ഭൂപേന്ദ്ര പട്ടേൽ
ഭൂപേന്ദ്ര പട്ടേൽ

ഒരു വര്‍ഷം കൊണ്ട് തുടച്ചു നീക്കിയ മൂന്ന് പതിറ്റാണ്ടിന്റെ 'ഭരണവിരുദ്ധത', ചരിത്രജയം ഭൂപേന്ദ്ര പട്ടേലിന് പൊന്‍തൂവല്‍

ഡിസംബർ 12 ന് ഭൂപേന്ദ്ര പട്ടേൽ ഗുജറാത്ത് മുഖ്യമന്ത്രിയായി ചുമലതയേൽക്കും
Updated on
2 min read

ഗുജറാത്ത് നിയമസഭയിലേക്ക് 55-ാം വയസ്സില്‍ കന്നിപ്രവേശം. 59-ാം വയസ്സില്‍ പ്രമുഖരെ പിന്തള്ളിക്കൊണ്ട് മുഖ്യമന്ത്രി പദത്തിലേക്ക്. വര്‍ഷങ്ങളോളം ഭരിച്ച ബിജെപിക്കെതിരായ ഭരണവിരുദ്ധ വികാരം വെറും ഒരു വര്‍ഷം കൊണ്ട് തുടച്ചു നീക്കിക്കൊണ്ട് വീണ്ടും അധികാരത്തിലേറാനൊരുങ്ങുകയാണ് ഭൂപേന്ദ്ര പട്ടേല്‍. ഗുജറാത്തില്‍ പാര്‍ട്ടി വീണ്ടും അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ തന്നെയെന്ന് തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ അമിത്ഷാ പ്രഖ്യാപിച്ചിരുന്നതാണ്.

2017 ലെ തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് ഭൂപേന്ദ്ര പട്ടേലിൻ്റെ നിയമസഭയിലെ കന്നിപ്രവേശം

ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തോടെ ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞതോടെ രണ്ടാം വട്ടവും മുഖ്യമന്ത്രിയാകാനുള്ള ഊഴമാണ് ഭൂപേന്ദ്ര പട്ടേലിന് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ 12 ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാനൊരുങ്ങുന്ന ഭൂപേന്ദ്ര പട്ടേല്‍ 2017 ലെ തന്റെ സ്വന്തം റെക്കോര്‍ഡ് തകര്‍ത്താണ് ഘട്ട്‌ലോഡിയ മണ്ഡലത്തില്‍ നിന്ന് വീണ്ടും അധികാരത്തിലേറുന്നത്.

ആനന്ദി ബെന്‍ പട്ടേലിന്റെ പിന്തുടര്‍ച്ചക്കാരന്‍

രാഷ്ട്രീയ ഗുരുവും ഉത്തര്‍പ്രദേശ് ഗവര്‍ണറുമായ ആനന്ദി ബെന്‍ പട്ടേലിന്റെ റെക്കോര്‍ഡ് തകര്‍ത്തായിരുന്നു 2017 ല്‍ ഭൂപേന്ദ്ര പട്ടേല്‍ ഘട്ട്‌ലോഡിയ കൈയടക്കിയത്. സംസ്ഥാനത്തെ തന്നെ ഏറ്റവും ഉയര്‍ന്ന വോട്ടുകള്‍ നേടി (1,17,750) യായിരുന്നു ഭൂപേന്ദ്ര പട്ടേല്‍ കന്നി മത്സരത്തില്‍ തന്നെ തന്റെ ആധിപത്യം ഉറപ്പിച്ചത്. ഗുജറാത്തിലെ ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ള മണ്ഡലമാണ് അഹമ്മദാബാദ് നഗരത്തിലെ ഘട്ട്‌ലോഡിയ. ഈ മണ്ഡലത്തില്‍ നിന്നും നിയമസഭയിലെത്തിയ ഭൂപേന്ദ്ര പട്ടേല്‍ ആദ്യ ഊഴത്തില്‍ തന്നെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയുമായി.

പ്രമുഖരെ വെട്ടി ഭൂപേന്ദ്ര പട്ടേലിന്റെ സര്‍പ്രൈസ് എന്‍ട്രി

പ്രമുഖരെ വെട്ടി മുഖ്യമന്ത്രി പദത്തിലേക്ക്

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാന്‍ ഒരു കൊല്ലം മാത്രം ബാക്കി നില്‍ക്കെ അപ്രതീക്ഷിതമായിട്ടായിരുന്നു മുഖ്യമന്ത്രി പദത്തില്‍ നിന്നും വിജയ് രൂപാണിയുടെ രാജി പ്രഖ്യാപനം. അന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയര്‍ന്നു കേട്ടിരുന്ന പേരുകളിലൊന്നും എവിടെയും ഭൂപേന്ദ്ര പട്ടേലിന്റെ പേരുണ്ടായിരുന്നില്ല. ആദ്യമായി നിയമസഭയിലെത്തിയ പട്ടേല്‍ ചിത്രത്തിലേ ഉണ്ടായിരുന്നില്ല. അന്നത്തെ ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, കേന്ദ്ര ആരോഗ്യമന്ത്രി മന്‍സൂഖ് മാണ്ഡവ്യ എന്നിവരുടെ പേരായിരുന്നു അന്ന് ഉയര്‍ന്ന് കേട്ടത്. എന്നാല്‍ അന്ന് നടന്ന ബിജെപി നിയമസഭാകക്ഷി യോഗത്തിലായിരുന്നു പ്രമുഖരെ വെട്ടി ഭൂപേന്ദ്ര പട്ടേലിന്റെ സര്‍പ്രൈസ് എന്‍ട്രി. പല തരത്തിലുള്ള എതിര്‍പ്പുകള്‍ക്കിടെ ഭൂപേന്ദ്ര പട്ടേല്‍ മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കുകയും ചെയ്തു.

