നഗ്ന വീഡിയോ, പോലീസ്, സിബിഐ,കോടതി; ഹണി ട്രാപ്പില്‍ ഗുജറാത്ത് സ്വദേശിക്ക് നഷ്ടമായത് 2.69 കോടി

നഗ്ന വീഡിയോ, പോലീസ്, സിബിഐ,കോടതി; ഹണി ട്രാപ്പില്‍ ഗുജറാത്ത് സ്വദേശിക്ക് നഷ്ടമായത് 2.69 കോടി

വ്യവസായി സൈബര്‍ ക്രൈംബ്രാഞ്ചിനെ സമീപിച്ചതോടെയാണ് തട്ടിപ്പ് വിവരങ്ങള്‍ പുറത്തുവന്നത്
Updated on
1 min read

നഗ്നവീഡിയോ കോള്‍ കെണിയില്‍ കുടുങ്ങിയ ഗുജറാത്ത് സ്വദേശിക്ക് നഷ്ടമായത് 2.69 കോടി രൂപ. റിന്യൂവബിള്‍ എനര്‍ജി മേഖലയില്‍ പ്രവർത്തിക്കുന്ന വ്യവസായിക്കാണ് ഭീമമായ തുക ഹണി ട്രാപ്പിലൂടെ നഷ്ടമായത്. 2022 ആഗസ്റ്റ് മാസം എട്ടാം തീയതിയാണ് റിയ ശര്‍മ്മ എന്ന പേരില്‍ ഒരു സ്ത്രീ വ്യവസായിയുമായി ഫോണില്‍ ബന്ധപ്പെടുന്നത്. ഗുജറാത്തിലെ മോര്‍ബിയില്‍ നിന്നുമാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് സ്ത്രീ പരിചയപ്പെടുത്തിയത്.

പരിചയം അടുപ്പമാക്കി മാറ്റിയ സ്ത്രീ വീഡിയോ കോളിലെത്തി വ്യവസായിയോട് വിവസ്ത്രനാകാന്‍ ആവശ്യപ്പെടുകയായിരുന്നു. യുവതിയുടെ നിര്‍ദ്ദേശപ്രകാരം ചെയ്ത ഉടനെ കോള്‍ കട്ട് ചെയ്ത യുവതി 50,000 രൂപ നല്‍കിയില്ലെങ്കില്‍ നഗ്‌നവീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ഈ സംഭവം നടന്ന് ദിവസങ്ങള്‍ക്കു ശേഷം മറ്റൊരു ഫോണ്‍ കോള്‍ വ്യവസായിയെ തേടിയെത്തി. ഡല്‍ഹി പോലീസ് ഉദ്യോഗസ്ഥനായ ഗുഡ്ഡു ശര്‍മയെന്ന് പരിചയപ്പെടുത്തിയ ആള്‍ നഗ്ന വീഡിയോ തന്റെ പക്കലുണ്ടെന്ന് ഭീഷണിപ്പെടുത്തി 3 ലക്ഷം രൂപ തട്ടിയെടുക്കുകയായിരുന്നു. തട്ടിപ്പ് ഇതു കൊണ്ടും തീര്‍ന്നില്ല.

ഓഗസ്റ്റ് 14ന് ഡല്‍ഹി സൈബര്‍ പോലീസില്‍ നിന്നാണെന്ന് പരിചയപ്പെടുത്തിയുള്ള വ്യാജ ഫോണ്‍ കോള്‍ വഴിയായിരുന്നു അടുത്ത തട്ടിപ്പ് നടന്നത്. യുവതി ആത്മഹത്യാശ്രമം നടത്തിയെന്നും പ്രശ്‌നം ഒതുക്കിത്തീര്‍ക്കാന്‍ 80ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഈ പണവും അദ്ദേഹം നല്‍കി.

സിബിഐ ഉദ്യോഗസ്ഥനാണെന്ന് പറഞ്ഞ് കബളിപ്പിച്ചു കൊണ്ടായിരുന്നു തട്ടിപ്പുകാര്‍ പിന്നീട് വ്യവസായിയെ ബന്ധപ്പെട്ടത്. യുവതിയുടെ അമ്മ തങ്ങളെ സമീപിച്ചുവെന്നും കേസ് ഒതുക്കിത്തീര്‍ക്കാന്‍ 8.5 ലക്ഷം രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു. ഡിസംബര്‍ 15വരെ നിരവധി തവണ ഇത്തരത്തില്‍ വ്യവസായി പണം നല്‍കി. കേസ് അവസാനിപ്പിച്ചുവെന്ന രീതിയില്‍ ഡല്‍ഹി ഹൈക്കോടതിയുടെ വ്യാജ ഉത്തരവ് കിട്ടിയപ്പോഴാണ് താന്‍ കബളിക്കപ്പെടുകയായിരുന്നുവെന്ന് വ്യവസായിക്ക് ബോധ്യമായത്.

ജനുവരി പത്താം തീയതി സൈബര്‍ ക്രൈംബ്രാഞ്ചിനെ സമീപിച്ച വ്യവസായി 11 പേര്‍ക്കെതിരെ കേസ് നല്‍കി. 2.69 കോടി രൂപ തട്ടിയെടുത്തെന്നും ഇയാള്‍ പരാതിയില്‍ വ്യക്തമാക്കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിന്റെ 387, 170, 465, 420, 120-ബി വകുപ്പുകള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.

logo
The Fourth
www.thefourthnews.in