന്ന പരീക്ഷാ പേപ്പര്‍ ചോര്‍ച്ചയും സര്‍ക്കാര്‍ റിക്രൂട്ട്മെന്റ് പരീക്ഷകള്‍ മാറ്റിവച്ചതും യുവാക്കള്‍ക്കിടയില്‍ അതൃപ്തി വര്‍ദ്ധിക്കുന്നതിന് കാരണമായിത്തീര്‍ന്നിട്ടുണ്ട്.

കൂടാതെ സംസ്ഥാനത്തിന്റെ ഉള്‍ഗ്രാമങ്ങളിലെ വികസനങ്ങളുടെ അഭാവവും എതിർ പാർട്ടികൾ ചർച്ച വിഷയമാക്കിയിട്ടുണ്ട്. അടിസ്ഥാന വിദ്യാഭ്യാസ- ആരോഗ്യ സംവിധാനങ്ങളുടെയും അവസ്ഥ പരിതാപകരമാണ്. മറ്റൊന്ന് ബിൽക്കിസ് ബാനോ കേസിലെ പ്രതികളെ വെറുതെ വിട്ടതും ബിജെപിയുടെ മുഖച്ഛായയ്ക്ക് ചെറുതായെങ്കിലും പരിക്കേൽപ്പിച്ചിട്ടുണ്ട്. എന്നാൽ ഹിന്ദുത്വയുടെ പരീക്ഷണശാലയിൽ ഈ വിഷയത്തെ വോട്ടാക്കി മാറ്റാനാണ് സാധ്യതയെന്നാണ് നിരീക്ഷകർ വിലയിരുത്തുന്നത്.

ആം ആദ്മി പാർട്ടി

ഡൽഹിയിലെയും പഞ്ചാബിലെയും തന്ത്രങ്ങൾ തന്നെയാണ് ഗുജറാത്തിലും എഎപി പുറത്തെടുത്തിരിക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാർത്ഥിയെ തിരഞ്ഞെടുക്കാനുള്ള അവസരം ജനങ്ങളെ ഏൽപ്പിക്കുന്ന തന്ത്രം കെജ്‌രിവാൾ ഗുജറാത്തിലും പ്രയോഗിച്ചു. മാധ്യമപ്രവർത്തകനും പാർട്ടിയുടെ ദേശീയ ജോയിന്റ് ജനറൽ സെക്രട്ടറിയാണ് ഇസുദാന്‍ ഗഢ്‌വി. ജനസംഖ്യയുടെ 48% ശതമാനം വരുന്ന പിന്നോക്ക വിഭാഗത്തിൽ നിന്നുള്ള വ്യക്തിയാണ് ഗഢ്‌വി.

രാജ്യത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി നിരക്ക് ഈടാക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് ഗുജറാത്ത്. അതുകൊണ്ട് തന്നെ 300 യൂണിറ്റ് വൈദ്യുതി സൗജന്യമായി നല്‍കുമെന്ന ആംആദ്മി പാര്‍ട്ടിയുടെ വാഗ്ദാനം ജനങ്ങള്‍ സന്തോഷത്തോടെ സ്വീകരിച്ചിട്ടുണ്ട്. ഹിന്ദുത്വ ആശയത്തിന്റെ അപ്പോസ്തലന്മാരായ ബിജെപിയെ അതേ നാണയത്തിലാണ് അരവിന്ദ് കെജ്‌രിവാൾ സഖ്യം ഗുജറാത്തിൽ നേരിടുന്നത്.

അയോധ്യയിലേക്കുള്ള സൗജന്യ യാത്ര, ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന ആവശ്യം, ഇന്ത്യൻ കറൻസിയിൽ ഹിന്ദു ദൈവങ്ങളുടെ ചിത്രങ്ങൾ എന്നിങ്ങനെയുള്ള വാഗ്ദാനങ്ങളും ആവശ്യങ്ങളുമാണ് ഡൽഹി മുഖ്യമന്ത്രി ഉയർത്തുന്നത്. കൂടാതെ 'ലവ് ജിഹാദ്' ബിൽക്കിസ് ബാനോ കേസ് എന്നീ വിഷയങ്ങളിലുള്ള മൗനവും.