ഗുജറാത്ത് വിജയം ഭൂപേന്ദ്ര പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിലെ പൊന്‍തൂവല്‍

ഭരണവിരുദ്ധത മാറ്റിയ ഒരു വര്‍ഷം

ഭരണവിരുദ്ധ തരംഗം നിലനില്‍ക്കുന്നതിനിടെയാണ് ആദ്യമായി എംഎല്‍എയായ ഒരാളെ കേന്ദ്ര ബി ജെ പി പറിച്ചെടുത്ത് മുഖ്യമന്ത്രി പദത്തില്‍ ഇരുത്തിയത്. എന്നാല്‍ വെറും ഒരു കൊല്ലം കൊണ്ട് ഭരണവിരുദ്ധ തരംഗത്തെ അതിജീവിച്ച് വമ്പന്‍ വിജയം കരസ്ഥമാക്കിയ ഭൂപേന്ദ്ര പട്ടേലിന്റെ രാഷ്ട്രീയ ജീവിതത്തിലെ ഒരു പൊന്‍തൂവല്‍ കൂടിയായി മാറുകയാണ് രണ്ടാം തവണയും ലഭിക്കുന്ന ഈ മുഖ്യമന്ത്രി പദം.

'ഉറച്ച മൃദുവായ നേതാവ്' : പട്ടേലിനെക്കുറിച്ച് പ്രധാനമന്ത്രി

മുഖ്യമന്ത്രിയായിരുന്ന വിജയ് രൂപാണിയെ മാറ്റി കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു ഭൂപേന്ദ്ര പട്ടേലിനെ ഗുജറാത്ത് മുഖ്യമന്ത്രിയാക്കാന്‍ ബിജെപി തീരുമാനിച്ചത്. വളരെ കുറച്ച് മാത്രം സംസാരിക്കുകയും എന്നാല്‍ സാഹചര്യങ്ങള്‍ക്കനുസരിച്ച് ഉറച്ച് നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഭൂപേന്ദ്ര പട്ടേലിനെ 'ഉറച്ച, മൃദുവായ നേതാവ്' എന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി വിശേഷിപ്പിച്ചത്.

പട്ടേല്‍ സമുദായത്തെ കൈയിലെടുക്കാനുള്ള തന്ത്രമായിരുന്നു ബിജെപിയുടേത്

പട്ടേല്‍ സമുദായത്തെ പ്രീണിപ്പിക്കാന്‍

ബിജെപിയുടെ പ്രധാന വോട്ടുബാങ്കായി കണക്കാക്കപ്പെടുന്ന പട്ടേല്‍ സമുദായത്തിനിടയില്‍ പാര്‍ട്ടിക്കെതിരെ കടുത്ത അതൃപ്തി നിലനില്‍ക്കുന്നതിനിടെയായിരുന്നു ഇതേ സമുദായത്തില്‍ നിന്ന് ഒരാളെ മുഖ്യമന്ത്രിയാക്കുന്നത്. ഭൂപേന്ദ്ര പട്ടേലിനെ മുന്‍നിര്‍ത്തി പട്ടേല്‍ സമുദായത്തെ കൈയിലെടുക്കാനുള്ള തന്ത്രമായിരുന്നു ബിജെപി നടത്തിയത്. പട്ടേല്‍ സമുദായത്തിലെ ഉപജാതി വിഭാഗമായ കദ്‌വയില്‍ നിന്നുള്ളയാളാണ് ഭൂപേന്ദ്ര പട്ടേല്‍.

നഗരസഭയില്‍ നിന്നും നിയമസഭയിലേക്ക്

നിയമസഭയിലേക്കുള്ള കടന്നുവരവിന് മുന്‍പ് നഗരസഭാ അംഗമായതാണ് ഭരണരംഗത്തെ ഭൂപേന്ദ്ര പട്ടേലിന്റെ ഏറ്റവും വലിയ പരിചയ സമ്പത്ത്. അഹമ്മദാബാദ് നഗരവികസന അതോറിറ്റിയുടെയും അഹമ്മദാബാദ് മുനിസിപ്പല്‍ കോര്‍പറേഷന്റെയും ചെയര്‍മാനുമായിരുന്നു. ആദ്യമായി മുഖ്യമന്ത്രി പദത്തിലേക്കെത്തുമ്പോള്‍ ബിജെപി ഗുജറാത്ത് ഘടകത്തിന്റെ ചുമലത വഹിക്കുകയായിരുന്നു അദ്ദേഹം.

logo
The Fourth
www.thefourthnews.in