ഗുജറാത്തിലെ വിദ്യാഭ്യാസ സംവിധാനത്തിലെ പോരായ്മകളും എഎപിയുടെ പ്രചാരണ വിഷയങ്ങളിലൊന്നാണ്. അതിനൊപ്പം തന്നെ അദാനിയുടെ മുന്ദ്ര തുറമുഖത്തെ മയക്കുമരുന്ന് വേട്ടകളും അവർ ബിജെപിക്കെതിരെ ഉയർത്തുന്നുണ്ട്. മോദിയെ വിമർശിച്ചതിന് വേട്ടയാടൽ നേരിടുന്ന ഗോപാൽ ഇറ്റാലിയയാണ് എഎപിയുടെ പ്രമുഖ മുഖങ്ങളിൽ ഒരാൾ. കഴിഞ്ഞ വർഷം ലഭിച്ച 0.1% വോട്ട് വിഹിതം ആറ് ശതമാനത്തിലേക്ക് എത്തിക്കാൻ ഇത്തവണ സാധിച്ചാൽ എഎപിക്ക് ദേശീയ പാർട്ടി യോഗ്യത നേടാനുമാകും.

കോൺഗ്രസ്

2017ൽ നിന്ന് 2022ലേക്ക് എത്തുമ്പോൾ നിരവധി വെല്ലുവിളികളാണ് കോൺഗ്രസിന് നേരിടാനുള്ളത്. അഹമ്മദ് പട്ടേലെന്ന രാഷ്ട്രീയക്കാരന്റെ അഭാവം തന്നെയാണ് അതിൽ പ്രധാനം. കൂടാതെ സംഘടനാ പരമായ പ്രതിസന്ധികളും. അതിനെ നേരിടാനുള്ള പ്രവർത്തനങ്ങൾ പാർട്ടി നടത്തുന്നുണ്ടെങ്കിലും അത് എത്രത്തോളം ഫലം കാണുമെന്നത് കാത്തിരുന്ന് കാണേണ്ടതാണ്. രാഹുൽ ഗാന്ധി നയിക്കുന്ന 'ഭാരത് ജോഡോ'യുടെ പ്രഭാവം എന്തെങ്കിലും ഉണ്ടാകുമോ എന്നതും ഡിസംബർ എട്ടിന് മാത്രമേ പറയാനാകൂ.

അഹമ്മദ് പട്ടേല്‍
അഹമ്മദ് പട്ടേല്‍

കഴിഞ്ഞ തവണ കൂടെയുണ്ടായിരുന്ന ഹാർദിക് പട്ടേൽ കൂടെയില്ല. ഒപ്പമുള്ള ജിഗ്നേഷ് മേവാനിക്ക് പഴയ സ്വാധീനവുമില്ലെന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. കഴിഞ്ഞ തവണ രാഹുൽ ഗാന്ധി നേരിട്ടെത്തിയാണ് പ്രചാരണങ്ങൾ സംഘടിപ്പിച്ചതെങ്കിൽ ഇത്തവണ ഭാരത് ജോഡോ യാത്രയിലാണ് അദ്ദേഹം. ഒൻപത് ശതമാനം വരുന്ന മുസ്ലിം ന്യൂനപക്ഷത്തിന്റെ വോട്ടിനെ ലക്ഷ്യം വെച്ച് പ്രവർത്തനം നടത്തുന്നുണ്ട്. എന്നാൽ അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിന്റെ സാന്നിധ്യം അതിനും വെല്ലുവിളിയാണ്.

logo
The Fourth
www.thefourthnews.in